അതിരാവിലെ പൊലീസ്; അമ്പരപ്പ് മാറാതെ രാഹുലിന്റെ കുടുംബം
Mail This Article
അടൂർ ∙ യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് മുണ്ടപ്പള്ളിയിലുള്ള വീട്ടിൽ എത്തി അറസ്റ്റ് ചെയ്തത് അപ്രതീക്ഷിതമായി. കന്റോൺമെന്റ് പൊലീസ് ഇന്നലെ പുലർച്ചെ ഇവിടെ എത്തി സഹായം തേടിയപ്പോഴാണ് അടൂർ പൊലീസ് പോലും അറിയുന്നത്. രണ്ടു സംഘവും 3 ജീപ്പിലായി 5.30ന് ആണു രാഹുലിന്റെ വീട്ടിലെത്തി വീടുവളഞ്ഞത്. രാഹുലിന്റെ ബന്ധുവായ ഷിബു ഉണ്ണിത്താൻ ഈ സമയത്ത് അവിടേക്ക് വന്നു. പൊലീസ് സംഘം വീടിന്റെ വാതിലുകളും ജനലുകളിലുമെല്ലാം തട്ടി വിളിച്ചപ്പോഴേക്കും ബഹളം കേട്ടു രാഹുലിന്റെ അമ്മ കതകു തുറക്കുമ്പോൾ മുറ്റത്തു നിറയെ പൊലീസ്. പെട്ടെന്ന് എന്താണെന്ന് ഒന്നും മനസ്സിലാകാതെ പൊലീസുകാരോട് കാര്യം തിരക്കിയപ്പോൾ രാഹുലിനെ ഒന്നു വിളിക്കാനായി പറഞ്ഞു.
എന്താണു കാര്യമെന്ന് വീണ്ടും ചോദിച്ചപ്പോൾ മറുപടി ഒന്നും പറഞ്ഞില്ല. തുടർന്നു മുകളിലെ മുറിയിലുണ്ടെന്ന് അമ്മ പറഞ്ഞപ്പോൾ വനിതാ പൊലീസ് ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽക്കയറി മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പതിനഞ്ചു മിനിറ്റു കഴിഞ്ഞാണ് രാഹുൽ വാതിൽ തുറന്നത്. അതുവരെ പൊലീസുകാർ മുറിക്കു മുൻപിൽ നിന്നു. മുറിയിൽ നിന്നു പുറത്തു വന്നപ്പോഴാണ് അറസ്റ്റിന്റെ കാര്യങ്ങൾ രാഹുലും അറിയുന്നത്. പിന്നീട് പ്രഭാതകൃത്യങ്ങൾ എല്ലാ നിർവഹിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഒരു പ്രതിഷേധവുമില്ലാതെ പുറത്തേക്കിറങ്ങി. ഇതിനിടയിൽ രാഹുലിന്റെ തുണികൾ അടങ്ങിയ ബാഗും പൊലീസുകാർ ജീപ്പിൽ കൊണ്ടു വച്ചു.
സമീപത്തായി താമസിക്കുന്ന പള്ളിക്കൽ പഞ്ചായത്ത് അംഗം മുണ്ടപ്പള്ളി സുഭാഷ് വിവരമറിഞ്ഞു സ്ഥലത്തെത്തിയപ്പോൾ രാഹുലിനെ പൊലീസുകാർ ജീപ്പിൽ കയറ്റാൻ തുടങ്ങുകയായിരുന്നു. കൊണ്ടുപോകാൻ പറ്റില്ലെന്നു പറഞ്ഞു സുഭാഷ് ജീപ്പിനു മുന്നിൽ കിടന്നു. പെട്ടെന്നു പൊലീസ് എത്തി സുഭാഷിനെ ബലംപ്രയോഗിച്ചു മാറ്റിയ ശേഷമാണു രാഹുലിനെയും കൊണ്ട് കന്റോൺമെന്റ് പൊലീസ് പോയത്. അറസ്റ്റ് വിവരം ചാനലുകളിൽ വന്നു തുടങ്ങിയപ്പോഴാണു വീട്ടിലേക്ക് നേതാക്കളും നാട്ടുകാരുമടക്കം എത്തുന്നത്. സംഭവമറിഞ്ഞ് കെപിസിസി അംഗം തോപ്പിൽ ഗോപകുമാർ, യുഡിഎഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര, യൂത്ത്കോൺഗ്രസ് ഭാരവാഹികളായ ചൂരക്കോട് ഉണ്ണിക്കൃഷ്ണൻ, ജയകൃഷ്ണൻ പള്ളിക്കൽ, മനുനാഥ്, വൈഷ്ണവ് രാജീവ് തുടങ്ങിയവരാണ് ആദ്യമെത്തിയത്.