‘അറസ്റ്റ് ഇല്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിൽ സമരം’
Mail This Article
പത്തനംതിട്ട ∙ സ്വകാര്യ കോളജിലെ നിയമ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. ജില്ലയിലെ ജനകീയ സദസ്സിനിടെ നീതി നിഷേധിക്കപ്പെടുന്നതായി വിദ്യാർഥിനി പരാതിപ്പെട്ടതിനു പിന്നാലെയായിരുന്നു ഇരുവരുടെയും പ്രതികരണം.
ക്യാംപസിൽ വച്ചു മർദനമേറ്റു മാസങ്ങൾ കഴിഞ്ഞിട്ടും ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും ഇതിനു പിന്നിൽ സിപിഎം ഇടപെടലാണെന്നും വിദ്യാർഥിനി പറഞ്ഞു. വിദ്യാർഥിനിയുടെ പരാതിയിൽ ആറന്മുള പൊലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിരുന്നു.
പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെയും പിന്നീടു സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഇതിനു ശേഷവും ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറി അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്ന വിവരം വിദ്യാർഥിനി നേതാക്കളെ അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എസ്പിയോട് ഒരു തവണ കൂടി ഫോണിൽ ആവശ്യപ്പെടുമെന്നും അറസ്റ്റ് വൈകിയാൽ എസ്പി ഓഫിസിനു മുന്നിൽ കെ.സുധാകരനും താനും ചേർന്നു കുത്തിയിരിപ്പു നടത്തുമെന്നും സതീശൻ പറഞ്ഞു. കേസിലെ പ്രതികൾക്കെതിരെ കോളജ് അധികൃതർ ഇതുവരെ നടപടിയെടുക്കാത്തതു രാഷ്ട്രീയ സമ്മർദം മൂലമാണെന്നും ഈ വിഷയം യുവജന സംഘടനകൾ ഏറ്റെടുക്കുമെന്നും സതീശൻ പറഞ്ഞു.