രാജ്യത്തിനുവേണ്ടി ആദിത്യന് കളത്തിലിറങ്ങണം; ചെലവിന് വേണ്ടത് ഒന്നേകാൽ ലക്ഷം രൂപ
Mail This Article
ഇരവിപേരൂർ ∙ കഴിഞ്ഞ ദിവസം ഒളിംപിക്സ് ഇനമായി തിരഞ്ഞെടുത്ത ഫ്ലാഗ് ഫുട്ബോളിൽ രാജ്യത്തിനുവേണ്ടി കളിക്കളത്തിലിറങ്ങുന്ന താരത്തിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. മലേഷ്യയിൽ നടക്കുന്ന മത്സരത്തിന് പോകാൻ ഒന്നേകാൽ ലക്ഷം രൂപ വേണം. ഇതിനും മാർഗമില്ല. അങ്കണവാടിയിലേക്ക് ന്യൂട്രിമിക്സ് നിർമിക്കുന്ന കുടുംബശ്രീ യൂണിറ്റിൽ ജോലി ചെയ്യുന്ന മാതാവ് ടി.എ.ജയശ്രീക്കു കിട്ടുന്ന ചെറിയ വരുമാനത്തിൽ മകൻ കേരളത്തെ ദേശീയ മത്സരത്തിൽ റണ്ണറപ്പാക്കി മാറ്റി.
ഇരവിപേരൂർ കോഴിമലയിൽ ചാരുംമൂട്ടിൽ വീട്ടിൽ ജയശ്രീയും മക്കളായ ആദിത്യനും ആര്യനന്ദയുമാണുള്ളത്. ഭർതൃമാതാവിന്റെ സഹോദരിയുടെ വീട്ടിലാണ് ഇവർ താമസം. ചങ്ങനാശേരി എസ്ബി കോളജിൽ മൂന്നാം വർഷ ഡിഗ്രിക്കു പഠിക്കുന്ന ആദിത്യനും ഒന്നാം വർഷ ഡിഗിക്കു പഠിക്കുന്ന ആര്യനന്ദയും കോളജിലെ കായികതാരങ്ങളാണ്. ആര്യനന്ദ സ്കൂൾ ഗെയിംസിൽ സംസ്ഥാനതലത്തിൽ വരെ മത്സരിച്ചിട്ടുണ്ട്.
ഈ മാസം 26 മുതൽ 29 വരെ മലേഷ്യയിലെ ക്വാലലംപുരിൽ നടക്കുന്ന ഏഷ്യാ-ഓഷ്യാനിക് ഫ്ലാഗ് ഫുട്ബോൾ മത്സരത്തിലേക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് ആദിത്യൻ തിരഞ്ഞെടുക്കപ്പെട്ടത്. ഒളിംപിക്സിൽ വരെ എത്തിയെങ്കിലും അമേരിക്കൻ കായിക ഇനമായ ഫ്ലാഗ് ഫുട്ബോളിനെ സർക്കാരുകളോ സ്പോർട്സ് കൗൺസിലുകളോ അംഗീകരിച്ചിട്ടില്ല. അതുകാരണം ഇവരുടെ ചെലവുകൾ സ്വന്തമായി കണ്ടെത്തണം.
മലേഷ്യയിൽ നടക്കുന്നത് ഏഷ്യാ-ഓഷ്യാനിക് മേഖലയിലെ മത്സരമാണ്. ഇവിടെ വിജയിച്ചാൽ 2024 ഒക്ടോബറിൽ ഫിൻലൻഡിൽ നടക്കുന്ന രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാം. ഹൈദരാബാദിൽ ഇന്നലെ തുടങ്ങിയ പരിശീലന ക്യാംപിലാണ് ആദിത്യൻ. 24 വരെയാണ് ക്യാംപ്.
അതിനുശേഷം മലേഷ്യയ്ക്കു പോകണം. അതിനു മുൻപ് ഒന്നേകാൽ ലക്ഷം രൂപ കിട്ടിയാൽ ആദിത്യന് മലേഷ്യയിലെത്തി ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ കഴിയും.