ദേശസ്നേഹത്തിന് സല്യൂട്ട് നൽകി 84–ാം പിറന്നാളിലും ജോസഫ്
Mail This Article
തിരുവല്ല ∙ പെരിങ്ങര പഞ്ചായത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയത് അഖണ്ഡഭാരതത്തിന്റെ അതിരുകാത്ത കാവൽഭടൻ. രണ്ട് ഇന്ത്യ–പാക്ക് യുദ്ധങ്ങളിലും ബ്ലൂ സ്റ്റാർ ഓപ്പറേഷനിലും പങ്കെടുത്ത് അതിർത്തിരക്ഷാ സേനയിൽ തിളങ്ങിയ പെരുന്തുരുത്തി കുന്നേൽ തൂമ്പുങ്കൽ കെ. ഇ. ജോസഫിനെയാണ് സ്വാതന്ത്ര്യദിന പതാക ഉയർത്താൻ ക്ഷണിച്ച് പഞ്ചായത്ത് ആദരിച്ചത്.
മേരി മട്ടി മേരാ ദേശ്, അമൃത സരോവർ പദ്ധതിയായ ഓടേക്കുഴി പൊതു കുളത്തിലായിരുന്നു ചടങ്ങ്. സേനയിലായിരിക്കുമ്പോഴും വിരമിച്ച ശേഷവും സാഹിത്യ കലാപ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നു എന്നതാണ് ജോസഫിനെ വ്യത്യസ്ഥനാക്കുന്നത്. 2 ദിവസം കൂടി കഴിഞ്ഞാൽ ജോസഫിന്റെ 84–ാം ജന്മദിനമെത്തുകയാണ്. ആയിരം പൂർണ ചന്ദ്രനെ ദർശിക്കുന്ന ജീവിത മുഹൂർത്തം. മുൻ സേനാംഗങ്ങളെ ഈ ചടങ്ങിൽ പങ്കെടുപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് ജോസഫിനെ ക്ഷണിച്ചതെന്ന് പ്രസിഡന്റ് മാത്തൻ ജോസഫ് പറഞ്ഞു. രണ്ട് ഇന്ത്യ–പാക്ക് യുദ്ധങ്ങളിലും
സിഖ് തീവ്രവാദികളെ നേരിടാൻ 1984 ജൂൺ 1 ന് നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാറിലും കരസേനയുടെ വഴികാട്ടിയായി ചുമതല നിർവഹിച്ചത് ജോസഫായിരുന്നു. 1984 ഒക്ടോബറിൽ പഞ്ചാബ് പ്രദേശ് കോൺഗ്രസ് അധ്യക്ഷനും എംപിയുമായിരുന്ന ആർ.എൽ ഭാട്യക്ക് നേരെ വധശ്രമമുണ്ടായി.
തുടർന്നു ഭാട്യയുടെ സുരക്ഷാ ചുമതല ജോസഫിന്റെ നേതൃത്വത്തിലുള്ള ബിഎസ്എഫ് സംഘത്തിനായിരുന്നു. മണിപ്പുരിലും ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു. കേരള ഗവർണറായി പിന്നീട് ഭാട്യ എത്തിയതും തിരുവല്ലയിലെ ചടങ്ങിൽ ഇരുവരും സൗഹൃദം പുതുക്കിയതും നല്ല ഓർമകളായി സൂക്ഷിക്കുന്നു. തിരുവല്ലയുടെ സാമൂഹിക രംഗത്ത് ഇപ്പോഴും സജീവമാണ്. ലില്ലിക്കുട്ടിയാണു ഭാര്യ.