പമ്പാനദിയിൽ നീരൊഴുക്കു കുറഞ്ഞു; തോടുകളും കാട്ടരുവികളും വറ്റിവരണ്ടു
Mail This Article
റാന്നി ∙ പമ്പാനദിയിൽ നീരൊഴുക്കു കുറഞ്ഞു. തോടുകളും കാട്ടരുവികളും വറ്റിവരണ്ടു. ചൂടിന്റെ കാഠിന്യം വർധിച്ചതോടെ ആറിനെയും തോടുകളെയും ആശ്രയിച്ചിരുന്നവർ നെട്ടോട്ടത്തിൽ. ഇട്ടിയപ്പാറ വലിയതോടിനെ ജലസമൃദ്ധമാക്കിയിരുന്ന മാടത്തരുവിയിൽ നൂൽ പോലെയാണു നീരൊഴുക്കുള്ളത്. മാടത്തരുവിക്കു താഴേക്ക് തോട്ടിൽ തീർത്തും വെള്ളമില്ല. ചിലയിടങ്ങളിൽ കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളം മാത്രം. പാറക്കൂട്ടങ്ങൾ തെളിഞ്ഞിരിക്കുകയാണ്. മാടത്തരുവി ഭാഗത്ത് കാട്ടുകല്ലടുക്കി തോട്ടിൽ തടയണ നിർമിച്ചാണ് ജല വിതരണ പദ്ധതിക്കാവശ്യമായ വെള്ളം കിണറ്റിൽ നിലനിർത്തുന്നത്.
ഇടമുറി അമ്പലം ഭാഗത്തു നിന്ന് ഉദ്ഭവിച്ച് മാടത്തരുവി, സ്റ്റോറുംപടി, മാടത്തുംപടി, ചെത്തോങ്കര, സൈലന്റ്‌വാലി വഴി ഒഴുകിയെത്തുന്ന തോട് ഈട്ടിച്ചുവട് ഭാഗത്തു വച്ചാണ് വലിയകാവിൽ നിന്നെത്തുന്ന വലിയതോടുമായി സന്ധിക്കുന്നത്. ഇതാണ് ഇട്ടിയപ്പാറ ടൗണിലൂടെ എത്തുന്നത്. മുൻപ് വേനൽക്കാലത്ത് ജനം തോടുകളിലെത്തിയാണ് വസ്ത്രങ്ങൾ കഴുകിയിരുന്നത്. എന്നാൽ ഇപ്പോൾ അതിനു മാർഗമില്ല. പമ്പാനദിയെ ആശ്രയിക്കാമെന്നു കരുതിയാൽ മിക്ക കുളിക്കടവുകളിലും ഇറങ്ങാൻ വഴിയില്ല. മഹാപ്രളയത്തിലും തുടർന്നുണ്ടായ വെള്ളപ്പൊക്കങ്ങളിലും ഒഴുകിയെത്തിയ ചെളി കടവുകളിൽ അടിഞ്ഞിരിക്കുകയാണ്.
ഐത്തല പള്ളിക്കടവ്, റാന്നി പള്ളിയോടക്കടവ്, അങ്ങാടി പുളിമുക്ക്, പേരൂച്ചാൽ എന്നീ കടവുകളെ വരൾച്ചക്കാലത്ത് നൂറുകണക്കിനു ജനം ആശ്രയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പേരിനു മാത്രമാണ് ജനമെത്തുന്നത്. കടവിൽ ഇറങ്ങാൻ വഴിയില്ലാത്തതു മാത്രമല്ല പ്രശ്നം വെള്ളത്തിലിറങ്ങിയാൽ ചെളിയാണ്. പേട്ട ഉപാസനക്കടവിലും ഇതേ സ്ഥിതിയുണ്ട്. ചെളി നീക്കി കടവുകൾ വൃത്തിയാക്കണമെന്ന് തുടരെ ആവശ്യം ഉയരുന്നുണ്ട്. ജലവിഭവ വകുപ്പ് ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നില്ല. വരൾച്ച ദുരിതാശ്വാസ പദ്ധതിയിലെങ്കിലും ഇതിനു പരിഹാരം ഉണ്ടാകണം.