കളിയാക്കിയ വിരോധത്തിൽ കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ
Mail This Article
പത്തനംതിട്ട ∙ കളിയാക്കിയതിന്റെ വിരോധത്തിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. റാന്നി തോട്ടമണ്ണിൽ വാടകയ്ക്ക് താമസിക്കുന്ന കായംകുളം പെരിങ്ങാല ശിവശേരിൽ കിഴക്കേതിൽ വീട്ടിൽ രതീഷ് (42) ആണ് അറസ്റ്റിലായത്. റാന്നി ഉതിമൂട് വലിയകലുങ്ക് നാലുസെന്റ് കോളനി പൊഴിക്കൽ വീട്ടിൽ മോഹനനാണ്(70) കഴുത്തിലും ചെവിയുടെ താഴെയും ഗുരുതരമായി പരുക്കേറ്റത്.
തോട്ടമൺ അമ്പലത്തിനടുത്തുള്ള പലചരക്കു കടയുടെ തിണ്ണയിൽ ഉറങ്ങിക്കിടന്ന മോഹനന് ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് കുത്തേറ്റത്. ഇയാളെ പ്രതി തട്ടിയുണർത്തിയ ശേഷം കൊല്ലുമെന്ന് പറഞ്ഞാണ് കയ്യിലിരുന്ന കത്തികൊണ്ട് കഴുത്തിലും ചെവിയിലും മറ്റും കുത്തിയത്. കൂടാതെ, വലതു തോളിലും കൈകളിലും പരിക്കേൽപിച്ചു. തുടർന്ന്, ഒന്നരയോടെ സ്റ്റേഷനിലെത്തി രതീഷ് പൊലീസിനോട് വിവരം പറയുകയായിരുന്നു.
പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മോഹനനെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തു. രാവിലെ 9ന് അറസ്റ്റ് രേഖപ്പെടുത്തി. റാന്നി പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, എഎസ്ഐ കൃഷ്ണൻ കുട്ടി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.