കാറ്റിലും മഴയിലും മരം വീണ് വീടുകൾക്ക് നാശം
Mail This Article
തണ്ണിത്തോട് ∙ കാറ്റിലും മഴയിലും മരം വീണ് വീടുകൾക്ക് നാശം. കൃഷിയും നശിച്ചു. വീടിന്റെ സംരക്ഷണഭിത്തി തകർന്നും നാശമുണ്ടായി. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് കരിമാൻതോട് ശ്രീലങ്കമുരുപ്പ് ചെറുകോയിക്കൽ ശശിധരൻപിള്ള, തേക്കുതോട് താഴെ പറക്കുളം വേങ്ങവിളയിൽ റെജി ഡാനിയേൽ എന്നിവരുടെ വീടുകളുടെ മേൽക്കൂര തകർന്നു.അടുത്ത പറമ്പിലെ പ്ലാവ് ഒടിഞ്ഞുവീണ് ശശിധരൻപിള്ളയുടെ വീടിന്റെ മേൽക്കൂരയുടെ ആസ്ബറ്റോസ് നശിച്ചു. വീടിന്റെ വൈദ്യുത മീറ്റർ ഇളകിപ്പോയി. മഴവെള്ളം വീണ് വസ്ത്രങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് നാശമുണ്ടായി.
റെജി ഡാനിയലിന്റെ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗത്തെ ആസ്ബറ്റോസ് നശിച്ചു. ഭിത്തി വിണ്ടുകീറി. കാറ്റിൽ കൃഷിയിടത്തിലെ കുലയ്ക്കാറായ 10 മൂട് ഏത്തവാഴ, കപ്പ എന്നിവ നശിച്ചു.തണ്ണിത്തോട് ഇടക്കണ്ണം സുഭാഷ്ഭവനം സുഭാഷ്കുമാറിന്റെ കൃഷിയിടത്തിലെ കുലച്ചതും കുടം വന്നതുമായ ഏകദേശം 150 മൂട് ഏത്തവാഴ ഒടിഞ്ഞുനശിച്ചു.മഴയിൽ തേക്കുതോട് തൂമ്പാക്കുളം കൊടുന്തറ പുത്തൻവീട്ടിൽ പി.ഡി.തോമസിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നുവീണു.
അട്ടച്ചാക്കൽ∙ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ വ്യാപകമായി വാഴക്കൃഷി നശിച്ചു. കൊല്ലേത്തുമൺ ഭാഗത്ത് അഞ്ച് ഏക്കർ കൃഷിത്തോട്ടത്തിലെ വാഴകളാണ് ഒടിഞ്ഞു നശിച്ചത്. പയ്യനാമൺ തേക്കുമല സുഭാഷ് ഭവനം സുകുമാരൻ നായർ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത വാഴയാണിത്. ഏത്തവാഴയും പൂവൻവാഴയുമടക്കം 650 എണ്ണമാണ് നശിച്ചത്. 3ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 8.75 ലക്ഷം രൂപ ചെലവഴിച്ചാണ് കൃഷി ചെയ്തത്.
ഗതാഗതം തടസ്സപ്പെട്ടു
കോന്നി ∙ ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി തൂണുകളും ലൈനുകളും തകരുകയും ചെയ്തു. കൊക്കാത്തോട് റോഡിൽ കല്ലേലി ഭാഗത്ത് മൂന്ന് വലിയ മരങ്ങളാണ് ഒടിഞ്ഞു വീണത്. രാവിലെ ആറിനാണ് സംഭവം. ഗതാഗതം പൂർണമായും മുടങ്ങിയതോടെ അഗ്നിരക്ഷാസേനയെത്തിയാണ് ഇവ മുറിച്ചുമാറ്റിയത്.
ഒൻപതിന് അരുവാപ്പുലം പുളിഞ്ചാണിയിൽ ആഞ്ഞിലിമരം വീണ് വൈദ്യുതി ലൈൻ പൊട്ടി. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചെങ്ങറ, അട്ടച്ചാക്കൽ, പയ്യനാമൺ, തെങ്ങുംകാവ് മേഖലയിലൊക്കെ മരംവീണ് വൈദ്യുതി തടസ്സമുണ്ടായി.