യുവതലമുറയ്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതാണ് ഏറ്റവും ശ്രേഷ്ഠം: ആന്റോ ആന്റണി എംപി
Mail This Article
പത്തനംതിട്ട ∙ യുവതലമുറയ്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്ന് ആന്റോ ആന്റണി എംപി. കൂടൽ സെന്റ് മേരീസ് മഹായിടവകയുടെ സെന്റ് മേരീസ് മോഡൽ സ്കൂളിനായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ അപ്രോം മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ലോകത്തിൽ ഏറ്റവും വേഗത്തിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന മേഖല വിദ്യാഭ്യാസ മേഖലയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പുറമേ കാലത്തിന് അനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയതായി നിർമിച്ച കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി.ജയകുമാർ സ്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ചടങ്ങിനെത്തിയ അതിഥികളെ എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ട് ആണ് സ്വീകരിച്ചത്. മുൻ ഇടവക വികാരിമാരായ ഫാ. ജോജി കെ.ജോയി, ഫാ. കെ.ജി.അലക്സാണ്ടർ, മുൻ സഹ വികാരി ഫാ. അഡ്വ. ജോണിക്കുട്ടി, ഇടവക വൈദികൻ ഫാ. ബെഞ്ചമിൻ ഒ.ഐ.സി, ഫാ. ജെറിൻ ജോൺസൺ, സ്കൂൾ ലീഡർ ദർശന വിപിൻ, സ്കൂൾ ബോർഡ് സെക്രട്ടറി ജെയിംസ് വിളയിൽ എന്നിവർ സംസാരിച്ചു.