ഫ്രാൻസിൽ നിന്ന് ജീവന്റെ വേരുതേടി റെജീന വീണ്ടും പാലയ്ക്കാത്തകിടിയിൽ
Mail This Article
മല്ലപ്പള്ളി ∙ മാതാപിതാക്കളെ തേടി റെജീന ഡാനിയേൽ എന്ന റെജീന ജോൺസി ഫ്രാൻസിൽനിന്ന് 3ാം തവണയും കുന്നന്താനം പാലയ്ക്കാത്തകിടിയിലെത്തി. 2010ൽ തുടങ്ങിയ അന്വേഷണത്തിന് ഇത്തവണയെങ്കിലും ഫലമുണ്ടാകണേ എന്ന പ്രാർഥനയിലാണ് റെജീനയും ഫ്രാൻസുകാരനായ ഭർത്താവ് അർനൗഡ് ഡാനിയേലും.1980 ഒക്ടോബറിൽ റെജീനയ്ക്ക് 4 വയസ്സുള്ളപ്പോഴാണ് ഫ്രാൻസിലെ കാമിൽ–ജനിവീവ് ദമ്പതികൾ കുന്നന്താനം പാലയ്ക്കാത്തകിടിയിലെ സെന്റ് ജോസഫ് കോൺവന്റിൽനിന്നു ദത്തെടുത്തത്.
1976ൽ റെജീനയെ ആരോ അനാഥാലയത്തിലെത്തിക്കുകയായിരുന്നു. കേരളത്തിലെ വിവിധ അനാഥാലയങ്ങളിൽനിന്ന് റെജീനയ്ക്കൊപ്പം 4 കുട്ടികളെക്കൂടി ദമ്പതികൾ അന്നു ദത്തെടുത്തിരുന്നു.മാതാപിതാക്കളെ കണ്ടെത്തുന്നതിനായി 2010ലും 2015ലും പാലയ്ക്കാത്തകിടിയിൽ എത്തിയിരുന്നു. 2015ൽ ദത്തെടുത്ത പിതാവിനൊപ്പമാണ് എത്തിയിരുന്നത്. ഇതിനിടെ ദത്തെടുത്ത മാതാവ് 2012ലും പിതാവ് 2017ലും മരിച്ചു. മാതാപിതാക്കൾ കുന്നന്താനം പാലയ്ക്കാത്തകിടിയിലോ സമീപ പ്രദേശങ്ങളിലോ ഉണ്ടെന്ന തോന്നലാണ് റെജീനയെ വീണ്ടും എത്തിച്ചത്.
1976 സെപ്റ്റംബർ 1ന് ജനനത്തീയതിയായി പള്ളി റജിസ്റ്ററിലുണ്ട്. കോൺവന്റിൽ താമസിച്ചപ്പോൾ ഉപയോഗിച്ചിരുന്ന വെള്ളി ആഭരണങ്ങൾ (കമ്മൽ, കൊലുസ്, വള) ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഫാ. വിജിലിയസ് ചിരിയൻകണ്ടത്തായിരുന്നു അനാഥാലയം നടത്തിയിരുന്നതെന്നും തന്നെ പരിചരിച്ചിരുന്നത് കന്യാസ്ത്രീകളായ സ്കോളാസ്റ്റിക്കയും കൊച്ചുത്രേസ്യയുമായിരുന്നെന്ന് റെജീന ഓർക്കുന്നു.
സ്പാനിഷിലും ഇംഗ്ലിഷിലും ബിരുദം നേടിയ റെജീന അവിടെ കോളജിൽ ഇംഗ്ലിഷ് അധ്യാപികയായി ജോലി ചെയ്യുന്നു. ഭർത്താവ് ഡാനിയേലും അധ്യാപകനാണ്. ആദം, ഐനെസ്, ഇലോയ് എന്നീ 3 മക്കളുണ്ട്.റെജീനയുടെ ശ്രമങ്ങൾക്ക് സഹായകരമാകുന്ന വിവരങ്ങളുള്ളവർ മല്ലപ്പള്ളിയിലെ സാമൂഹിക സംരംഭമായ ഊരിലെ ബിജു ഏബ്രഹാമുമായി ബന്ധപ്പെടാം. ഫോൺ: 9645273000.