ദുരിതമൊഴിയാതെ പത്തനംതിട്ട; കണ്ണങ്കരയിൽ വാഹനയാത്രക്കാരെ വലയ്ക്കുന്ന ചപ്പാത്ത്
Mail This Article
പത്തനംതിട്ട ∙ കുമ്പഴ റോഡിൽ കണ്ണങ്കരയിൽ പുതിയതായി റോഡിന് കുറുകെ നിർമിച്ച ചപ്പാത്ത് വാഹനയാത്രക്കാർക്ക് അപകടക്കെണിയാകുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ വാഹനങ്ങൾ മറിയുന്നതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു. തകർന്നു തരിപ്പണമായി കിടന്ന റോഡ് കഴിഞ്ഞ ദിവസങ്ങളിലാണ് ടാർ ചെയ്തത്. ഇതിനോടനുബന്ധിച്ചാണ് വെള്ളം ഒഴുകിപ്പോകാൻ പുതിയതായി ചപ്പാത്ത് നിർമിച്ചത്. അബാൻ ജംക്‌ഷനിൽ നിന്ന് കുമ്പഴയിലേക്കു പോകുമ്പോൾ ഈ ഭാഗത്തുള്ള ഇടതുവശത്തെ ഓട വെള്ളം ഒഴുകാനാകാത്തവിധം മണ്ണും ചെളിയും കയറി അടഞ്ഞിരിക്കുകയാണ്.
ഇത് ശരിയാക്കാൻ മിനക്കെടാതെ ഈ ഭാഗത്തെ വെള്ളം മറുവശത്തെ ഓടയിലേക്ക് ഒഴുക്കിവിടാനാണ് റോഡിന് കുറുകെ ചപ്പാത്ത് നിർമിച്ചിരിക്കുന്നത്. ഇവിടെ ചപ്പാത്ത് ഉള്ളതായി മുന്നറിയിപ്പ് ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടുമില്ല. റോഡ് നവീകരിച്ചതോടെ കുമ്പഴയിൽ നിന്ന് ആനപ്പാറ ഭാഗത്തെ ഇറക്കം ഇറങ്ങി വേഗത്തിൽ വരുന്ന വാഹനങ്ങൾ ചപ്പാത്തിൽ വന്ന് ചാടിക്കഴിയുമ്പോൾ മാത്രമാണ് ഇങ്ങനെയൊന്ന് ഇവിടെയുണ്ടെന്ന് കാണുക.
കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ ളാക്കൂർ സ്വദേശി ഹരികൃഷ്ണന്റെ ബൈക്ക് ചപ്പാത്തിൽ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് ഹരികൃഷ്ണന് കൈയ്ക്കും മുഖത്തും പരുക്കേറ്റിരുന്നു. ഇന്നലെ പകൽ പെട്ടി ഓട്ടോറിക്ഷ ഇവിടെ മറിഞ്ഞതായി വ്യാപാരികൾ പറഞ്ഞു. അശാസ്ത്രീയമായി നിർമിച്ച ചപ്പാത്ത് എത്രയും വേഗം മാറ്റി ഇവിടം അപകടമേഖലയാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
പത്തനംതിട്ട കെഎസ്ആർടിസി: ഇതാണ് ആസൂത്രണം; മഴ പെയ്താൽ ചെളിയിൽ മുങ്ങി പണിയെടുക്കാം
പത്തനംതിട്ട∙ മാനത്ത് കാർമേഘം കണ്ടാൽ കെഎസ്ആർടിസി ഗാരിജിലെ ജീവനക്കാർക്ക് ആധിയാണ്. മഴ പെയ്താൽ ചെളിവെള്ളത്തിൽ നിന്നു വേണം ജോലി ചെയ്യാൻ. വർക് ഷോപ്പിലേക്കാണ് സ്റ്റാൻഡിലെ മഴവെള്ളം മുഴുവൻ ഒഴുകിയെത്തുന്നത്. മണ്ണിട്ട് ഉയർത്തി യാഡ് നിർമിച്ചപ്പോൾ വർക്ക് ഷോപ്പ് ഭാഗം ഉയർത്തി നിർമിക്കാത്തതാണു പ്രശ്നത്തിനു കാരണം. ബസ് സ്റ്റാൻഡ് യാഡ് വിശാലമായി നിർമിച്ചതോടെ വർക്ക് ഷോപ്പിനുള്ള സ്ഥലവും കുറഞ്ഞു.
1980ൽ നിർമിച്ച വർക് ഷോപ്പിൽ ഒരേ സമയം 15 ബസിന്റെ വരെ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ 5 ബസിന്റെ അറ്റകുറ്റപ്പണികൾ പോലും ഒരേ സമയം ചെയ്യാൻ കഴിയില്ല. പുതിയ ടെർമിനലിനോടു ചേർന്നു നിർമിച്ച ശുചിമുറിയിലെ മലിനജലം പരന്നൊഴുകി വർക് ഷോപ്പിന്റെ ഒരു വശത്തേക്കിറങ്ങി കെട്ടിക്കിടക്കുന്നു.
ശക്തമായ മഴയിൽ ചെളിവെള്ളത്തിനൊപ്പം ഇതു കൂടി കലർന്നാണു വർക്‌ഷോപ്പിനുള്ളിലേക്കു പരക്കുന്നത്. ഇവിടെ ശുചിമുറി നിർമിച്ചിട്ടുള്ളത് ഗാരിജിന്റെ താഴ്ന്ന ഭാഗത്താണ്. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമായതിനാൽ മാലിന്യ ടാങ്ക് നിറഞ്ഞു ശുചിമുറി വഴി മാലിന്യം പുറത്തേക്കു ഒഴുകുന്നുണ്ട്.
ഇവിടെയാണ് ജീവനക്കാർക്കുള്ള കുഴൽ കിണർ നിർമിച്ചിട്ടുള്ളത്. മലിനജലം കുടിക്കാൻ കഴിയാത്തതിനാൽ പണം നൽകി വെള്ളം വാങ്ങി കുടിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. ജില്ലയിലെ ബസുകളുടെ അറ്റകുറ്റപ്പണിയും ശബരിമല സ്പെഷൽ സർവീസിന്റെ പ്രധാന പണികളും ചെയ്യേണ്ടത് ഇവിടെയാണ്.
ഗാരിജിന്റെ ആധുനികവൽക്കരണത്തിനായി 4.67 കോടി അനുവദിച്ചെങ്കിലും ഒന്നും നടന്നിട്ടില്ല. മെക്കാനിക്കുകൾ കുറവായതിനാൽ ഉള്ളവർക്ക് പിടിപ്പതു പണിയാണ്. ബസിന്റെ അടിയിലുള്ള പണികൾ ചെയ്യാൻ റാംപ് നിർമിച്ചിട്ടുണ്ട്. മഴക്കാലമായാൽ ഇവിടെ വെള്ളം നിറയുന്നതിനാൽ പിന്നീട് കാർഡ് ബോർഡോ ഷീറ്റോ ഇട്ട് വാഹനത്തിന് അടിയിൽ കിടന്ന് ജോലി ചെയ്യണം.ഗാരിജിന്റെ രണ്ടു വശം കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തു ശല്യവുമുണ്ട്.