ഒരുദിവസം 100 കിലോമീറ്റർ, ഒന്നരലക്ഷം അംഗങ്ങൾ; വാർഷികദിനത്തിൽ ‘ഗ്രീൻ ബെൽറ്റ്’ പദ്ധതിയുമായി കുടുംബശ്രീ
Mail This Article
പത്തനംതിട്ട ∙ കുടുംബശ്രീയുടെ 26–ാം വാർഷികദിനമായ ഇന്ന് വ്യത്യസ്ത പരിപാടികളുമായി ജില്ലാ കുടുംബശ്രീ മിഷൻ. വാർഷിക ദിനത്തിൽ ജില്ലയിലെ 920 എഡിഎസുകളിലായുള്ള ഒന്നരലക്ഷത്തോളം വരുന്ന അംഗങ്ങൾ ചേർന്ന് ജില്ലയിലുടനീളം 100 കിലോമീറ്റർ പാത ശുചീകരിക്കുകയും പൂന്തോട്ടമൊരുക്കുകയും ചെയ്യുന്ന ഗ്രീൻ ബെൽറ്റ് പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലയിലെ ഒന്നരലക്ഷം കുടുംബശ്രീ പ്രവർത്തകരാണ് പദ്ധതിയുടെ ഭാഗമായി ഉദ്യാനനിർമാണത്തിൽ പങ്കുചേരുന്നത്. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ പാത ശുചീകരിക്കുകയും സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു.
ഉഷ്ണതരംഗം രൂക്ഷമാകുന്ന, കാലാവസ്ഥാ വ്യതിയാനം നിത്യസംഭവമാകുന്ന കാലഘട്ടത്തിൽ പരിസ്ഥിതി പരിപാലനം നമ്മുടെ ഉത്തരവാദിത്തമാണെന്നു പ്രവർത്തകർ പറയുന്നു. ജില്ലയിൽ 920 എഡിഎസുകളിലായി 10547 അയൽകൂട്ടങ്ങളാണുള്ളത്. ഓരോ എഡിഎസിലെയും പ്രവർത്തകർ അവരുടെ വാർഡിലെ റോഡുവശങ്ങളിൽ 100 മീറ്റർ ദൂരമാണ് ശുചിയാക്കുന്നത്. ഇന്ന് 9.30ന് പ്രമാടം സിഡിഎസ് 17–ാം വാർഡിലെ ജവാഹർ ലൈബ്രറി ഹാളിൽ കലക്ടർ എസ്. പ്രേം കൃഷ്ണൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
ഓരോ എഡിഎസിലും വിവിധ പരിപാടികളോടെ പദ്ധതി പ്രവർത്തനം ആരംഭിക്കും. പിന്നീട് ചെടികൾ നട്ട് ഉദ്യാനം നിർമിക്കും. എല്ലാ മാസവും പദ്ധതിയുടെ പുരോഗതി ജില്ലാ മിഷൻ കോഓർഡിനേറ്റർ പരിശോധിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യും. ഗ്രീൻ ബെൽറ്റ് പദ്ധതിക്കൊപ്പം ‘എന്നിടം’ എന്ന പേരിൽ സ്ത്രീകൾക്ക് ഒത്തുകൂടാനും സൗഹൃദം പങ്കുവയ്ക്കാനും എല്ലാ സിഡിഎസിലും ‘ഇടം’ ഒരുക്കും. ഇവിടെ കലാ, സാംസ്കാരിക പരിപാടികൾ, സാഹിത്യ ക്യാംപ്, സിനിമ പ്രദർശനം, ചർച്ചകൾ തുടങ്ങിയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കും.