ADVERTISEMENT

മെഴുവേലി ∙ നാടിന്റെ നവോത്ഥാനത്തിന്റെ പ്രതീകമാണു മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രം. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലത്തു സരസകവി മുലൂർ എസ്.പത്മനാഭ പണിക്കരുടെ നേതൃത്വത്തിലാണു ക്ഷേത്രം സ്ഥാപിച്ചത്.  പിന്നീടു ശ്രീനാരായണ ഗുരു മെഴുവേലി സന്ദർശിച്ച വേളയിൽ വിഗ്രഹത്തിലേക്കു ചൈതന്യം പകരുകയും ചെയ്തു.

ദേവക്ഷേത്രവും  സരസ്വതി ക്ഷേത്രവും ഒന്നു പോലെ ഉണ്ടാകണമെന്ന് ആഗ്രഹിച്ച ശ്രീനാരായണഗുരു ആൽത്തറയിൽ വിശ്രമിച്ച സമയത്താണ് ഇവിടെയൊരു പള്ളിക്കൂടം കൂടി വേണമെന്നു നിർദേശിച്ചത്. മുലൂരിന്റെ നേതൃത്വത്തിൽ ഗുരുവചനം അനുസരിച്ചു സ്ഥാപിച്ചതാണു പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ. 

ക്ഷേത്രചരിത്രം

119 വർഷം മുൻപ്് 1903ൽ മെഴുവേലിയിലുള്ള ഭക്തർ കുറച്ചകലെയുള്ള ക്ഷേത്രത്തിൽ വിളക്കു തെളിക്കാനും പ്രാർഥിക്കാനും പോയി. അവിടെയുണ്ടായിരുന്ന മേൽജാതിക്കാർ ഇതു നിഷേധിക്കുകയും അവരെ ആക്ഷേപിച്ചു മടക്കി അയയ്ക്കുകയും ചെയ്തു.  അന്നത്തെ സാമൂഹിക പരിഷ്കർത്താവായിരുന്ന മുലൂരിനെ കണ്ടു നാട്ടുകാർ സങ്കടം അറിയിച്ചു. സങ്കടത്തിനു പരിഹാരം കാണാൻ നാട്ടിലൊരു ക്ഷേത്രം നിർമിക്കാൻ മൂലൂർ തീരുമാനിച്ചു. വിളയിൽപറ കുടുംബക്കാർ സ്ഥലം സൗജന്യമായി നൽകി.

1905ൽ ഇടവംകോട്ട് മൂത്താശാരി ക്ഷേത്രത്തിനു ശിലാസ്ഥാപനം നടത്തി. 2 വർഷത്തിനുള്ളിൽ ഗുരുശിഷ്യനായ ശിവപ്രസാദ് സ്വാമികൾ ശിവചിത്രം ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. 1912ൽ നരസിംഹ സ്വാമികൾ ശിവലിംഗ പ്രതിഷ്ഠയും നിർവഹിച്ചു. അന്നത്തെ കാലത്തെ രീതിയിൽ നിന്നു വ്യത്യസ്തമായി എല്ലാ ജാതിക്കാർക്കും ക്ഷേത്രത്തിൽ പ്രവേശനവും അനുവദിച്ചു. പിന്നെയും ഒന്നര പതിറ്റാണ്ടിനു ശേഷമാണു കേരളത്തിൽ ക്ഷേത്ര പ്രവേശന വിളംബരം വന്നത്. 

1914ൽ മെഴുവേലി സന്ദർശിച്ച ശ്രീനാരായണ ഗുരു ശിവലിംഗത്തിലേക്കു ചൈതന്യം പകരുകയും ചെയ്തു. ഇതാണ് ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രം. 2007 ൽ നടത്തിയ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിന്റെ പുനർനിർമാണവും പുനപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും നടത്തി. ഉപദേവന്മാരായി സുബ്രഹ്മണ്യൻ, ഗണപതി, ശാസ്താവ്, ദേവി, രക്ഷസ്, നാഗം എന്നിവയും ശ്രീനാരായണ ഗുരുമന്ദിരവും ക്ഷേത്രത്തിൽ സ്ഥാപിച്ചു. 

ഉത്സവവിശേഷം

ശിവരാത്രി മുതൽ 6 ദിവസമാണ് ഉത്സവം. ശിവരാത്രിക്കു കൊടിയേറി ആറാം ദിവസം ആറാട്ടോടെ സമാപിക്കും. മൂന്നാം ഉത്സവ ദിനത്തിൽ കഥകളിയാണു പ്രാധാന്യം.  അഞ്ചാം ഉത്സവത്തിനാണു പള്ളിവേട്ട. അന്ന് 18 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ  ക്ഷേത്രത്തിലെത്തും. തുണ്ടു‌കാട് ഗുരുമന്ദിരത്തിൽ നിന്നാണ് ആറാട്ടു ഘോഷയാത്ര തുടങ്ങുന്നത്. കൊടിയേറ്റിനും ആറാട്ടിനും അന്നദാനവും ഉണ്ടായിരിക്കും.  മകരത്തിലെ പുരൂരുട്ടാതി നാളിലാണ് പ്രതിഷ്ഠാ വാർഷികം. വൃശ്ചികം ഒന്നു മുതൽ 41 ദിവസമാണു മണ്ഡലചിറപ്പ്. ഇതിൽ 12 വിളക്ക് പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. 

എസ്എൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണു ക്ഷേത്രം. എസ്.എം.റോയി ചെയർമാനും കെ.എസ്.ശ്രീദേവി വൈസ് ചെയർമാനും കെ.സുരേഷ് കുമാർ കൺവീനറുമായ കമ്മറ്റിയാണ് ഭരണം നടത്തുന്നത്. ഈ മാസം 3, 4 തീയതികളിലും ദേവപ്രശ്നം നടത്തി പരിഹാരക്രിയകൾ ക്ഷേത്രത്തിൽ നടന്നുവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com