ADVERTISEMENT

ഏഴംകുളം ∙ പത്തു കരകളിലെയും കെട്ടുകാഴ്ചകൾ കാഴ്ചക്കണ്ടത്തിൽ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളേറ്റ് അണിനിരന്നു. ആർപ്പുവിളികളോടെ കരപറഞ്ഞ് ക്ഷേത്രത്തിൽ എത്തി നാളികേരമുടച്ച് കരക്കാർ കെട്ടുരുപ്പടികളുടെ അടുത്തെത്തി ദേവിയെ വരവേൽക്കാൻ കാത്തുനിന്നു. ഈ സമയം പൂമാലകൾ കൊണ്ട് അലങ്കരിച്ച ജീവതയിൽ ഏഴംകുളത്തമ്മ എഴുന്നള്ളി അനുഗ്രഹം ചൊരിഞ്ഞപ്പോൾ ഭക്തിയുടെ ആവേശം വാനംമുട്ടെ ഉയർന്നു. ഈ ദൃശ്യവിരുന്ന് ഏഴംകുളം ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തെ അവിസ്മരണീയമാക്കി. 

ഏഴംകുളം തെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, നെടുമൺ, പറക്കോട് തെക്ക്, പറക്കോട് വടക്ക്, പറക്കോട് ഇടയിൽ, മങ്ങാട്, ചെറുകുന്നത്ത് എന്നീ കരകളിൽ നിന്നുള്ള ആകാശം മുട്ടെ ഉയർന്നു നിന്ന കുതിരകളും അംബരചുംബികളായ ഇരട്ടക്കാളകളുമാണ് ആയിരങ്ങൾക്ക് ആനന്ദക്കാഴ്ചയേകിയത്.വൈകിട്ട് 5.30ന് കരക്കാർ കാഴ്ചകണ്ടത്തിന്റെ രണ്ടുഭാഗത്തായി നിന്ന് കരപറഞ്ഞു. ശേഷം ക്ഷേത്രത്തിൽ എത്തി ദേവിയെ വണങ്ങി നാളികേരമുടച്ച് ആർപ്പുവിളികളാൽ കെട്ടുരുപ്പടികളുടെ അടുത്ത് തിരിച്ചെത്തി.

അപ്പോഴേക്കും ജീവതയിൽ ഏഴംകുളത്തമ്മ കരമുറ പ്രകാരം ഓരോ കെട്ടുരുപ്പടികളുടെയും അടുത്തേക്ക് എഴുന്നള്ളിയെത്തി അനുഗ്രഹം ചൊരിഞ്ഞപ്പോൾ കരക്കാർ ഭക്ത്യാവേശത്താൽ വരവേറ്റു. ദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങിക്കഴിഞ്ഞ് ക്രമത്തിൽ വാദ്യമേങ്ങളുടെ അകമ്പടിയിൽ കെട്ടുരുപ്പടികളെ കാഴ്ചക്കണ്ടത്തിൽ നിന്ന് കരക്കാർ ക്ഷേത്രത്തിലേക്ക് ആനയിച്ചു.

സന്ധ്യകഴിഞ്ഞതോടെ എല്ലാം കെട്ടുരുപ്പടികളും ക്ഷേത്രമുറ്റത്ത് പ്രവേശിച്ച് പ്രദക്ഷിണം വച്ചതോടെ കെട്ടുകാഴ്ചയ്ക്കു സമാപ്തിയായി. 7 കുതിരകളും 3 ഇരട്ടക്കാളകളുമാണ് കുംഭ ഭരണി ഉത്സവത്തിന് കൊഴുപ്പേകാൻ കരക്കാർ അണിയിച്ചൊരുക്കി ദേവിക്കു തിരുമുൽക്കാഴ്ചയായി സമർപ്പിച്ചത്.

അവറുവേലിൽ ജി. പത്മകുമാർ(പ്രസി), എം.സി.സാജൻ നായർ(വൈ.പ്രസി), എസ്. സുധാകരൻ നായർ (സെക്ര), എം. ഗിരിദാസ് (ജോ.സെക്ര), സി. പ്രമോദ്കുമാർ (ട്രഷ), ആർ. ശശിധരൻ ഉണ്ണിത്താൻ (ഊരാണ്മ പ്രതി.), സി. അശോക് കുമാർ (കൺ) എന്നിവർ നേതൃത്വം നൽകി.

ഏഴംകുളം വഴിപാട് തൂക്കം ഇന്നും നാളെയും
ഏഴംകുളത്തമ്മയുടെ തിരുമുൻപിൽ വിശ്വാസ തീവ്രതയുടെ തൂക്കവില്ല് ഇന്നുയരും. നൂറ്റാണ്ടുകൾ പിന്നിട്ട ആചാരാനുഷ്ഠാനങ്ങളോടു കൂടിയ വഴിപാട് തൂക്കം ഇന്നും നാളെയുമായി നടക്കും. കന്നിത്തൂക്കക്കാർ മകര ഭരണി നാളിലും മുൻപ് തൂങ്ങിയിട്ടുള്ളവർ തിരുവോണ നാളിലും തുടങ്ങിയ വ്രതനിഷ്ഠയോടെയാണ് തൂക്കവില്ലിലേറുന്നത്.

രാവിലെ 6ന് ഊരാണ്മ തൂക്കത്തോടെയാണ് തൂക്കവഴിപാടിനു തുടക്കമാകുന്നത്. തുടർന്ന് ഏഴംകുളം തെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, നെടുമൺ, പറക്കോട് തെക്ക്, പറക്കോട് വടക്ക്, പറക്കോട് ഇടയിൽ, മങ്ങാട്, ചെറുകുന്നത്ത് എന്നീ കര മുറ പ്രകാരമുള്ള തൂക്കം നടക്കും.

തൂക്കത്തിനായി തയാറെടുത്തവർ പുലർച്ചെ ക്ഷേത്രത്തിൽ എത്തി തൂക്കച്ചമയങ്ങൾ അണിഞ്ഞ് ദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങി തൂക്കവില്ലിനടുത്തെത്തും. തുടർന്ന് ചൂണ്ട കുത്തൽ ചടങ്ങിനുശേഷം താങ്ങുമുണ്ടിന്റെ സഹായത്തോടെ തൂക്കവില്ലിലേറും.

അപ്പോഴേക്കും കാരക്കാരും വഴിപാടുകാരും ചേർന്ന് തൂക്കവില്ല് ഉയർത്തും. തൂക്കാശാൻമാരായ പുത്തൻവിളയിൽ ശിവൻപിള്ള, കാഞ്ഞിക്കൽ ശിവൻപിള്ള‌ എന്നിവരുടെ വായ്ത്താരിക്കും പയറ്റുമേളങ്ങൾക്കും അനുസൃതമായി തൂക്കക്കാർ ഇടംകയ്യിൽ വില്ലും വലംകയ്യിൽ വാളമ്പുമേന്തി അന്തരീക്ഷത്തിൽ ചുഴറ്റി നൃത്തം ചവിട്ടും.

തൂക്കവില്ല് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ദേവിയുടെ തിരുമുൻപിൽ എത്തുന്നതോടെ വഴിപാട് പൂർത്തിയാകും. ഒരു തവണ 3 പേരാണ് തൂക്കവില്ലിലേറുന്നത്. ആൺകുട്ടികളെയുമെടുത്തുള്ള തൂക്കവുമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള 10 കരകളിൽ താമസിക്കുന്നവരാണ് തൂക്കവില്ലിലേറുന്നത്.

ഇക്കുറി 625 തൂക്കം
ഇക്കുറി 625 വഴിപാട് തൂക്കമാണ് ഉള്ളത്, ഏഴംകുളം തെക്കു കര– 45, ഏഴംകുളം വടക്ക് കര–127, അറുകാലിക്കൽ കിഴക്ക്–111, അറുകാലിക്കൽ പടിഞ്ഞാറ്–80, നെടുമൺ–91, പറക്കോട് തെക്ക്–30, പറക്കോട് വടക്ക്–35, പറക്കോട് ഇടയിൽ–55, മങ്ങാട്–21, ചെറുകുന്നത്ത്–27 എന്നിങ്ങനെയാണ് കരകളിൽ നിന്നുള്ള തൂക്കങ്ങളുടെ എണ്ണം. കുട്ടികളെയുമെടുത്തുള്ള 123 തൂക്കവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com