ADVERTISEMENT

വെച്ചൂച്ചിറ ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സിഎച്ച്സി) എന്നെങ്കിലും കിടത്തി ചികിത്സ തുടങ്ങുമോ? സപ്തതിയുടെ നിറവിലെത്താറായിട്ടും കേന്ദ്രത്തിന് സർക്കാരിന്റെ പരിഗണന ലഭിക്കുന്നില്ല. ജില്ലയിൽ 2.60 ഏക്കർ സ്ഥലം സ്വന്തമായുള്ള മറ്റൊരു സിഎച്ച്സിയും ഇല്ലാത്തപ്പോഴാണ് അവഗണന. വെച്ചൂച്ചിറ വിമുക്ത ഭട കോളനിക്കായി അനുവദിച്ച ഭൂമിയിൽ നിന്നാണ് സിഎച്ച്സിക്കും സ്ഥലം സൗജന്യമായി കൊടുത്തത്. നാടിന്റെ വികസനത്തിൽ വിമുക്ത ഭടന്മാർ കാട്ടിയ ദീർഘവീക്ഷണത്തിന്റെ തെളിവാണിത്. 1956ൽ ആണ് ആശുപത്രി സ്ഥാപിച്ചത്.

ചെറിയ മുറികളോടു കൂടിയ ഓടിട്ട പഴയ കെട്ടിടമായിരുന്നു പിഎച്ച്സിക്ക് ഉണ്ടായിരുന്നത്. 15 വർഷം മുൻപ് ഇവിടെ കിടത്തി ചികിത്സ അനുവദിച്ചിരുന്നു. 12 കിടക്കകളോടെ ചികിത്സ തുടങ്ങുന്നതിന് പഴയ കെട്ടിടത്തോടു ചേർന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് വാർഡ് കെട്ടിടം പണിതിരുന്നു. ഉദ്ഘാടനം നടത്തിയതല്ലാതെ കിടത്തി ചികിത്സ തുടങ്ങിയില്ല. ജീവനക്കാരുടെ കുറവായിരുന്നു തടസ്സം. പഴയ കെട്ടിടത്തിന്റെ ഓടുകൾ മാറ്റി പിന്നീട് അലുമിനിയം ഷീറ്റുകൾ പാകുകയും ചെയ്തു.

ബ്ലോക്കുതല സിഎച്ച്സി
റാന്നി ബ്ലോക്കുതല സാമൂഹിക ആരോഗ്യ കേന്ദ്രമാണിത്. ബ്ലോക്ക് മെഡിക്കൽ ഓഫിസറും ഹെൽത്ത് സൂപ്പർവൈസറുമെല്ലാം ഇവിടെയാണ്. ഏതാനും ക്വാർട്ടേഴ്സുകൾ ഫീൽഡ് ജീവനക്കാർക്കായി കാൽ നൂറ്റാണ്ടു മുൻപു നിർമിച്ചിരുന്നു. എന്നാൽ ഇതിനനുസൃതമായി സിഎച്ച്സിക്ക് കെട്ടിടം പണിതില്ല. രാജു ഏബ്രഹാം എംഎൽഎയായിരിക്കെ സർക്കാരിന്റെ പ്ലാൻ ഫണ്ട് ചെലവഴിച്ചാണ് പിന്നീട് ഒപി കെട്ടിടം പണിതത്.

സൗകര്യം കുറവ്
അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് സിഎച്ച്സിക്ക് തിരിച്ചടിയാകുന്നത്. 3 ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. നിലവിൽ മെഡിക്കൽ ഓഫിസർ മാത്രമാണുള്ളത്. ഒരാൾ വർക്കിങ് അറേഞ്ച്മെന്റിലും മറ്റൊരാൾ വിദേശത്തുമാണ്. സായാഹ്ന ഒപിക്കായി ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്ടറുടെ സേവനമാണ് രോഗികൾക്ക് ആശ്വാസമാകുന്നത്. അതും കൂടി ഇല്ലാതായാൽ മിക്ക ദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭിക്കില്ല. വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളിൽ താമസിക്കുന്നവർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയുടെ സ്ഥിതിയാണിത്.

കെട്ടിടം വേണം
പുതിയ കെട്ടിടം നിർമിച്ചും കൂടുതൽ ജീവനക്കാരെ നിയമിച്ചും മാത്രമേ കിടത്തി ചികിത്സ തുടങ്ങാനാകൂ. ഇതിനായി 10 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമത്തിലേക്കു പഞ്ചായത്ത് നൽകിയിരുന്നു. 25 ശതമാനം മതന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് പദ്ധതിയിൽ ഫണ്ട് ലഭിക്കുക. സംസ്ഥാന തലത്തിൽ ഇതിന് അംഗീകാരം ലഭിച്ചെങ്കിലും കേന്ദ്ര സർക്കാരിലേക്ക് അയയ്ക്കാതെ പിടിച്ചു വച്ചിരിക്കുകയാണെന്ന് വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് പറഞ്ഞു. നബാർഡിനു സമർപ്പിക്കാൻ തയാറാക്കിയ 5 കോടി രൂപയുടെ പദ്ധതിക്കും ഇതേ സ്ഥിതി നേരിട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎൽഎ ഫണ്ടിൽ കെട്ടിടം നിർമിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും തുടർ നടപടി വൈകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com