അടഞ്ഞു കിടന്ന വീട്ടിലും തടി മില്ലിന്റെ ഓഫിസിലും മോഷണം
Mail This Article
ഇട്ടിയപ്പാറ ∙ അടഞ്ഞു കിടന്ന വീട്ടിലും തടി മില്ലിന്റെ ഓഫിസിലും മോഷണം. വീട്ടിൽ നിന്ന് സ്വർണ കമ്മലും ഓട്ടുപാത്രങ്ങളും നഷ്ടപ്പെട്ടു. മാമുക്ക് താമരശേരിൽ സുധാകരന്റെ (രാജപ്പൻ) വീട്ടിലും വളഞ്ഞൻതുരുത്തിൽ തടി മില്ലിന്റെ ഓഫിസിലുമാണ് സംഭവം.
വീടിനു മുന്നിലെ കതക് കമ്പിപ്പാര ഉപയോഗിച്ചു തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധന സാമഗ്രികളെല്ലാം വാരിവലിച്ചിട്ടിരുന്നു. അലമാരകളെല്ലാം തുറന്നിരുന്നു. അവയ്ക്കുള്ളിലെ സാധനങ്ങളും തറയിൽ കിടക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മലാണ് നഷ്ടപ്പെട്ടത്. വീട് അടച്ചിട്ട ശേഷം ബുധനാഴ്ച ഉച്ചകഴിഞ്ഞ് കുടുംബം മധുരയ്ക്കു പോയിരുന്നു.
സമീപവാസി പത്രമെടുക്കാൻ എത്തിയപ്പോഴാണ് കതക് തുറന്നു കിടക്കുന്നതു കണ്ടത്. വീട്ടുകാർ തിരികെയെത്തി പരിശോധിച്ചപ്പോഴാണ് മോഷണമാണെന്ന് അറിയുന്നത്.
പൊലീസും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പൊലീസ് നായ് മണം പിടിച്ച് സമീപത്തു ചാരിവച്ചിരുന്ന കമ്പിപ്പാരയുടെ അടുത്തെത്തിയിരുന്നു. കതക് കുത്തി തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാരയാണിതെന്നു കരുതുന്നു.
സുധാകരന്റെ വീടിനു സമീപത്തെ തടി മിൽ നടത്തുന്ന അജു വളഞ്ഞൻതുരുത്തിൽ ഇന്നലെ രാവിലെ ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് തുറന്നു കിടക്കുന്നതു കണ്ടത്. മേശയുടെ ഡ്രോയെല്ലാം തുറന്നിട്ടിരുന്നു. ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന കമ്പിപ്പാരയാണ് വീടിന്റെ കതക് തുറക്കാൻ ഉപയോഗിച്ചത്. ബുധനാഴ്ച വൈകിട്ട് അടച്ച മിൽ ഇന്നലെ രാവിലെയാണ് തുറന്നത്. ഇതുമൂലമാണ് മോഷണം അറിയാൻ വൈകിയത്. മുൻപും മില്ലിന്റെ ഓഫിസിലും ഇതോടു ചേർന്ന വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു.