ADVERTISEMENT

സീതത്തോട്∙ഗവി വനം വികസന കോർപ്പറേഷൻ(കെഎഫ്ഡിസി) ക്വാട്ടേഴ്സിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായ ഭൂലോക ലക്ഷ്മിയെ കണ്ടെത്താമെന്ന ആഗ്രഹം സഫലമാകാതെ ഗവി കെഎഫ്ഡിസിയിലെ മുൻ ജീവനക്കാരനായ ഭർത്താവ് കൊല്ലം നല്ലില തുണ്ടുവില എസ്.ദാനിയേൽക്കുട്ടി(62) യാത്രയായി. ശ്വാസ തടസത്തെ തുടർന്ന് കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെയായിരുന്നു അന്ത്യം.

കെഎഫ്ഡിസി ഗവി ഡിവിഷൻ ഓഫിസിലെ ടൈപ്പിസ്റ്റായിരുന്ന ഭൂലോക ലക്ഷ്മിയെ 2011 ഓഗസ്റ്റ് 13നാണ് കാണാതാകുന്നത്. തമിഴ്നാട്ടിൽ പഠിക്കുകയായിരുന്ന മക്കളെ കാണാൻ ദാനിയേൽക്കുട്ടി പോയ ദിവസം രാത്രിയാണ് ഗവിയ്ക്കു സമീപമുള്ള ക്വാട്ടേഴ്സിൽ നിന്നും ഭൂലോക ലക്ഷ്മിയെ കാണാതാകുന്നത്. മൂഴിയാർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് വനപാലകർ അടക്കമുള്ള ഒട്ടേറെ പേരെ ചോദ്യം ചെയ്തു. കേസ് നിലവിൽ തിരുവല്ല ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

ഇന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നാണ് ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.വനപാലകർ അറിയാതെ ഭൂലോക ലക്ഷ്മിക്കു ഒന്നും സംഭവിക്കില്ലെന്നായിരുന്നു ദാനിയേൽകുട്ടി എല്ലാ അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞിരുന്നത്. സംഭവം നടക്കുമ്പോൾ ദാനിയേൽക്കുട്ടി ഫോറസ്റ്റ് വാച്ചറായിരുന്നു. 2018ൽ വിരമിച്ചു. ഭാര്യയെ തേടി അലയാത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു

മുംബൈ അടക്കമുള്ള സ്ഥലങ്ങളിൽ ഭൂലോക ലക്ഷ്മിയെ തേടി ദാനിയേൽക്കുട്ടി പോയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിരവധി തവണ ദാനിയേൽക്കുട്ടിയുടെ മൊഴികൾ പൊലീസ് എടുത്തിരുന്നു. ഭൂലോക ലക്ഷ്മിയെ കണ്ടെത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം. ഇതിനിടെയായിരുന്ന അപ്രതീക്ഷിതമായ വിയോഗം.സംസ്കാരം ഇന്ന് 2നു നല്ലില ഗബ്രിയേൽ ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. മക്കൾ:ഡെന്നി,ഡെൻസി.

English Summary:

S. Danielkutty, whose wife Bhooloka Lakshmi vanished from their Gavi KFDC quarters in 2011, passed away without fulfilling his wish to find her. The mysterious disappearance remains unsolved despite ongoing Crime Branch investigations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com