ADVERTISEMENT

സീതത്തോട് ∙ കനത്ത കാറ്റിൽ വ്യാപകമായി നാശം വിതച്ച അട്ടത്തോട് ആദിവാസി കോളനിയിൽ തകർന്ന വീടുകളുടെ എണ്ണം തിട്ടപ്പെടുത്തി അടിയന്തരമായി സഹായം എത്തിക്കുന്ന നടപടികൾ പട്ടിക വർഗ–റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം വീശിയ കാറ്റിൽ കോളനിയിലെ കിഴക്കേകരയിലും പടിഞ്ഞാറെ കരയിലുമായുള്ള 4 വീടുകൾ പൂർണമായും 16 വീടുകൾ ഭാഗികമായാണ് തകർന്നത്. വീട് പൂർണമായും നഷ്ടപ്പെട്ട കുടുംബങ്ങളെ നിലയ്ക്കലുള്ള അട്ടത്തോട് ട്രൈബൽ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. നാശം സംഭവിച്ച വീടുകൾ പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.റാന്നി തഹസിൽദാർ ഇ.എം റജി, ജില്ലാ ട്രൈബൽ ഓഫിസർ എം.നജിം എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കോളനിയിൽ എത്തി നാശനഷ്ടം നേരിട്ട് ബോധ്യപ്പെട്ടു. ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്ന് കലക്ടർക്കു കൈമാറും.

റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നഷ്ടം തിട്ടപ്പെടുത്തുന്ന ജോലികളും ആരംഭിച്ചു. കൃഷി ഭവൻ അധികൃതരുടെ നേതൃത്വത്തിൽ കൃഷി നാശവും പരിശോധിച്ച് റിപ്പോർട്ട് തയാറാക്കി.നിരവധി പേരുടെ കാർഷിക വിളകൾ നശിച്ചിരുന്നു. വീടുകൾ തകർന്നവർക്കുള്ള അടിയന്തിര സഹായമായി ടാർപ്പോളിനും ഷീറ്റുകളും ഇന്നും തന്നെ കൈമാറുന്നതിനുള്ള തയാറെടുപ്പിലാണ് ട്രൈബൽ വകുപ്പ്. ചാലക്കയം–ളാഹ റോഡിൽ പ്ലാപ്പള്ളി മുതൽ ചാലക്കയം വരെയുള്ള ഭാഗത്ത് റോഡിലേക്കു വീണ വൃക്ഷങ്ങൾ മുറിച്ച് മാറ്റുന്ന ജോലികളും ഇന്നലെ സന്ധ്യയോടെ പൂർത്തിയായി. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും സീതത്തോട്ടിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനയും ചേർന്നാണ് റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്തത്. തകരാറിലായ പോസ്റ്റുകൾ മാറ്റി വൈദ്യുതി വിതരണം സന്ധ്യയോടെ പുനഃസ്ഥാപിച്ചു. കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. 

മേൽക്കൂര തകർന്ന വീട്ടിൽ നിന്നും  അത്ഭുതകരമായി രക്ഷപ്പെട്ട കിടപ്പ് രോഗിയായ നാരായണി  ഭർത്താവ്  തങ്കപ്പനൊപ്പം.
മേൽക്കൂര തകർന്ന വീട്ടിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കിടപ്പ് രോഗിയായ നാരായണി ഭർത്താവ് തങ്കപ്പനൊപ്പം.

അത്ഭുതകരമായി രക്ഷപ്പെട്ടിട്ടും ഞെട്ടൽ വിട്ടുമാറാതെ നാരായണി
∙ മേൽക്കൂര തകർന്ന വീട്ടിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടൽ അട്ടത്തോട് കല്ലുങ്കൽ തങ്കപ്പന്റെ ഭാര്യ നാരായണിയുടെ (70) മുഖത്തു നിന്നും ഇനിയും വിട്ടുമാറിയിട്ടില്ല. മരുമകൾ മഞ്ജുവിനൊപ്പം വീടിനുള്ളിൽ ഇരിക്കുമ്പോഴാണ് അതിശക്തമായി കാറ്റു വീശുന്നത്. നിമിഷങ്ങൾക്കകം ആസ്ബറ്റോസ് ഷീറ്റിൽ നിർമിച്ചിരുന്ന മേൽക്കൂര കാറ്റിൽ പറന്നു പോയി. ശബ്ദം കേട്ട് ഓടി എത്തിയ ഭർത്താവ് കിടപ്പ് രോഗിയായ നാരായണിയെ വാരിയെടുത്ത് അടുത്ത അമ്പലത്തിന്റെ തറയിലേക്കു ഓടി പോകുകയായിരുന്നു. മേൽക്കൂര ഏകദേശം 50 മീറ്റർ ദൂരത്തോളം പറന്ന് പോയി. ഷീറ്റിന്റെ ഒരു കഷണം തലയിൽ പതിച്ചെങ്കിലും നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുടുംബം. സമീപമുള്ള ബന്ധു വീട്ടിലാണ് കഴിഞ്ഞ രാത്രി കഴിച്ചു കൂട്ടിയത്. ഇന്ന് ഷീറ്റും ടാർപ്പോളിനും എത്തിക്കാമെന്നു വീട് സന്ദർശിച്ച ട്രൈബൽ–റവന്യു ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. ആ പ്രതീക്ഷയിലാണ് കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com