ADVERTISEMENT

അടൂർ ∙ ആവേശം വാരിവിതറി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് അവസാനംകുറിച്ച് മുന്നണികളുടെ കലാശകൊട്ട്. കൃത്യം 6 മണിയായപ്പോൾ മഴ എത്തി. പൊലീസ് പറയാതെ തന്നെ എല്ലാം പാർട്ടിക്കാരും അനൗൺസ്മെന്റ് മൈക്ക് ഓഫ് ചെയ്തും നാസിക് ഡോളിന്റെ ശബ്ദമേളം നിർത്തിയുമാണ് കലാശകൊട്ട് അവസാനിപ്പിച്ച് ടൗൺവിട്ടത്. കെഎസ്ആർടിസി ജംക്‌ഷനിലായിരുന്നു യുഡിഎഫും എൽഡിഎഫും എൻഡിഎയും പരസ്യപ്രചാരണത്തിന്റെ അവസാന രണ്ടു മണിക്കൂർ പ്രചാരണം കൊഴുപ്പിച്ചത്. വൈകിട്ട് നാലിന് എൽഡിഎഫും യുഡിഎഫും എൻഡിഎയും കലാശകൊട്ടിന് കളംപിടിച്ചിരുന്നു.

ജംക്‌ഷന്റെ പടിഞ്ഞാറെ ഭാഗത്ത് യുഡിഎഫ് പ്രവർത്തകർ മൈക്ക് അനൗൺസ്മെന്റുകളുമായും കൊടികൾ വീശിയും സ്ഥാനാർഥി ആന്റോ ആന്റണിയുടെ കട്ടൗട്ട് ഉയർത്തിക്കാട്ടി പ്രചാരണം കൊഴുപ്പിച്ചു. എൽഡിഎഫ് നാസിക് ഡോളിന്റെ ശബ്ദമേളവും ഡിജെയും നടത്തിയും സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ കട്ടൗട്ട് ഉയർത്തിക്കാട്ടിയുമാണ് കലാശ കൊട്ടിൽ ആവേശം വിതറിയത്. കിഴക്കേ അറ്റത്തായി എൻഡിഎയും നാസിക് ഡോളിന്റെ മേളക്കൊഴുപ്പിലും കൊടികൾ ഉയരത്തിൽ വീശിയുമാണ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ രംഗം കൊഴുപ്പിച്ചത്. ഇതിനിടയിൽ വന്ന ആബുലൻസുകൾ കടത്തി വിടാൻ മൂന്നു മുന്നണികളും സൗകര്യമൊരുക്കി.

കൊടുമൺ ജംക്‌ഷനിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമാപനം.
കൊടുമൺ ജംക്‌ഷനിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമാപനം.

പന്തളം ∙ മൂന്ന് മുന്നണികൾ ഒരേ സ്ഥലത്ത് കേന്ദ്രീകരിച്ചു മുദ്രാവാക്യങ്ങൾ മുഴക്കി ശബ്ദപ്രചാരണത്തിനു കലാശക്കൊട്ട്. വിവിധ ഭാഗങ്ങളിൽ നിന്നു പ്രകടനമായാണ് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ പന്തളം ജംക്‌ഷനിലെത്തിയത്. നാലരയോടെ തന്നെ ജംക്‌ഷന്റെ മധ്യഭാഗം കയ്യടക്കി മുദ്രാവാക്യം വിളി തുടങ്ങി. ഉച്ചഭാഷിണി ഘടിപ്പിച്ച 12ഓളം വാഹനങ്ങളുടെ ചുറ്റുവട്ടത്തായിരുന്നു ശബ്ദപ്രചാരണത്തിന്റെ അവസാനമണിക്കൂറുകൾ.

പാട്ടുകൾക്കൊപ്പം നൃത്തം ചവിട്ടി പ്രവർത്തകർ ആവേശത്തിരയിളക്കി. നൂറുകണക്കിനാളുകളാണ് കലാശക്കൊട്ട് കാണാനായി വിവിധ ഭാഗങ്ങളിൽ കാത്തുനിന്നത്. തിരക്കേറിയ എംസി റോഡിൽ ഗതാഗതം തടസ്സപ്പെടാനുള്ള സാധ്യത കണ്ടതോടെ പൊലീസ് 4 വശങ്ങളിലേക്കും വഴിയൊരുക്കി. ടിബി ജംക്‌ഷൻ കേന്ദ്രീകരിച്ചു കുളനടയിലും തുമ്പമൺ ജംക്‌ഷനിലും നടന്ന കലാശക്കൊട്ടിലും നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.

ഏനാത്ത് ∙ തിരഞ്ഞെ‍‍ടുപ്പ് പ്രചാരണത്തിന് നൽകിയ സമയം അവസാനിക്കും മുൻപ് വാനോളം ഉയർന്ന ആവേശം പെയ്തിറങ്ങിയ മഴയിലും തോരാതെ നിന്നു. ഇന്നലെ വൈകിട്ട് നാലോടെ സ്ഥാനാർഥികളുടെ വിജയത്തിനായി വോട്ടർമാരോട് അവസാന അഭ്യർഥന നടത്തി അനൗൺസ്മെന്റ് വാഹനങ്ങൾ കവലയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു.അഞ്ചോടെ എൽഡിഎഫ് പ്രവർത്തകർ പ്രകടനവുമായി വീഥികൾ ചുറ്റി കവല മധ്യത്തിൽ നിലയുറപ്പിച്ച് മുദ്രാവാക്യം മുഴക്കി. ഈ സമയം യു‌ഡിഎഫിന്റെ അനൗസ്മെന്റ് വാഹനവും നിലയുറപ്പിച്ചതോടെ കവല ശബ്ദമുഖരിതമായി.

കൊടുമൺ ∙ കലാശക്കൊട്ടിനായി ഇന്നലെ രാവിലെ മുതൽ പല രാഷ്ട്രീയ പാർട്ടികളുടെയും പ്രചാരണ വാഹനങ്ങളാൽ ഗ്രാമ വീഥികൾ നിറഞ്ഞു. വൈകിട്ട് 5 മണിയോടെ വാഹനങ്ങളെല്ലാം ജംക്‌ഷനിൽ കേന്ദ്രീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com