പൊലീസിനു നേരെയും അക്രമി വിളയാട്ടം; 4 പേർ അറസ്റ്റിൽ
Mail This Article
അടൂർ∙ പൊലീസ് സംഘത്തിനു നേരെ കല്ലേറു നടത്തി സംഘർഷമുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ 4 പേരെ അറസ്റ്റ് ചെയ്തു. കല്ലേറിൽ 2 പൊലീസുകാർക്ക് പരുക്കേറ്റു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും നാട്ടുകാർക്കു നേരെ അക്രമം കാട്ടുകയും ചെയ്യുന്നുവെന്ന സംഭവമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പൊലീസ്. അടൂർ അറുകാലിക്കൽ പടിഞ്ഞാറ് ദേശത്തുള്ള മുഖത്തല വീട്ടിൽ ഹരി(22), അമൽ നിവാസിൽ വി. അമൽ(24), പുത്തൻവീട്ടിൽ അനന്ദുകൃഷ്ണൻ(24), ശ്രീനിലയത്തിൽ ദീപു(24) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
മദ്യലഹരിയിലായ പ്രതികൾ ഏഴംകുളം ഭാഗത്തു ബഹളമുണ്ടാക്കുകയും നാട്ടുകാരുമായി കലഹത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് പൊലീസ് എത്തി ബഹളമുണ്ടാക്കിയവരെ സ്ഥലത്തു നിന്ന് പിരിച്ചുവിട്ടു. ഈ സംഘം പിന്നീട് പറക്കോട് ബാറിനു സമീപത്തു വീണ്ടും നാട്ടുകാരുമായി സംഘർഷമുണ്ടാക്കി. അവിടെ എത്തിയ പൊലീസ് സംഘത്തിനു നേരെയാണ് കയ്യേറ്റത്തിനു ശ്രമിച്ചു കല്ലേറു നടത്തിയത്. ഇതിനു ശേഷം സംഘർഷമുണ്ടാക്കിയ യുവാക്കൾ അറുകാലിക്കൽ ഭാഗത്തേക്ക് പോയി. കല്ലേറിൽ സിവിൽ പൊലീസ് ഓഫിസർ സന്ദീപ്, അൻസാജു എന്നിവർക്കാണ് പരുക്കേറ്റത്. വയറിനും കൈക്കും പരുക്കേറ്റ സന്ദീപിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറുകാലിക്കൽ ഭാഗത്ത് എത്തിയ അക്രമി സംഘം അവിടെയും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. ഇതറിഞ്ഞ് ഇൻസ്പെക്ടർ ആർ. രാജീവിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയപ്പോഴേക്കുംസംഘം പറക്കോട് ബാറിന്റെ ഭാഗത്തു വന്നു. അവിടെ ഇവരെ കസ്റ്റഡിയിൽ എടുക്കുന്ന നേരത്തും പൊലീസിനു നേരെ കയ്യേറ്റത്തിനു ശ്രമിച്ചു. കൂടുതൽ പൊലീസ് ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് നാലുപേരേയും കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റിയത്. അന്നേരവും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു.
ഇൻസ്പെക്ടർക്കൊപ്പം എസ്ഐമാരായ എം. പ്രശാന്ത്, എൽ. അനൂപ് എന്നിവരും ചേർന്നാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. ഞായറാഴ്ച ഉച്ചമുതൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്രവാഹനങ്ങളിൽ ഏഴംകുളം, അറുകാലിക്കൽ ഭാഗങ്ങളിൽ ഈ പ്രതികൾ കറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവർക്കെതിരെ നേരത്തേയും കേസുകൾ ഉള്ളതായും പൊലീസ് അറിയിച്ചു.