ADVERTISEMENT

കീഴ്‌വായ്പൂര് ∙ മല്ലപ്പള്ളി പഞ്ചായത്തിലെ ഊത്തുകുഴിയിലും സമീപത്തുമുള്ളവർക്കു പാറത്തോട് അക്കരെയിക്കരെ കടക്കാൻ പാലമെന്ന സ്വപ്നം ഇപ്പോഴും യാഥാർഥ്യമായില്ല.ചാക്കമറ്റം–കരിമ്പിൻകുഴി റോഡിലെ ഊത്തുകുഴിയിൽ പാലം വേണമെന്നതു നാട്ടുകാരുടെ ചിരകാല അഭിലാഷമാണ്.പാറത്തോടിന്റെ ഇരുകരകളിലുമായി വഴിയുണ്ടെങ്കിലും മറുകരയിൽ വാഹനങ്ങൾ കടക്കണമെങ്കിൽ പാലം നിർമിച്ചാൽ മാത്രമേ നിർവാഹമുള്ളൂ. ചാക്കമറ്റം മുതൽ ഊത്തുകുഴി വരെ പഞ്ചായത്ത് ടാറിങ്ങും കോൺക്രീറ്റും ചെയ്തിട്ടുണ്ട്. ഊത്തുകുഴി മുതൽ കരിമ്പിൻകുഴി വരെ റോഡുണ്ടെങ്കിലും നിർമാണപ്രവൃത്തികളൊന്നും നടത്തിയിട്ടുമില്ല. 15 വർഷം മുൻപ് നിർമിച്ച റോഡിന് 3 മീറ്ററിലേറെ വീതിയുമുണ്ട്.വർഷങ്ങൾക്ക് മുൻപ് പാലം നിർമിക്കുന്നതിന് പദ്ധതിയിട്ടുവെങ്കിലും നടപ്പിലായില്ല.

മഴക്കാലത്ത് തോട്ടിലെ നീരൊഴുക്ക് ശക്തിപ്രാപിക്കുന്നതിനാൽ കാൽനടക്കാർ അക്കരയിക്കരെ കടക്കുന്നത് അപകടഭീതിയിലാണ്. പാലം നിർമിച്ചാൽ കരിമ്പിൻകുഴി, ചാക്കമറ്റം തുടങ്ങിയ സ്ഥലങ്ങളിലും സമീപത്തുമുള്ളവർക്ക് അപകടഭീതിയില്ലാതെ സഞ്ചരിക്കാൻ കഴിയും. കരിമ്പിൻകുഴി, വേങ്ങത്താനം എന്നീ നഗറിലുള്ള വീട്ടുകാർക്കും പ്രയോജനപ്പെടും. മീൻമുട്ടിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള എളുപ്പമാർഗവുമാകും. മണ്ണുമ്പുറം–കരിമ്പിൻകുഴി–നാരകത്താനി എക്കളത്തിൽപടി, നെയ്തേലിപ്പടി–നാരകത്താനി എന്നീ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കാനും കഴിയും. ഇപ്പോൾ ഏകദേശം 3കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് പ്രധാന റോഡുകളിലെത്തുന്നത്.

‘യാത്രാക്ലേശം പരിഹരിക്കണം’
കീഴ്‌വായ്പൂര് ∙ പാറത്തോട്ടിലെ ഊത്തുകുഴിയിൽ പാലം നിർമിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന് കോൺഗ്രസ് 41ാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പാലം നിർമിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എംപിക്ക് നൽകുന്നതിനും തീരുമാനിച്ചു. കുഞ്ഞുമോൻ ചക്കാനിക്കൽ അധ്യക്ഷത വഹിച്ചു. കൊച്ചുമോൻ നെയ്തേലിൽ, സജി തേവരോട്ട്, ടി.ജി. രഘുനാഥപിള്ള, റെജി പമ്പഴ, അനു ഊത്തുകുഴിയിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com