ചിറ്റാർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് തുണയായി സിപിഎമ്മിലെ ഭിന്നതയും
Mail This Article
സീതത്തോട് ∙ ചിറ്റാർ രണ്ടാം വാർഡിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം വർധിക്കാൻ കാരണം എൽഡിഎഫ് സ്ഥാനാർഥിക്കെതിരായ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടെന്നു സൂചന. ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന മത്സരത്തിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ എ.ബഷീർ വിജയിച്ചിരുന്നു. ഇതോടെ എൽഡിഎഫിനു പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു. ഉപതിരഞ്ഞെടുപ്പിലൂടെ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം നേതൃത്വം.
സിപിഎം നേതൃത്വം കണ്ടെത്തിയ സ്ഥാനാർഥിയെചൊല്ലി ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കിടയിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകളാണ് ഉയർന്നത്. പ്രവർത്തകരുടെ അഭിപ്രായം തേടാതെ പാർട്ടിക്കു പുറത്തു നിന്നും കണ്ടെത്തിയ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന തീരുമാനത്തിലായിരുന്നു മിക്ക പ്രവർത്തകരും. യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം ഇത്രയധികം ഉയരാനുള്ള കാരണം പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളാണെന്നു പറയുന്നു.
വിജയിയെ അനുമോദിച്ചു
ചിറ്റാർ പഞ്ചായത്ത് രണ്ടാം വാർഡ് പന്നിയാറിൽ നിന്ന് വിജയിച്ച യുഡിഎഫിലെ ജോളി ആലാമേലേതിലിനെ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വയനാട് ദുരന്തത്തെ തുടർന്ന് ആഹ്ലാദ പ്രകടനങ്ങൾ എല്ലാം മാറ്റിവച്ചു. ദുരന്തത്തിൽ അനുശോചിച്ച് കോൺഗ്രസ് പ്രവർത്തകർ മാർക്കറ്റ് ജംക്‌ഷനിലേക്കു മൗനജാഥയും നടത്തി.ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ്കുമാർ, ഹരികുമാർ പൂതൻകര, സാമുവേൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്ട്, ആർ ദേവകുമാർ, ബ്ലോക്ക് പ്രസിഡന്റ് സന്തോഷ്കുമാർ, സണ്ണി ചള്ളയ്ക്കൽ,ധീനാമ്മ റോയി, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ, സണ്ണി ചള്ളയ്ക്കൽ, ഇബ്രാഹിം എഴിവീട്ടിൽ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാക്കിയ സിപിഎമ്മിനു ജനങ്ങൾ കൊടുത്ത മറുപടിയാണ് ഈ അട്ടിമറി വിജയമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ പറഞ്ഞു. സത്യപ്രതിഞ്ജയും, ആഹ്ലാദ പ്രകടനവും, സ്ഥാനാർഥി സ്വീകരണവും പിന്നീട് നടത്തുമെന്ന് ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ പറഞ്ഞു.