ADVERTISEMENT

പത്തനംതിട്ട ∙ അഴൂർ ജംക്‌‌ഷനു സമീപം ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു മറിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഗി ഉൾപ്പെടെ 3 പേർക്കു പരുക്ക്. ഓട്ടോ ഡ്രൈവർ ജോൺസൺ, യാത്രക്കാരായ വി.കോട്ടയം കൈതക്കര കലുകുംവാതുക്കൽ അനിൽ, (55) ഭാര്യ സ്മിത (45) എന്നിവരെ പരുക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

താഴൂർക്കടവ്, പ്രമാടം റോഡുകൾ സംഗമിക്കുന്ന ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 2.10ന് ആയിരുന്നു അപകടം. നഗരത്തിൽ നിന്ന് അമിതവേഗത്തിൽ വന്ന ഓട്ടോ എതിരെ വന്ന ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്മിതയുടെ കാൽ ഓടിഞ്ഞു പ്ലാസ്റ്റർ ഇട്ടിരിക്കുകയായിരുന്നു. കോന്നി മെഡിക്കൽ കോളജിൽ എത്തി ഡോക്ടറെ കണ്ട ശേഷം പത്തനംതിട്ടയിലെ ബാങ്കിലും കയറി കൈതക്കരയിലെ വീട്ടിലേക്കു പോകുകയായിരുന്നു അനിലും ഭാര്യ സ്മിതയും.

ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ അമിത വേഗത്തിൽ വന്ന മറ്റൊരു ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ 15 അടി താഴ്ചയുള്ള കൊറ്റൻതോട്ടിലേക്ക് മറിഞ്ഞു വെള്ളം ഒഴുകുന്ന തോടാണിത്. അഗ്നിരക്ഷാസേന എത്തിയാണു പരുക്കേറ്റവരെ രക്ഷിച്ചത്. വടം കെട്ടി സേനാംഗങ്ങൾ തോട്ടിൽ ഇറങ്ങി ഇവരെ വലയ്ക്കുള്ളിലാക്കി വലിച്ചു കയറ്റുകയായിരുന്നു. സ്മിതയുടെ കാൽ പ്ലാസ്റ്റർ ഇട്ടിരുന്നതിനാൽ വലയ്ക്കുള്ളിലാക്കാനും വലിച്ചു കയറ്റാനും ഏറെ പണിപ്പെട്ടു.

ഫയർ ഓഫിസർ എ.ആർ.ജയരാജ്, എ.ജി.അരുൺ, ഡ്രൈവർ ഇ.നൗഷാദ്, എസ്.സുബിൻ, സേനാംഗങ്ങളായ സതീഷ് കുമാർ, ഷാഫ്ജി കുമാർ, എ.മൻസൂർ, ഹോംഗാർഡുമാരായ ടി.സുജ, റോസമ്മ ജോസഫ്, സിവിൽ ഡിഫൻസ് അംഗങ്ങളായ അശ്വിൻ, വിഷ്ണു എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമിതവേഗത്തിൽ വന്ന ഓട്ടോ മറ്റ് 2 വാഹനങ്ങളിൽ തട്ടിയ ശേഷമാണ് ഓട്ടോയിൽ ഇടിച്ചത്.

മുൻവശത്തെ ചില്ല് പൊട്ടുകയും വശം ഇടിച്ചു കയറുകയും ചെയ്തിട്ടും അപകടത്തിനു ശേഷം ഡ്രൈവർ ഓട്ടോയുമായി കടന്നു. ചുട്ടിപ്പാറ കോളജിലെ വിദ്യാർഥികൾ പിന്നാലെ പാഞ്ഞ് കൊടുന്തറ ഭാഗത്ത് എത്തിയപ്പോൾ ബൈക്ക് കുറുക്കിട്ട് ഓട്ടോ തടഞ്ഞിട്ടു. പിന്നീട് പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com