നിരോധനം ഫലം കാണുന്നില്ല: തിരുവല്ല റോഡിൽനിന്നു സെൻട്രൽ ജംക്‌ഷനിലേക്കു ഭാരവാഹനങ്ങൾ എത്തുന്നു; ആശങ്കയുടെ ‘ഭാരം’
Mail This Article
മല്ലപ്പള്ളി ∙ തിരുവല്ല റോഡിൽനിന്നു സെൻട്രൽ ജംക്‌ഷനിലേക്കു ഭാരവാഹനങ്ങൾ എത്തുന്നത് അപകടഭീതി പരത്തുന്നു. മല്ലപ്പള്ളി ഖാദിപ്പടിയിൽ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു ബോർഡ് തകർന്നിട്ടും പുനഃസ്ഥാപിച്ചിട്ടില്ല.പഞ്ചായത്ത് ഓഫിസിനു സമീപത്തുകൂടിയുള്ള ഭാഗങ്ങളിൽ റോഡിന്റെ വളവും വീതിക്കുറവും കുത്തനെയുള്ള ഇറക്കവുമായതിനാൽ വർഷങ്ങൾക്കു മുൻപുതന്നെ ഭാരവാഹനങ്ങൾ പോകുന്നതു വിലക്കിയിരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ ചെയ്തിരുന്നത്.ഇപ്പോൾ ടിപ്പർലോറികളും ഭാരം കയറ്റിയെത്തുന്ന ലോറികളും നേരെ സെൻട്രൽ ജംക്‌ഷനിലേക്ക് എത്തുന്നുണ്ട്.
ടൗണിലേക്കു ഭാരവാഹനങ്ങൾക്കു പ്രവേശനമില്ല എന്നു ഖാദിപ്പടിയിൽ സ്ഥാപിച്ചിരുന്ന ബോർഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ടു മാസങ്ങൾ കഴിഞ്ഞു.മുന്നറിയിപ്പു ബോർഡില്ലാത്തതിനാൽ മറ്റിടങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങളാണു പഞ്ചായത്ത് ഓഫിസിനു മുന്നിൽകൂടി ടൗണിലേക്കു വരുന്നത്.നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിൽക്കൂടി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതും അപകടഭീഷണിയാണ്. വൺവേ സംവിധാനം 100 മീറ്റർ ദൂരത്തിൽ മാത്രം ഒതുങ്ങുകയാണ്.
കോഴഞ്ചേരി ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും തിരുവല്ല റോഡിൽക്കൂടി പ്രവേശിച്ചു സെൻട്രൽ ജംക്‌ഷനിൽ എത്തുന്നതും ആനിക്കാട് റോഡിൽനിന്നു കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിലേക്കു പോകുന്നതിനായി സെൻട്രൽ ജംക്‌ഷനിലൂടെ തിരിയുന്നതുമാണു ടൗണിലെ വൺവേ.സെൻട്രൽ ജംക്‌ഷനിൽനിന്നു തിരുവല്ല റോഡിലേക്കു വൺവേ തെറ്റിച്ചു പോകുന്ന വാഹനങ്ങളും ഏറെയാണ്. ഗതാഗതനിയന്ത്രണത്തിന് അധികാരികളില്ലാത്തതാണു പ്രശ്നമാകുന്നത്. വർഷങ്ങൾക്കു മുൻപുവരെ ഹോംഗാർഡിന്റെ സേവനം ചിലയിടങ്ങളിൽ ലഭിച്ചിരുന്നു. തകർച്ചയിലായ മുന്നറിയിപ്പു ബോർഡ് പുനഃസ്ഥാപിക്കുന്നതിനും ടൗണിലും പഞ്ചായത്ത് ബസ് സ്റ്റാൻഡിലും പൊലീസിന്റെ സേവനവും ലഭ്യമാക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.