മണ്ണുകടത്ത് തടഞ്ഞ് പെരിങ്ങരയിൽ നാട്ടുകാർ
Mail This Article
തിരുവല്ല ∙ പെരിങ്ങര പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകളിൽ നിന്നു നടത്തിയിരുന്ന മണ്ണ് കടത്ത് നാട്ടുകാർ ഇടപെട്ട് തടഞ്ഞു. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള കുഴൽ സ്ഥാപിക്കാൻ എടുത്ത കുഴി മൂടാൻ എന്ന് പറഞ്ഞു കൊണ്ടാണ് മണ്ണ് കൊണ്ടു പോയത്. കാവുംഭാഗം –ചാത്തങ്കരി റോഡിൽ നിന്നും മണ്ണ് നീക്കുന്നതാണ് നാട്ടുകാർ ചേർന്ന് തടഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസിന്റെ നിർദേശ പ്രകാരം പണികൾ നിർത്തി വച്ചു. പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികൾ മെറ്റൽ ഇട്ട് നിറച്ച് കോൺക്രീറ്റ് ചെയ്യുന്നതിന്റെ മറവിലാണ് പഞ്ചായത്തിലെ വിവിധ റോഡുകളിൽ നിന്നും മണ്ണ് കടത്തിയത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് രൂപയുടെ നൂറുകണക്കിന് ലോഡ് മണ്ണ് ഇവിടെ നിന്നു കടത്തിയതായി നാട്ടുകാർ പറഞ്ഞു.
മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി ഉണ്ടെന്നാണ് കരാറുകാരൻ അവകാശപ്പെടുന്നത്. എന്നാൽ രേഖകൾ ഒന്നും തന്നെ പഞ്ചായത്ത് അധികൃതർക്ക് നൽകിയിട്ടില്ല. ഇത്തരത്തിൽ നീക്കം ചെയ്യുന്ന മണ്ണ് പഞ്ചായത്തുകളുടെ ഉത്തരവാദിത്തത്തിൽ പഞ്ചായത്ത് പരിധിയിൽ തന്നെ സൂക്ഷിക്കണം. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ലേലം ചെയ്ത് പണം ഖജനാവിൽ അടയ്ക്കണം എന്നതാണ് ചട്ടം. എന്നാൽ പെരിങ്ങര പഞ്ചായത്തിലെ റോഡുകളിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണ് എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതിൽ വ്യക്തതയില്ല. മണ്ണ് നീക്കം ചെയ്യുന്നതും തിരികെ കുഴി മൂടി കോൺക്രീറ്റ് ചെയ്യുന്നത് അടക്കമുള്ള പണികളുടെ നടത്തിപ്പ് ജലവിതരണ വകുപ്പിന് ആണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.