ADVERTISEMENT

തിരുവല്ല ∙ പേരിൽ കവിയൂർ എന്നുമുണ്ടായിരുന്നെങ്കിലും ജന്മനാട്ടിൽ അധികം നാൾ കവിയൂർ പൊന്നമ്മ ജിവിച്ചിട്ടില്ല. എങ്കിലും കവിയൂരിലായിരുന്നു പൊന്നമ്മയുടെ കലാജീവിതത്തിന്റെ തുടക്കം. കവിയൂർ മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയിലുള്ള തെക്കേതിൽ കുടുംബത്തിൽ ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായാണ് ജനനം. ചങ്ങനാശേരിയിലുള്ള അമ്മവീട്ടിലായിരുന്നു ബാല്യകാലം. സ്കൂൾ പഠനവും സംഗീത പഠനവും അവിടെ ചെറിയ പ്രായത്തിൽ തന്നെ തുടങ്ങിയിരുന്നു. പിന്നീട് ആറാം ക്ലാസിൽ കവിയൂർ എൻഎസ്എസ് സ്കൂളിൽ ചേർന്നു. 3 വർഷം ഇവിടെ പഠിച്ചതായി നാട്ടുകാർ ഓർക്കുന്നു. അന്ന് സ്കൂളിൽ വച്ചാണ് കവിയൂർ പൊന്നമ്മയുടെ സംഗീത അരങ്ങേറ്റം നടന്നത്. നാട്ടുകാരിയായിരുന്ന കവിയൂർ രേവമ്മ അന്ന് അറിയപ്പെടുന്ന സംഗീതജ്ഞയായിരുന്നു. അരങ്ങേറ്റത്തിനെത്തിയ വിശിഷ്ടാതിഥികൾ കവിയൂർ രേവമ്മയെപ്പോലെ പ്രശസ്തയാകട്ടെ എന്ന് അനുഗ്രഹിച്ച് കവിയൂർ‌ പൊന്നമ്മയെന്നു വിളിച്ചു. അന്നു മുതലാണ് കവിയൂർ പൊന്നമ്മ എന്ന പേര് കൂടപ്പിറപ്പായത്. 

3 വർഷത്തിനുശേഷം കുടുംബം കൊല്ലത്തേക്ക് താമസം മാറിയതായി ഇപ്പോൾ കവിയൂരിൽ താമസിക്കുന്ന ഇളയ സഹോദരൻ ഗണേശ് കവിയൂർ പറഞ്ഞു. കെപിഎസി നാടകസമിതിയിൽ പാടാനുള്ള അവസരത്തിനായാണ് കൊല്ലത്തേക്ക് മാറിയത്. നാടക പിന്നണി ഗാനരംഗം വഴി നാടകത്തിലും സിനിമയിലുമെത്തി. മലയാളിയുടെ അമ്മമുഖങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറിയതാണ് പിന്നീടുള്ള ചരിത്രം. കവിയൂരിൽ ഏറ്റവും അവസാനമായി പൊതുചടങ്ങിൽ പങ്കെടുത്തത് 9 വർഷം മുൻപാണ്. കുടുംബക്ഷേത്രമായ കവിയൂർ ത്രിപുരസുന്ദരി ക്ഷേത്രത്തിന്റെ ഒന്നാം പ്രതിഷ്ഠാ വാർഷികത്തിൽ പങ്കെടുക്കാനാണ് എത്തിയത്. ഇടയ്ക്കിടെ മഹാദേവക്ഷേത്രത്തിൽ ദർശനത്തിന് എത്തുമായിരുന്നു. 4 വർ‌ഷം മുൻ‌പും എത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

English Summary:

This article delves into the early life of renowned Malayalam actress Kaviyoor Ponnamma. Born in Kaviyoor, her journey began with singing and blossomed into a successful acting career. Explore her childhood, education, and how she earned her iconic name.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com