സ്വപ്ന വിമാനമേറി വിസ്മയ ആകാശയാത്ര
Mail This Article
റാന്നി ∙ വീടുകൾക്കു മുകളിലൂടെ പറന്നു പോകുന്ന വിമാനങ്ങൾ മാത്രം കണ്ടിരുന്ന കുട്ടികൾക്ക് ആകാശ യാത്ര സാധ്യമായപ്പോൾ വിസ്മയവും കൗതുകവും. തിരുവനന്തപുരത്ത് വിമാനത്തിൽ നിന്നിറങ്ങിയ കുഞ്ഞുങ്ങളുടെ കണ്ണുകളിൽ കണ്ടത് ചാരിതാർഥ്യത്തിന്റെ തിളക്കം.നാറാണംമൂഴി, പരുവ എന്നീ ഗവ. എൽപി സ്കൂളിലെ 26 കുട്ടികളാണ് ആദ്യമായി വിമാന യാത്ര നടത്തിയത്. നെടുമ്പാശേരിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ തലസ്ഥാനത്തു പറന്നിറങ്ങാൻ സൗകര്യമൊരുക്കിയത് സ്കൂളുകളിലെ പ്രഥമാധ്യാപകരും ദമ്പതികളുമായ അനിൽ ബോസും അനില മെറാഡുമാണ്.
പ്രമോദ് നാരായൺ എംഎൽഎക്കൊപ്പമായിരുന്നു കുട്ടികളുടെ യാത്ര. രക്ഷിതാക്കളും അധ്യാപകരുമുണ്ടായിരുന്നു. നാറാണംമൂഴി ഗവ. എൽപി സ്കൂളിലെ 7 പട്ടികവർഗ കുട്ടികൾ അടക്കം 20 പേരും പരുവ സ്കൂളിലെ 6 കുട്ടികളുമായിരുന്നു സംഘത്തിൽ. 2 വിമാനത്താവളങ്ങളും വിമാനങ്ങളും അടുത്ത കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ. പുത്തൻ അനുഭവങ്ങൾ അവർ പങ്കിട്ടു. നാടിന്റെ മറ്റൊരു മുഖം കുട്ടികൾക്കു മുന്നിൽ അവതരിപ്പിക്കാനാണ് പ്രഥമാധ്യാപക ദമ്പതികൾ യാത്ര ഒരുക്കിയത്. സ്വന്തം നാടിനു പുറത്തുള്ള ലോകം കുട്ടികൾക്കു കാട്ടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം.