ദേ, യുവതിയുടെ മൂക്കിൽ പല്ല് ! ശസ്ത്രക്രിയയിലൂടെ നീക്കി; സംഭവം അടൂരിൽ
Mail This Article
അടൂർ ∙ മൂക്കിലും പല്ലു മുളയ്ക്കുമോ? മുളയ്ക്കുമെന്നാണ് അടൂർ ജനറൽ ആശുപത്രിയിൽനിന്നു പുറത്തുവന്ന റിപ്പോർട്ട്. 37 വയസ്സുള്ള അടൂർ സ്വദേശിനിയുടെ മൂക്കിൽ പല്ലു വളർന്നത് ഇഎൻടി വിഭാഗം ജൂനിയർ കൺസൽറ്റന്റ് ഡോ.എം.ആർ.ഹരീഷാണു കണ്ടെത്തിയത്. പിന്നീട്, ശസ്ത്രക്രിയയിലൂടെ പല്ല് നീക്കി.
വർഷങ്ങളായി യുവതിയുടെ മൂക്കിലൂടെ ദുർഗന്ധം വമിക്കുന്നതിനെത്തുടർന്നു സൈനസൈറ്റിസ് ആണെന്നു കരുതി ചികിത്സ നടത്തി. എന്നാൽ, അവസ്ഥയ്ക്കു മാറ്റമില്ലാത്തതിനാൽ അടൂർ ജനറൽ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തെ സമീപിച്ചു. എൻഡോസ്കോപ്പിയും സിടി സ്കാനും ചെയ്തപ്പോൾ മൂക്കിലേക്കു പല്ലു വളർന്നു കയറിയതു കണ്ടെത്തി.
ഈ പല്ലിൽ നിന്നുണ്ടായ അണുബാധയാണു ദുർഗന്ധത്തിനു കാരണമായത്. ഡോ.ഹരീഷ്, ഡോ.ബ്ലസി ഫിലിപ്, സിസ്റ്റർ സൗമ്യ എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ മൂക്കിൽനിന്നു പല്ല് നീക്കി. ഇടത്തെ മൂക്കിലേക്കു വളർന്ന പല്ലിന് ഒരു സെന്റീമീറ്ററോളം നീളമുണ്ട്.
ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ. അന്നു വൈകിട്ടു തന്നെ ഡിസ്ചാർജ് ചെയ്തു. യുവതി ഇപ്പോൾ ആരോഗ്യവതിയാണെന്നും മൂക്കിലേക്കു പല്ലു വളർന്നു കയറുന്നത് അപൂർവമാണെന്നും ഡോ.ഹരീഷ് പറഞ്ഞു.‘എക്ടോപിക് ടൂത്ത്’ എന്നു വിളിക്കുന്ന പല്ല് എടുത്തുകളഞ്ഞതോടെ യുവതിയുടെ മൂക്കിലെ പ്രശ്നങ്ങളെല്ലാം മാറി.