ADVERTISEMENT

അയിരൂർ കഥകളിഗ്രാമം∙ എഴുമറ്റൂർ രാജരാജവർമ രചിച്ച അബ്രഹാമിന്റെ ബലി കഥകളിയാണ് കഥകളിമേളയിലെ നാലാം ദിവസത്തെ ആസ്വാദന കളരിയിൽ അരങ്ങേറിയത്. യഹോവയുടെ കൽപനയനുസരിച്ച് അബ്രഹാമും ഭാര്യ സാറയും കാനാൻ ദേശത്തു വരുന്നതു മുതൽ ദൈവപ്രീതിക്കായി മകൻ ഇസ്സഹാക്കിനെ മോറിയാ മലമുകളിൽ വച്ച് ബലിയർപ്പിക്കാൻ തുടങ്ങുന്നതു വരെയുള്ള കഥയ്ക്കാണ് കഥകളി ആവിഷ്കാരം നൽകിയത്. 

കാമോദരി, അഠാണ, മോഹനം തുടങ്ങിയ രാഗങ്ങൾ കലർത്തിയും ചെമ്പട, അടന്ത, മുറിയടന്ത തുടങ്ങിയ താളങ്ങൾ വിന്യസിച്ചുമാണ് രചന. ഇതിന്റെ ആട്ടപ്രകാരം ക്ലബ് സെക്രട്ടറി വി.ആർ.വിമൽരാജ് നിർവഹിച്ചിരിക്കുന്നു. കലാമണ്ഡലം വിഷ്ണുമോൻ, കലാമണ്ഡലം ഹരികൃഷ്ണൻ, കലാമണ്ഡലം സുരേന്ദ്രൻ, കലാഭാരതി പീതാംബരൻ, കലാമണ്ഡലം അജയ്, കലാമണ്ഡലം അമൽ എന്നിവരായിരുന്നു കലാകാരന്മാർ.

ആസ്വാദന കളരി ഫാ.മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്തു. ഡോ. കെ.സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. ഡോ.അന്നമ്മ ജേക്കബ്, എം.ആർ.വേണു, എം.ആർ.അജയകുമാർ എന്നിവർ പ്രസംഗിച്ചു. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായിരുന്നു വൈകിട്ട് നടന്ന രുഗ്മാംഗദചരിതം കഥകളി. കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജയപ്രിയ ചിറക്കടവ് കഥാവിവരണവും മാലേത്ത് സരളാദേവി ആട്ടവിളക്കും തെളിച്ചു.

ഏകാദശി മാഹാത്മ്യം കഥാവസ്തുവാക്കി മണ്ഡവപ്പള്ളി ഇട്ടിരാരിച്ചമേനോൻ രചിച്ച രുഗ്മാംഗദചരിതത്തിൽ പമ്പയുടെ ഓളവും തീരവും ഭക്തി സാന്ദ്രമായി. കലാമണ്ഡലം കൃഷ്ണകുമാർ ആദ്യാവസാനം പച്ചവേഷത്തിന്റെ എല്ലാ അഭിനയസാധ്യതകളും രുഗ്മാംഗദനെ അവതരിപ്പിച്ചുകൊണ്ട് നിറവേറ്റിയ രാവായിരുന്നു ഇന്നലെ. മോഹിനിയായി മാർഗ്ഗി വിജയകുമാർ രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com