ADVERTISEMENT

ഇലന്തൂർ∙നിറങ്ങളുടെ വർണശോഭയിലാണു കുന്നത്തുചിറ കുളം. ഗ്രാമ സന്ധ്യകളെ ആനന്ദകരമാക്കാൻ  ഇവിടം ഇനിയും ‘നാലുമണിക്കാറ്റ്’ പോലെയാകും. നവീകരണ ജോലികൾ നടത്തി പെയിന്റടിച്ചു മനോഹരമാക്കി. സന്ധ്യാ വേളയിൽ ഇതിന്റെ പരിസരത്തു കഥകൾ പറഞ്ഞ്  ഇരിക്കാനുള്ള സൗകര്യം ഒരുക്കുന്നു.

ഇലന്തൂർ പഞ്ചായത്ത് 7.5 ലക്ഷം രൂപ മുടക്കി നവീകരിച്ച കുന്നത്തുചിറ കുളം. ചിത്രം: മനോരമ
ഇലന്തൂർ പഞ്ചായത്ത് 7.5 ലക്ഷം രൂപ മുടക്കി നവീകരിച്ച കുന്നത്തുചിറ കുളം. ചിത്രം: മനോരമ

മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ ഇലന്തൂർ ഖാദി ജംക്‌ഷനിലാണ് കുന്നത്തുചിറ കുളം. വലിയ വിസ്തൃതിയുണ്ട്. ഖാദി ജംക്‌ഷന്റെ തലയെടുപ്പും ഇതാണ്. ഗ്രാമ പഞ്ചായത്ത് 7.5 ലക്ഷം രൂപ മുടക്കിയാണു നവീകരിച്ചത്. ചെളി മുഴുവൻ നീക്കി. ഭിത്തി കെട്ടി തേച്ചു.  ഇറങ്ങാനുള്ള എല്ലാ പടികളും പുനർനിർമിച്ചു. ഭിത്തിയും പടിയും നീലയും വെള്ളയും പെയിന്റ് അടിച്ചു മനോഹരമാക്കി. കുളങ്ങൾ സാധാരണ പെയിന്റടിച്ചു കാണാറില്ല. എന്നാൽ ഇവിടെ ആരെയും ആകർഷിക്കുന്ന വിധത്തിലാണു  പെയിന്റിങ് നടത്തിയത്. കുളത്തിന്റെ പരിസരം പൂട്ടുകട്ട ഇട്ടു  മനോഹരമാക്കി. വൈകിട്ട് ഇവിടെ കഥകൾ പറഞ്ഞിരുന്നു വിശ്രമിക്കാൻ കോൺക്രീറ്റ് ബെഞ്ചുകളും ഒരുക്കുന്നുണ്ട്. ഇതിന്റെ പണി നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, 9ാം വാർഡ് അംഗം കെ.ജി.സുരേഷ് എന്നിവർ മുൻകൈ എടുത്താണു നവീകരണ ജോലികൾ നടത്തുന്നത്. 

ശുദ്ധജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി 7ാം വാർഡിലെ പുറത്തൂട്ട് കുളം 3.5 ലക്ഷം രൂപ മുടക്കി നവീകരിക്കുന്ന ജോലികളും അവസാന ഘട്ടത്തിലാണ്. ഇവിടെ റോഡിന്റെ  വശത്ത് വളവിൽ തറ നിരപ്പിലായിരുന്നു പൂറത്തൂട്ട് കുളം. ഏത് നിമിഷവും അപകടം ഉണ്ടാകാവുന്ന സ്ഥിതിയായിരുന്നു. പഞ്ചായത്ത് അംഗം വിൽസൺ ചിറക്കാല മുൻകൈ എടുത്താണ് നവീകരണ ജോലികൾ നടത്തുന്നത്. നാല് വശത്തും ഭിത്തി കെട്ടി ഉയർത്തി. കുളത്തിലേക്ക് ഇറങ്ങാൻ പടികളും നിർമിച്ചു. ഇനിയും ചുറ്റും പൂട്ടുകട്ടവിരിക്കൽ, കൈവരി,  വിശ്രമത്തിനുള്ള കോൺക്രീറ്റ് ബെഞ്ച് എന്നിവയും സ്ഥാപിക്കാനുണ്ട്.

പൊതുകിണറുകൾക്കുംപുതുജീവൻ
പഞ്ചായത്തിലെ 12 പൊതുകിണറുകൾ 15 ലക്ഷം രൂപ മുടക്കി നവീകരിച്ചു. ഇടിഞ്ഞു വീഴാതിരിക്കാൻ  കോൺക്രീറ്റ് റിങ് ഇറക്കി . ആൾ മറയും തൂണും കെട്ടിയാണ് നവീകരണം നടന്നത്. ഇതിൽ  എടുത്തു പറയേണ്ടത് ഏഴാം വാർഡിലെ കൊല്ലംപടി കിണർ നവീകരണമാണ്. ഇലന്തൂർ, ചെന്നീർക്കര പഞ്ചായത്തിന്റെ അതിർത്തിയിലാണ് കൊല്ലംപടി കിണർ. രണ്ട് പഞ്ചായത്തിലെയും നൂറുകണക്കിനു കുടുംബങ്ങൾ വേനൽക്കാലത്ത് ഇതിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com