ADVERTISEMENT

ശബരിമല∙നിർമാണം തുടങ്ങി 9 വർഷമായിട്ടും ഇഴയുന്ന നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതി ശബരിമല തീർഥാടകരെ വെള്ളം കുടിപ്പിക്കുമോ? അടുത്ത തീർഥാടനം തുടങ്ങും മുൻപ് കക്കാട്ടാറ്റിൽ നിന്നുള്ള വെള്ളം വിതരണത്തിനായി നിലയ്ക്കൽ എത്തുമോ?  അതോ ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന നിലയ്ക്കൽ  മുൻവർഷങ്ങളിലെ പോലെ പമ്പയിൽ നിന്നു ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുന്ന പരിപാടി തുടരുമോ. ശബരിമല തീർഥാടനം തുടങ്ങാൻ ദിവസം മാത്രം ബാക്കി നിൽക്കെ ഉയരുന്ന പ്രധാന ചോദ്യമാണിത്.

ശബരിമലയുടെ അടിസ്ഥാന താവളമാണ് നിലയ്ക്കൽ. ഇവിടെ എത്തിയ ശേഷമാണ് തീർഥാടകർ ദർശനത്തിനായി സന്നിധാനത്തേക്ക് പോകുന്നതും മടങ്ങുന്നതും. വരുന്നതും പോകുന്നവരുമായി കുറഞ്ഞത് 1.5 ലക്ഷം തീർഥാടകർ ദിവസവും ഇവിടെ എത്തുന്നു. പരമാവധി 25,000 പേർക്കുള്ള വെള്ളമാണ് ടാങ്കർ ലോറിയിൽ എത്തിച്ച്  വിതരണം നടത്തുന്നത്. അതിനാൽ ജലക്ഷാമം  രൂക്ഷമാണ്. നിലയ്ക്കൽ ഭാഗത്തെ 3 കുളത്തിൽ നിന്നുള്ള വെള്ളവും സംഭരിച്ച് വിതരണം നടത്തുന്നുണ്ട്. വേനൽ തുടങ്ങുമ്പോഴേ കുളം വറ്റും. അതിനാൽ ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.

ആയിരത്തിലേറെ ശുചിമുറികൾ നിലയ്ക്കൽ ഉണ്ട്. ആവശ്യത്തിനു വെള്ളം കിട്ടാത്താണു വലിയ പ്രശ്നം. ശുചിമുറികൾക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനു നിർമിച്ച തടയണയുടെ ഭൂരിഭാഗവും മണ്ണ് മൂടി നികന്നു. അതിനു പുറമേ ചോർച്ചയും ഉണ്ട്. അതിനാൽ ശുചിമുറി ആവശ്യത്തിനുള്ള വെള്ളം ഇപ്പോൾ തടയണയിൽ നിന്നു കാര്യമായി ലഭിക്കുന്നില്ല. 

ഇതിനു പരിഹാരമായാണ് നിലയ്ക്കൽ–സീതത്തോട് ശുദ്ധജല പദ്ധതി ലക്ഷ്യമിട്ടത്.കക്കാട്ടാറ്റിൽ ആങ്ങമൂഴിയിൽ നിന്നു വെള്ളം പമ്പു ചെയ്ത് ശുദ്ധീകരിച്ച് നിലയ്ക്കൽ എത്തിച്ച് വിതരണം നടത്തുക. അതോടൊപ്പം അട്ടത്തോട് കോളനി, നാറാണംതോട്, പമ്പാവാലി മേഖലയിലും വള്ളം എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടത്.ഇതിനായി 3 സ്ഥലങ്ങളിലാണ് സംഭരണികൾ ഉദ്ദേശിച്ചത്. ആങ്ങമൂഴി മുതൽ  നിലയ്ക്കൽ വരെ 21 കിലോമീറ്റർ ദൂരത്തിലാണു പ്രധാന പൈപ്പ് ലൈൻ. 

ടാങ്ക് നിർമിക്കാനും പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള വനഭൂമി കിട്ടുന്നതിനു കാലതാമസം അനുഭവപ്പെട്ടതോടെ ആദ്യത്തെ കരാറുകാരൻ നിർമാണം ഉപേക്ഷിച്ചു. തുടർന്നു കരാറുകാരനെ ഒഴിവാക്കി വീണ്ടും ടെൻഡർ ചെയ്താണ് നിർമാണം പുനരാരംഭിച്ചത്. ആങ്ങമൂഴി– പ്ലാപ്പള്ളി റോഡിലും ശബരിമല പാതയിൽ പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെയുമാണ് 500 മീറ്റർ വ്യാസമുള്ള വലിയ പൈപ്പാണു സ്ഥാപിച്ചത്. ഇതിൽ 500 മീറ്റർ ഭാഗത്തെ പൈപ്പ് സ്ഥാപിക്കൽ ഇനിയും നടക്കാനുണ്ട്. ഇതിനു പുറമേ പ്ലാപ്പള്ളി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശബരിമല പാത മുറിച്ചും പൈപ്പ് സ്ഥാപിക്കാനുണ്ട്. 

ശബരിമല പാതയോടു ചേർന്ന് പ്ലാപ്പള്ളി വനത്തിൽ ബൂസ്റ്റർ ടാങ്കിന്റെ പണി നടക്കുന്നു. ഭിത്തികെട്ടലാണു പുരോഗമിക്കുന്നത്. ഇനിയും മേൽക്കൂര കോൺക്രീറ്റ് ചെയ്തിട്ടില്ല. അത് തീർന്ന ശേഷമേ ബൂസ്റ്റർ പമ്പ് സ്ഥാപിക്കുന്ന ജോലികൾ തുടങ്ങുക.

 ഇങ്ങനെ പോയാൽ അടുത്ത തീർഥാടനത്തിനു മുൻപ് പദ്ധതി പൂർത്തിയാക്കാൻ കഴിയില്ല. അതിനിടെ സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയെ ബാധിച്ചു. നബാർഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചെയ്തു തീർത്ത പണികളുടെ 5 കോടിയുടെ ബില്ലു കരാറുകാരൻ സമർപ്പിച്ചിട്ടുണ്ട്. അതിനുള്ള പണം കിട്ടിയിട്ടില്ല.  ഇത് ലഭിച്ചാൽ ഉടൻ സമർപ്പിക്കാനായി അടുത്ത 5 കോടിയുടെ ബില്ലും സമർപ്പിക്കാനായി തയാറായിട്ടുണ്ട്.

നബാർഡിൽ നിന്നു പണം കിട്ടാൻ വൈകിയാൽ കരാറുകാരൻ സമയത്ത് പണി തീർക്കാതെ വരും.പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെ റോഡിന്റെ ഒരുവശം കുഴിച്ചാണു പൈപ്പ് സ്ഥാപിച്ചത്. പൈപ്പ് കുഴി മൂടി മണ്ണിട്ട് ഉറപ്പിച്ചെങ്കിലും വശം കോൺക്രീറ്റ് ചെയ്തിട്ടില്ല. അതിനാൽ പൈപ്പ് കുഴിയിൽ വാഹനങ്ങൾ താഴാനുള്ള സാധ്യതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com