ADVERTISEMENT

ശബരിമല ∙ മണ്ഡല– മകരവിളക്കു തീർഥാടനം തുടങ്ങാൻ ഇനി 85 ദിവസം മാത്രം. ചിങ്ങമാസ പൂജയ്ക്ക് നട തുറന്ന അന്നു മുതൽ സന്നിധാനത്തേക്കു തീർഥാടകരുടെ വൻതിരക്കാണ്. മണിക്കൂറുകൾ കാത്തു നിന്നാണ് തീർഥാടകർ ദർശനം നടത്തുന്നത്. മാസപൂജയ്ക്കു പ്രത്യേക ക്രമീകരണങ്ങൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് തീർഥാടകർ ശരിക്കും അനുഭവിച്ചു. അടുത്ത മണ്ഡല കാലത്തും ദർശനത്തിനു വലിയ തിരക്ക് ഉണ്ടാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

കഴിഞ്ഞ വർഷത്തെ പോരായ്മകളിൽ നിന്നു പാഠം ഉൾക്കൊണ്ട് ഭക്തരുടെ കഷ്ടപ്പാടുകൾ കുറയ്ക്കാൻ ദേവസ്വം  ബോർഡിനും സർക്കാരിനും സംവിധാനം ഉണ്ടോ എന്നാണു തീർഥാടകർക്ക് അറിയേണ്ടത്.കഴിഞ്ഞ തീർഥാടനകാലത്തെ  പോരായ്മകൾ കണ്ടെത്തി പരിഹാരം ഉണ്ടാക്കുമെന്നാണ് ദേവസ്വം ബോർഡും മന്ത്രിയും പറയുന്നത്.  അടിസ്ഥാന സൗകര്യ വികസനത്തിനായി നിലയ്ക്കലിൽ മാത്രമാണ് പണികൾ നടക്കുന്നത്.

സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ തീർഥാടനത്തിനു മുന്നോടിയായുള്ള പണികൾ ഒന്നും തുടങ്ങിയിട്ടില്ല.സന്നിധാനത്ത് ഭസ്മക്കുളം, വലിയ നടപ്പന്തലിലെ ഗണപതി വിഗ്രഹം  മാറ്റി സ്ഥാപിക്കാനുള്ള ശിലാസ്ഥാപനം എന്നിവ നടന്നതല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും കൂടിയിട്ടില്ല.മണ്ഡല മകരവിളക്കു തീർഥാടനത്തിനായി നവംബർ 15ന് ആണ് ക്ഷേത്രനട തുറക്കുക. 

ഇഴയുന്ന കിഫ്ബി
∙ശബരിമലയുടെ അടിസ്ഥാന താവളമാണു നിലയ്ക്കൽ. അവിടെ ദേവസ്വം ബോർഡിന്റെ പണികൾ ഒന്നും തുടങ്ങിയിട്ടില്ല. കിഫ്ബി പദ്ധതിയിൽ  ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നിർമിക്കുന്ന പിൽഗ്രിം സെന്ററിന്റെ പണി മാത്രമാണ് നടക്കുന്നത്.  കിഫ്ബിയിൽ 40 കോടി രൂപ ചെലവിൽ 7 പിൽഗ്രിം സെന്ററുകളുടെ പണി തുടങ്ങിയിട്ട്  2 വർഷമായി.  ഇതുവരെ ഒന്നും തീർന്നിട്ടില്ല.നാഷനൽ‍ ബിൽഡിങ് കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമാണച്ചുമതല.

പലഭാഗത്തായി 7 കെട്ടിടങ്ങൾ നിർമിക്കുന്നതിൽ  4 എണ്ണത്തിന്റെ പണികളാണു കാര്യമായി നടക്കുന്നത്. ബാക്കിയുള്ളവ പാതിവഴിയിൽ ഇഴയുന്നു.പിൽഗ്രിം സെന്ററുകളെല്ലാം 3 നില കെട്ടിടങ്ങളാണ്.  ഒരു നിലയിൽ 150 പേർക്കു താമസിക്കാൻ സൗകര്യമുള്ള കെട്ടിടമാണ് പണിയുന്നത്. ഓരോ നിലയിലും 10 ശുചിമുറികൾ വീതം ഉണ്ടാകും. 

ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത നിലയ്ക്കൽ ഗോപുരത്തിൽ നിന്നു പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള റോഡ് തകർന്ന നിലയിൽ. ചിത്രം: മനോരമ
ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത നിലയ്ക്കൽ ഗോപുരത്തിൽ നിന്നു പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള റോഡ് തകർന്ന നിലയിൽ. ചിത്രം: മനോരമ

നിലയ്ക്കൽ റോഡ്
∙ തീർഥാടന കാലത്ത് ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന നിലയ്ക്കൽ  റോഡ് കുണ്ടും കുഴിയുമായി താറുമാറാണ്. ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ പല ഭാഗവും വെട്ടിപ്പൊളിച്ചു. പൈപ്പ് സ്ഥാപിച്ചെങ്കിലും  കുഴി ശരിയായി മൂടിയില്ല. അങ്ങനെ പലയിടവും തകർന്നു. ഓടയില്ലാത്തതിനാൽ റോഡിലൂടെ വെള്ളം ഒഴുകിയും തകർന്നു. നിലയ്ക്കൽ ഗോപുരം മുതൽ പാർക്കിങ് ഗ്രൗണ്ട് വരെയുള്ള ഭാഗമാണ് താറുമാറായത്. ദേവസ്വം ബോർ‍ഡാണ് റോഡ് നന്നാക്കേണ്ടത്. അതിനുള്ള നടപടി തുടങ്ങിയിട്ടില്ല.

പാർക്കിങ് സൗകര്യം
∙കഴിഞ്ഞ തീർഥാടന കാലത്തെ ഏറ്റവും വലിയ പ്രശ്നം നിലയ്ക്കൽ ആവശ്യത്തിനുള്ള പാർക്കിങ് സൗകര്യം ഇല്ലാത്തതാണ്. വാഹനങ്ങൾ പിന്നിലേക്ക് നീക്കി ഇടുന്നതിനു പാർക്കിങ് ഗ്രൗണ്ടിൽ സെക്യൂരിറ്റി ജീവനക്കാരുടെ കുറവുണ്ടായിരുന്നു. ഇതും പ്രശ്നമായി. ഇതുകാരണം തീർഥാടകരുമായി വന്ന വാഹനങ്ങൾ ഇലവുങ്കൽ, നാറാണംതോട്, എരുമേലി, ളാഹ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ തടഞ്ഞിട്ടു.

നിലയ്ക്കൽ പാർക്കിങ് സൗകര്യം കൂട്ടുമെന്നു മകരവിളക്കു കാലത്ത് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും പ്രഖ്യാപിച്ചതാണ്. ഗോശാലയ്ക്കു സമീപത്തെ റബർ വെട്ടി നിരപ്പാക്കി പാർക്കിങ് ഒരുക്കാൻ പദ്ധതിയിട്ടു. ഇതിനായി  130 റബർ മരങ്ങളും വെട്ടി. മറ്റു പണികൾ ഒന്നുമായിട്ടില്ല. നിരപ്പാക്കി ഉറപ്പിച്ച ശേഷം പൂട്ടുകട്ട ഇട്ട് നവീകരിക്കാനും പദ്ധതിയുണ്ട്.

English Summary:

85 days left for Sabarimala pilgrimage; Facilities away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com