ADVERTISEMENT

സീതത്തോട് ∙ ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിൽ ആളുമാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു. ഡിഎൻഎ പരിശോധനകൾക്കു സാംപിളുകൾ ശേഖരിച്ച ശേഷം പഴവങ്ങാടി പഞ്ചായത്ത് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ഡിസംബർ 29ന് നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ കണ്ടെത്തിയ മൃതദേഹം മഞ്ഞത്തോട് കോളനിയിലെ രാമൻ ബാബുവിന്റെയാണെന്നു ബന്ധുക്കളടക്കം നിലയ്ക്കൽ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിറ്റേ ദിവസം കോളനി വക സ്ഥലത്ത് മൃതദേഹം സംസ്കരിച്ചു.

എന്നാൽ മരിച്ചെന്നു കരുതിയ രാമൻ ബാബുവിനെ ശനിയാഴ്ച കൊക്കാത്തോട് കോട്ടാംപാറ ആദിവാസി കോളനിക്കു സമീപം കണ്ടെത്തി. തുടർന്ന് രാമൻ ബാബുവിനെ കോന്നിയിലും നിലയ്ക്കൽ പൊലീസ് സ്റ്റേഷനിലും എത്തിച്ച് മക്കൾ അടക്കമുള്ളവർ തിരിച്ചറിഞ്ഞതോടെയാണ് ആളുമാറി മൃതദേഹം സംസ്കരിച്ചതെന്ന് അധികൃതർ തിരിച്ചറിഞ്ഞത്.

മൃതദേഹം പുറത്തെടുക്കുന്നതറിഞ്ഞ് കോളനിയിൽ നിന്നു രാമൻ ബാബുവിന്റെ മക്കളായ ബോസ്, അഴകൻ, വനരാജൻ, ബേബി എന്നിവരടക്കം ഒട്ടേറെപ്പേർ എത്തിയിരുന്നു. പുറത്തെടുത്ത മൃതദേഹം പരിശോധന നടപടികൾക്കു ശേഷം പഴയ കുഴിമാടത്തിൽ തന്നെ അടക്കുന്നതു സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർ കോളനി നിവാസികളോടു അഭിപ്രായം തേടിയപ്പോൾ ഇവർ വിയോജിപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് പൊതുശ്മശാനത്തിൽ അടക്കം ചെയ്തത്. 

ഇന്നലെ രാവിലെ റാന്നി തഹസിൽദാർ എം.കെ.അജികുമാർ, റാന്നി ഡിവൈഎസ്പി ആർ.ബിനു, പെരുനാട് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്ഐമാരായ അനീഷ്, എസ്.സന്തോഷ്കുമാർ, ഫോറസ്റ്റർ കെ.ആർ.ദിലീപ്, പെരുനാട് വില്ലേജ് ഓഫിസർ സാജൻ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

 തുടർന്ന്  പൊലീസ് സർജൻ ബിജു ജയിംസിന്റെ നേതൃത്വത്തിൽ ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിളുകൾ ശേഖരിച്ചു. വിരലടയാള– ഫൊറൻസിക് വിഭാഗത്തിലെ ടി.കെ.ശ്രീജ, കെ.പി.രമ്യ, ജയദേവ് എന്നിവർ അടങ്ങിയ സംഘത്തിന്റെ പരിശോധനകൾക്കു ശേഷം മൃതദേഹം സംസ്കരിക്കുകയായിരുന്നു. ആദ്യം സംസ്കരിച്ചപ്പോൾ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com