ADVERTISEMENT

മണിമലയാർ പമ്പാനദിയുടെ കൈവഴി എന്നാണു പൊതുധാരണ. എന്നാൽ രണ്ടും രണ്ടാണ്. നദിയുടെ എല്ലാ വ്യക്തിത്വവും പുലർത്തുന്നുണ്ട് മണിമല. അടുത്ത കാലത്ത്  രൗദ്രഭാവം പൂണ്ടതിനു പിന്നിൽ ആഗോള താപനഫലമായ തീവ്രമഴയ്ക്കു പങ്കുണ്ട്. പഴയ പാവം നദിയല്ല ഇന്ന് മണിമല. രാജ്യത്തുതന്നെ ആദ്യം പ്രളയമുന്നറിയിപ്പുയർത്തുന്ന ഭീകര രൂപിണി. പ്രളയമൊഴിഞ്ഞാൽ അടിത്തട്ട് തെളിച്ച് അസ്ഥികൂടമാവുകയും ചെയ്യും.  

പതിവായി തീവ്രമഴ
കാലാവസ്ഥാ മാറ്റം എന്താണെന്ന് അറിയണമെങ്കിൽ 2018 മുതലുള്ള മണിമലയാറിനെ പഠിച്ചാൽ മതി. അറബിക്കടലിൽ നിന്നുയരുന്ന കൂമ്പാര മേഘങ്ങൾ പീരുമേട് മലനിരകളിൽ തടഞ്ഞുനിന്നു ശക്തമായി പെയ്യുമ്പോൾ മണിമലയാറിനു കലിപ്പു തുടങ്ങും. പീരുമേട് മഴമാപിനിയിൽ 22 സെമീ മഴ രേഖപ്പെടുത്തിയതിന്റെ പിറ്റേന്ന് അപകടനിരപ്പ് കടന്നു. ഇടുക്കി, പീരുമേട് പ്രദേശത്തെ മഴ മുഴുവനും ഇങ്ങനെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് എത്തുന്നു. കാഞ്ഞിരപ്പള്ളിയുടെ വടക്കൻ പ്രദേശത്തെ പെയ്ത്തുനീരും ചിറ്റാർ തോടുവഴി മണിമലയാറ്റിലേക്ക് എത്തുന്നു.

വൃഷ്ടി പ്രദേശം വിശാലമായി; മണിമലയെ ഗൗരവത്തിലെടുക്കണം
കിഴക്കു പെയ്യുന്ന രാത്രിമഴ പിറ്റേന്ന് ഉച്ചയോടെ അപ്പർകുട്ടനാട്ടിലെത്തുന്നു എന്നതാണ് ഇപ്പോഴത്തെ അനുഭവം. തോടുകളും കൈവഴികളും അടഞ്ഞതോടെ ഓടുന്ന വെള്ളത്തെ പിടിച്ചുനിർത്താൻ പ്രകൃതിദത്ത മാർഗങ്ങളില്ലാതായി. മലകളുടെയും പാറകളുടെയും തലയറ്റതോടെ പിടിച്ചു നിൽക്കാനാവാതെ വെള്ളം ആർത്തിയോടെ, കലിതുള്ളി, വശങ്ങളെ കാർന്നുതിന്ന് തിട്ടയിടിച്ച് ഒഴുകുന്നു. മണിമലയാറിനെ കുറച്ചുകൂടി ഗൗരവത്തിലെടുക്കണമെന്നതാണ് ഇതിൽ നിന്നുള്ള പാഠം. ഇടുക്കി ഏലപ്പാറയ്ക്കു പടിഞ്ഞാറുനിന്നാണ് ആറിന്റെ തുടക്കം. ഏന്തയാർ വരെയുള്ള മഴയെ മുഴുവൻ സ്വീകരിച്ച് മുണ്ടക്കയത്തെത്തും. ശബരിമലയ്ക്കു പടിഞ്ഞാറുള്ള കൈവഴിയും മുണ്ടക്കയത്തിനു മുകളിൽ കുറുവാംമൂഴി കോസ്‌വേയിൽ സംഗമിച്ച് താഴേക്ക് ഒഴുകുന്നു. 

വിഴിക്കത്തോട്, ചേനപ്പാടിവഴി പഴയിടത്ത് എത്തുമ്പോൾ കാഞ്ഞിരപ്പള്ളി ടൗണിലൂടെയുള്ള ചിറ്റാർ തോട് ഇളങ്കാവിനു സമീപംവന്ന് മണിമലയിൽ ചേരുന്നു. കാഞ്ഞിരപ്പള്ളി, പൊൻകുന്നം മേഖലയിലെ മുഴുവൻ വെള്ളവും ചിറ്റാർ തോടുവഴി മണിമലയ്ക്കാണ്. മണിമലയെത്തുന്നതോടെ വീതിയും വലുപ്പവുംവച്ച് പൂർണനദിയായി മാറുന്നു. കടൂർക്കടവ് പാലം കടക്കുന്നതോടെ പത്തനംതിട്ട ജില്ലയായി. കോട്ടാങ്ങൽ, ചുങ്കപ്പാറ, മല്ലപ്പള്ളി, വെണ്ണിക്കുളം, കല്ലൂപ്പാറ വഴി വള്ളംകുളം പാലത്തിൽ ടികെ റോഡും കുറ്റൂർ പാലത്തിൽ എംസി റോഡും കടന്ന് താഴേക്കുപോകുന്നു.

കല്ലൂപ്പാറ പെരുമ്പടി പനയമ്പാല തോടും കറ്റോട്ട് കവിയൂർ പുഞ്ചയിൽനിന്നുള്ള ചീപ്പും ലയിക്കുന്നു.  മനുഷ്യനിർമിതമായ കുത്തിയതോട്ടിലെത്തി തെക്ക് പാണ്ടനാട് ഭാഗത്തുനിന്നുള്ള വിശാലപമ്പയിൽ ലയിക്കുന്നു. ഇതിനുമുൻപ് ഇരമല്ലിക്കര ഭാഗത്തുനിന്ന് വെൺപാല ചുറ്റി തിരുവല്ലയിലേക്ക് ഒരു കൈവഴി പോകുന്നുണ്ട്. ഇത് ഒരു ദ്വീപ് സൃഷ്ടിച്ച് വീണ്ടും മണിമലയിൽ ലയിക്കുന്നു. തുടർന്നു നീരേറ്റുപുറം പാലത്തിനടിയിലൂടെ വടക്ക് മുട്ടാറും കടന്ന് വേമ്പനാടുകായലിൽ വിലയം പ്രാപിക്കുന്നു.

ടികെ റോഡിലെ പാടത്തുപാലം, നെല്ലാട്, ഇരവിപേരൂർ ഭാഗത്ത് മണിമലയാർ കവിഞ്ഞ് റോഡിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. മുൻപ് ഈ പ്രശ്നം ഇല്ലായിരുന്നു. ഇതിനു മരാമത്ത് വിഭാഗവും പഞ്ചായത്തും ജലസേചന വകുപ്പും ചേർന്ന് പരിഹാരം കണ്ടെത്തണം. പൂവപ്പുഴ തടയണയുടെ ഭാഗത്ത് നദി ‘റ’ ആകൃതിയിൽ വളഞ്ഞുപുളഞ്ഞാണ് ഒഴുകുന്നത്. കനത്ത മഴയിൽ വെള്ളം തെക്കോട്ട് ഇരച്ചൊഴുകാൻ ഇതു കാരണമാകുന്നു. വള്ളംകുളം, ഇരവിപേരൂർ ഭാഗങ്ങളിലെ തോടുകളും പാടങ്ങളും പാടത്തു പാലവും മറ്റും നീരൊഴുക്കിനായി സുഗമമാക്കണം. വരട്ടാറിനെയും മണിമലയെയും സംയോജിപ്പിച്ച് വെള്ളപ്പൊക്ക ആഘാതം ലഘൂകരിക്കാൻ നടപടി വേണം. മണിമലയാറിനു ഡാം എന്ന ആശയവും ചർച്ച ചെയ്യപ്പെടേണ്ട സമയമാണിത്.– ജോർജ് മാമ്മൻ കൊണ്ടൂർ ജില്ലാ പഞ്ചായത്ത്  മുൻ ഉപാധ്യക്ഷൻ

മണിമലയാറ്റിലെ വെള്ളപ്പൊക്കത്തിൽനിന്നു അപ്പർകുട്ടനാടിനെ രക്ഷിക്കാൻ മണിമല റിവർ ബേസ് അതോറിറ്റി രൂപീകരിച്ചു വെള്ളപ്പൊക്ക നിയന്ത്രണ നടപടികൾക്ക് വേഗം കൂട്ടണം. 2018 നു മുൻപ് പമ്പ, അച്ചൻകോവിൽ, മീനച്ചിൽ എന്നിവ കരകവിഞ്ഞ ശേഷമായിരുന്നു മണിമലയാറ്റിൽ വെള്ളപ്പൊക്കം. ഇപ്പോൾ രണ്ടുദിവസം തുടർച്ചയായി മഴ പെയ്താൽ മണിമലയാർ കരകവിയും. നദീമധ്യത്തിൽ മൺപുറ്റുകൾ ഉണ്ടാകുന്നതും വെള്ളത്തിന്റെ ഗതിമാറ്റുന്നു. ഡാമുകൾ ഇല്ലാത്തതിനാൽ വരുന്ന വെള്ളം അതുപോലെ ഒഴുകി കടലിൽ പതിക്കുകയാണ് പതിവ്. പാരിസ്ഥിതിക ദോഷമില്ലാതെ ഡാം നിർമിക്കാൻ പറ്റുമോ എന്നതും പരിശോധിക്കണം.– വി.ആർ.രാജേഷ് കുറ്റൂർ

വീതി കുറഞ്ഞ് വളഞ്ഞുപുളഞ്ഞൊഴുകുന്നതിനാൽ മണിമലയാറ്റിലൂടെ അതിശക്തമായ ഒഴുക്കാണ്. വർഷാവർഷം ശുചീകരിച്ച് വെള്ളപ്പൊക്കം നേരിടാൻതക്ക രീതിയിൽ തോടുകൾ ഒരുക്കിയിടുക എന്നതാണ് അപ്പർകുട്ടനാട്ടിൽ വേണ്ടത്. തദ്ദേശ സ്ഥാപനങ്ങളും ഇതിൽ മുൻകയ്യെടുക്കുന്നത് അഭികാമ്യമാണ്. 2018ൽ അടിഞ്ഞ എക്കൽ ഇതുവരെയും പൂർണമായും മാറിയിട്ടില്ല. ഇതു വാരിമാറ്റിയാൽ ചിലയിടത്ത് മണൽ കിട്ടും. മടക്കിവയ്ക്കാവുന്ന ഇരുമ്പുപാലങ്ങളും പരിഗണിക്കാം.– ഡോ.പി.എസ്.കോശി എക്സിക്യൂട്ടീവ് എൻജിനീയർ, ചെറുകിട ജലസേചന വിഭാഗം.

English Summary : Story about Manimala River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com