ശബരിമല ഉൾപ്പെടുന്ന ആർടി ഓഫിസ് വികസനം ഫണ്ട് പ്രതിസന്ധിയിൽ
Mail This Article
റാന്നി ∙ മോട്ടർ വാഹന വകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി വില്ലനായതു മൂലം റാന്നി സബ് ആർടി ഓഫിസ് മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റി സ്ഥാപിക്കാനാകുന്നില്ല. 15 വർഷം കഴിഞ്ഞ വാഹനം കണ്ടം ചെയ്തതും ശബരിമല ഉൾപ്പെടുന്ന താലൂക്കിനു വിനയായി.പുളിമുക്ക് ജംക്‌ഷനിലെ വാടക കെട്ടിടത്തിലാണ് തുടക്കം മുതൽ സബ് ആർടി ഓഫിസ് പ്രവർത്തിക്കുന്നത്. സ്ഥല പരിമിതി നേരിടുന്ന ഓഫിസാണിത്. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ മുങ്ങി നശിച്ച ജനറേറ്ററിനു പകരം പുതിയത് എത്തിച്ചിട്ടില്ല. ഇതുമൂലം വൈദ്യുതി മുടക്കം നേരിട്ടാൽ ഓഫിസിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന സ്ഥിതിയാണ്.സിവിൽ സ്റ്റേഷന്റെ ഒന്നാം ബ്ലോക്കിൽ ഒന്നും രണ്ടും നിലകളുടെ നിർമാണം പൂർത്തിയായപ്പോൾ സബ് ആർടി ഓഫിസിനു സ്ഥലം അനുവദിച്ചിരുന്നു.
ഒരു വർഷം മുൻപ് ജില്ലാ ഭരണകൂടം ഇതിന് അനുമതി നൽകിയതാണ്. ഓഫിസ് മാറ്റി സ്ഥാപിക്കണമെങ്കിൽ കൗണ്ടറുകൾ, കംപ്യൂട്ടറുകൾ അടക്കം അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കണം. ഇതിന് 35 ലക്ഷത്തോളം രൂപ വേണ്ടിവരും. നിർമാണം സിഡ്കോയെ ഏൽപിക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. മോട്ടർ വാഹന വകുപ്പിൽ നിന്ന് ഫണ്ട് അനുവദിച്ച് അനുമതി ലഭിച്ചാൽ മാത്രമേ അവർക്കു നിർമാണം ആരംഭിക്കാനാകൂ. രേഖകൾ ചീഫ് ഓഫിസിൽ കിടക്കുകയാണ്. എന്നത്തേക്ക് ഇതു സാധ്യമാകുമെന്ന് ഉറപ്പില്ല. ഇതുമൂലം സ്വന്തമായി കെട്ടിടം ലഭിച്ചിട്ടും മാസം തോറും വാടക നൽകേണ്ട സ്ഥിതിയാണ്.
ജീപ്പാണ് റാന്നി ഓഫിസിൽ അനുവദിച്ചിരുന്ന വാഹനം. 15 വർഷം പിന്നിട്ടതിനാൽ അതിനിയും നിരത്തിൽ ഇറക്കാനാകില്ല. ഓഫിസിനു പിന്നിൽ കിടപ്പുണ്ട്. കോന്നി സബ് ആർടി ഓഫിസിലെ വാഹനം കടമെടുത്താണ് അത്യാവശ്യത്തിനു വിനിയോഗിക്കുന്നത്. ഇതുമൂലം പട്രോളിങ് അടക്കം സമയബന്ധിതമായി നടത്താനാകുന്നില്ല. മാസ പൂജ കാലത്ത് ശബരിമല പാതകളിൽ അത്യാവശ്യ പരിശോധനകൾ ഉദ്യോഗസ്ഥർ നടത്താറുണ്ട്. അതിനും ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. 4 മാസം പിന്നിടുമ്പോൾ ശബരിമല തീർഥാടനമാകും. അപ്പോൾ സ്വന്തം വാഹനമില്ലാതെ പ്രവർത്തനം കാര്യക്ഷമമാക്കാനാകില്ല.