യുഎസിൽ ജോലിയും പഠനവും വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
Mail This Article
റാന്നി ∙ യുഎസിൽ ജോലിയും പഠനവും വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപയും 22 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. റാന്നി ഐത്തല പ്ലാന്തോട്ടത്തിൽ വീട്ടിൽ ബിജോ ഫിലിപ്പിനെയാണു (39) ബെംഗളൂരുവിൽ നിന്ന് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. റാന്നി തെക്കേപ്പുറം ചരിവുകാലായിൽ സി.ടി.അനിഷയുടെ പരാതിയിലാണ് അറസ്റ്റ്. നാട്ടിലുണ്ടായിരുന്ന ബിജോ കഴിഞ്ഞ ദിവസം ബെംഗളൂരുവിലേക്കു പോയിരുന്നു. ഇതറിഞ്ഞ് പൊലീസ് അവിടെയെത്തിയാണു കസ്റ്റഡിയിലെടുത്തത്. ഇയാളെ ബാങ്കുകളിലെത്തിച്ചു തെളിവെടുപ്പ് നടത്തി. 42.94 ലക്ഷം രൂപ പലപ്പോഴായി ബിജോ വാങ്ങിയിട്ടുണ്ടെന്ന് അനിഷയുടെ പരാതിയിലുണ്ട്.
ഇതിൽ 2.93 ലക്ഷം രൂപ പലപ്പോഴായി അനിഷയുടെ അക്കൗണ്ടിലേക്കു തിരികെ നൽകിയിട്ടുണ്ട്. കൂടാതെ 12.15 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണാഭരണങ്ങളും വാങ്ങിയിട്ടുണ്ടെന്ന് മൊഴിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പേർ സമാനമായ തട്ടിപ്പിന് ഇരയായോ എന്ന കാര്യം റാന്നി പൊലീസ് പരിശോധിക്കുന്നുണ്ട്. ഇട്ടിയപ്പാറയിൽ ജനസേവന കേന്ദ്രം നടത്തുന്നതിനിടെയാണ് ഇയാളെ പരിചയപ്പെട്ടതെന്ന് ഐത്തല നിള വീട്ടിൽ അനിഷ മൊഴിയിൽ പറയുന്നു. ബിജോയ്ക്ക് യുഎസിൽ പരിചയമുള്ള ഏജൻസി ഉണ്ടെന്നും യുഎസിൽ താമസക്കാരായ 2 കുമ്പനാട് സ്വദേശികൾ വഴി അമേരിക്കയിൽ കൊണ്ടു പോകാമെന്നുമാണു വാഗ്ദാനം ചെയ്തത്. വീസയ്ക്കും മറ്റുമായി 2022 ഓഗസ്റ്റ് 10നും 28നും ഇടയിൽ അനിഷയുടെ അക്കൗണ്ടിൽ നിന്ന് ബിജോയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 6.50 ലക്ഷം രൂപ നൽകി. തുടർന്ന് 10,000 രൂപ വേറെയും നൽകി.
2023 ജനുവരി 6ന് സർവകലാശാലയിൽ ഫീസടച്ചതിന്റെ 18,500 ഡോളറിന്റെ രസീത് അനിഷയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഇതും റജിസ്ട്രേഷനായി 3 ലക്ഷം രൂപയും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പയായ 9 ലക്ഷം രൂപയും ചിട്ടി പിടിച്ച തുകയും പലരിൽ നിന്നു കടം വാങ്ങിയും സ്വർണം പണയപ്പെടുത്തിയും എല്ലാ തുകയും കൊടുത്തു. പിന്നീട് ബിജോ പല ഒഴിവുകൾ പറയുകയും അമേരിക്കയിലുണ്ടെന്നു പറഞ്ഞ കുമ്പനാട് സ്വദേശി മുഖേന ഇവരെ ബന്ധപ്പെടുകയും ചെയ്തു. ഇയാളുടെ ചികിത്സ ചെലവിനായി 3 ലക്ഷം രൂപ കടമായും വാങ്ങി. ഇവരെ കൊണ്ടുപോകാനായി അക്കൗണ്ടിൽ പണം കാണിക്കാനായി 22 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും അനിഷയിൽ നിന്നു വാങ്ങിയെന്ന് മൊഴിയിലുണ്ട്.