ഓർമകളിലെ ഓണം എന്നും സുന്ദരം
Mail This Article
എല്ലാക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്ന ഓണം കുട്ടിക്കാലത്തേതാണ്. ചെറുപ്പത്തിലെ ഓണത്തിന് ഓർമയിൽ തിളക്കം കൂടുതലാണ്. സബ് കലക്ടറായിരിക്കുന്ന കാലത്ത് സ്കൂളുകളിൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ആഘോഷങ്ങളും ആരവങ്ങളും കാണുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമ വന്നത്.’ ഓണക്കാലത്തെ ഓർമകൾ പങ്കുവയ്ക്കുമ്പോൾ കലക്ടർ എസ്. പ്രേം കൃഷ്ണന്റെ കണ്ണുകളിൽ ഗൃഹാതുരസ്മരണകളുടെ തിളക്കമായിരുന്നു.
തലമുറമാറ്റം ഓണത്തിലും
ഭാഗ്യമുള്ള തലമുറ എന്നാണ് ഞങ്ങളുടെ തലമുറയെപ്പറ്റി പറയുന്നത്. ഇന്റർനെറ്റിന്റെ വരവിനു മുൻപും ശേഷവും എങ്ങനെയാണ് സമൂഹം എന്ന് നേരിൽ കാണാൻ അവസരം ലഭിച്ചവരാണ് ഈ തലമുറയിലെ ആളുകൾ അന്ന് മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഓണം പോലെയുള്ള ആഘോഷങ്ങൾ കുടുംബത്തിലുള്ള എല്ലാവരുടെയും ഒത്തുചേരലിന്റെ വേദികളായിരുന്നു.
ബന്ധുക്കളുമായി ചേർന്ന് ഓണം വിപുലമായി ആഘോഷിച്ചിരുന്ന കാലം. ഓണപ്പരീക്ഷയൊക്കെ തീർത്ത് ആഘോഷങ്ങളിലേക്കു കടക്കാനുള്ള ആവേശമായിരുന്നു ആ ദിനങ്ങളിൽ. പത്തു ദിവസവും കുടുംബവീട്ടിൽ തന്നെയായിരിക്കും. ദിവസവും വിവിധങ്ങളായ കളികളുമുണ്ടാകും. ചുറ്റുമുള്ള പാടത്തും പറമ്പിലും പോയി പൂക്കൾ ശേഖരിച്ച് അത്തപ്പൂക്കളം ഒരുക്കും. തിരുവോണ നാളിൽ ഈ ആഘോഷങ്ങളൊക്കെയും അതിന്റെ പൂർണതയിലെത്തുന്നു.
കുടുംബത്തോടൊപ്പം ഓണാഘോഷം
ഓണത്തിന്റെ ദിവസങ്ങളിൽ രാവിലെ നേരത്തെ ഉണരും. മകൾ വൈഗ കൃഷ്ണ അത്തപ്പൂക്കളം ഒരുക്കും. പിന്നീട് എല്ലാവരും ഒരുമിച്ച് ക്ഷേത്രത്തിൽ പോകും. കുടുംബാംഗങ്ങൾക്ക് ഓണക്കോടി നൽകുന്ന പതിവുമുണ്ട്. തിരുവോണത്തിന് വിഭവസമൃദ്ധമായ സദ്യ തന്നെയാണ് തയാറാക്കുന്നത്. എല്ലാവരും ചേർന്നാണ് സദ്യ ഒരുക്കുന്നത്. ഞാനും സഹായിക്കാറുണ്ട്. 2 തരം പായസം എല്ലാ വർഷവുമുണ്ടാകും.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തിരക്കുകൾ മൂലം പലപ്പോഴും ഓണ ദിവസം മാത്രമാണ് കുടുംബത്തിനൊപ്പം ചേരാൻ സാധിക്കുന്നത്. തിരുവോണത്തിന് മുടക്കമില്ലാതെ വീട്ടിൽ തന്നെ ഉണ്ടാകാൻ ശ്രമിക്കാറുണ്ട്. മകൾ വൈഗ കൃഷ്ണയെക്കൊണ്ടാണ് എല്ലാക്കൊല്ലവും ഓണനാളിൽ അത്തപ്പൂക്കളം തയാറാക്കിക്കുന്നത്. ഇത്തവണ തിരുവോണ ദിനം ഒഴികെ ബാക്കി ദിവസങ്ങളൊക്കെ പത്തനംതിട്ടയ്ക്കൊപ്പമാണ് ഓണാഘോഷം.
പത്തനംതിട്ടയിലെ ഓണ വിശേഷങ്ങൾ
പത്തനംതിട്ടയുടെ പാരമ്പര്യത്തനിമ കാലാകാലങ്ങളായി കാത്തുസൂക്ഷിക്കുന്നവരാണ് ഇവിടത്തുകാർ. പത്തനംതിട്ട ഇപ്പോഴും പഴയ പാരമ്പര്യങ്ങൾ അതുപോലെ തന്നെയാണ് പിന്തുടരുന്നത്. പ്രകൃതിയുമായി ഇണങ്ങി നിന്ന് ഓണമാഘോഷിക്കുന്നവരാണ് ഇവിടത്തുകാർ. വള്ളസദ്യയും വള്ളംകളികളുമൊക്കെയായി ഇവിടെ ഓണത്തിന് ആഘോഷങ്ങൾ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെ ഇവിടത്തെ ഓണത്തിന് പ്രത്യേകതയുള്ളതായി തോന്നിയിട്ടുണ്ട്.