ലൈഫ് പദ്ധതി വിഹിതം കാത്തിരിക്കുന്നവർക്ക് ഗോപിയുടെ അതേ മനോവിഷമം: രമേശ്
Mail This Article
ഓമല്ലൂർ∙ ഗോപിയുടെ അതേ മനോവിഷമമാണു ലൈഫ് പദ്ധതി വിഹിതം കാത്തിരിക്കുന്ന സംസ്ഥാനത്തെ നൂറുകണക്കിന് ആളുകൾ അനുഭവിക്കുന്നതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഓമല്ലൂർ പള്ളം പറയനാലി ബിജു ഭവനത്തിൽ ഗോപിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടിന്റെ നിർമാണം പൂർത്തിയാക്കാമെന്ന പ്രതീക്ഷ നശിച്ചതോടെയാണു ഗോപി ജീവനൊടുക്കിയതെന്നാണ് അദ്ദേഹത്തിന്റെ മകൾ ടി.ജി.ബിന്ദുമോൾ പറഞ്ഞത്. ഗോപിയുടെ വിഷയം നിയമസഭയിൽ ഉന്നയിക്കും. അദ്ദേഹത്തിന്റെ വീടിന്റെ മുടങ്ങിക്കിടക്കുന്ന വീടിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാനും ഭാര്യ ലീലയുടെ സഹായത്തിന് ആവശ്യമായ സഹായം നൽകാനും സർക്കാരിനോട് ആവശ്യപ്പെടും.
ലൈഫ് പദ്ധതിയിൽ പഞ്ചായത്തിൽനിന്നുള്ള വിഹിതം നൽകിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എന്നോടു പറഞ്ഞത്. സർക്കാരിൽനിന്നു ലഭിക്കേണ്ട വിഹിതവും ഹഡ്കോയിൽനിന്നു കിട്ടേണ്ട തുകയും വൈകിയതാണു ഗോപിയുടെ കാര്യത്തിൽ തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് വീടുവച്ചു നൽകാമെന്ന എൽഡിഎഫിന്റെ വാഗ്ദാനം വിശ്വസിച്ച് 7 ലക്ഷത്തോളം പേരാണ് അപേക്ഷ നൽകിയത്. ഒരാൾക്കും വീടു ലഭിച്ചില്ല. ഇതിന്റെ പരിശോധന പല പേരിൽ നടത്തുന്നതല്ലാതെ പുതിയ വീടുകൾ ആർക്കും നൽകുന്നില്ല.
നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പദ്ധതി തുകയായ 4 ലക്ഷം രൂപ കൊണ്ട് വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നതു മറ്റൊരു വാസ്തവം– രമേശ് ചെന്നിത്തല പറഞ്ഞു. ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, പി.മോഹൻരാജ്, വെട്ടൂർ ജ്യോതി പ്രസാദ്, നഹാസ് പത്തനംതിട്ട, ലിനു മാത്യു, സജി വർഗീസ്, തട്ടയിൽ ഹരികുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.