കാർഷിക വിളകൾ നശിപ്പിച്ച് കുരങ്ങുകൾ
Mail This Article
ഒളികല്ല് ∙ കുരങ്ങന്മാരെ ഭയന്ന് വീടുകൾക്കുള്ളിലും കഴിയാൻ പറ്റാത്ത സ്ഥിതി. കാർഷിക വിളകളും ഒന്നൊന്നായി നശിപ്പിക്കുന്നു. ഒളികല്ലിലെ താമസക്കാരുടെ ദുരിതമാണിത്. മലയോര ഗ്രാമമാണ് ഒളികല്ല്. വനത്തിനു നടുവിലാണ് ജനങ്ങളുടെ വാസം. കാട്ടാനയുടെ വിളയാട്ടം പതിവു സംഭവമാണ്. സൗരോർജ വേലി തകർത്താണ് കാട്ടാനകൾ നാട്ടിലെത്തുന്നത്. രാത്രി ആനയെ ഭയന്നു കഴിയണം. നേരം വെളുത്താൽ ശല്യക്കാരാകുന്നത് കുരങ്ങന്മാരാണ്. നേരം പുലരുമ്പോൾ തന്നെ അവ കൃഷിയിടങ്ങളിലെത്തും.
തെങ്ങുകളിലെ മച്ചിങ്ങ വരെ അവ ഇരയാക്കും. കൊച്ചുകുട്ടികളെ കണ്ടാൽ കുരങ്ങന്മാർ അക്രമകാരികളാകും. വീടുകളുടെ മേൽക്കൂരയിലെ ഓടുകൾ ഇളക്കി മാറ്റിയ ശേഷം ഉള്ളിൽ കടക്കും. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളെല്ലാം നശിപ്പിക്കുകയും തിന്നുകയും ചെയ്യും. വീട്ടുകാർ വീടിനു പുറത്തിറങ്ങുന്നത് നോക്കിയിരുന്നാണ് കുരങ്ങന്മാർ ഉള്ളിൽ കടക്കുന്നത്. കാടു വിട്ടെത്തുന്ന കുരങ്ങന്മാരെ മടക്കിവിടാൻ മാർഗമില്ല. വനം വകുപ്പ് ഇടപെട്ട് ഇതിനു പരിഹാരം കാണണമെന്നാണ് ആവശ്യം.