ADVERTISEMENT

കോന്നി∙ കെഎസ്ആർടിസി പുനലൂർ - മുണ്ടക്കയം ചെയിൻ സർവീസിലെ കോന്നിയിൽ നിന്നുള്ള ബസുകൾ പിൻവലിച്ചു. ചീഫ് ഓഫിസിൽ നിന്നുള്ള നിർദേശ പ്രകാരം കോന്നി ഡിപ്പോയിലെ രണ്ട് ബസുകളും മുണ്ടക്കയം റൂട്ടിൽ നിന്ന് പിൻവലിക്കുകയായിരുന്നു. ഇതോടെ ഒരു മാസവും നാല് ദിവസവും പ്രവർത്തിച്ച ഷെഡ്യൂളുകൾ ഇന്നലെ മുതൽ നിർത്തലാക്കി. ഓരോ ട്രിപ്പിലും ഉൾപ്പെടെ ഒരു ദിവസം ലഭിക്കുന്ന വരുമാനത്തിൽ കാര്യമായ കുറവ് ഉണ്ടായതോടെയാണ് നഷ്ടം കണക്കാക്കി ഇത് നിർത്തലാക്കിയത്.

ദിവസ വരുമാനത്തിലും ഇപികെഎമ്മിലും (ഏൺ പെർ കിലോമീറ്റർ) വലിയ കുറവ് സംഭവിച്ചത് കോന്നി ഡിപ്പോയുടെ നഷ്ടത്തിന്റെ കണക്കിൽപെടുത്തിയതോടെ കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫിസിൽ നിന്ന് മുണ്ടക്കയം ബസ് പിൻവലിക്കാൻ നിർദേശം നൽകുകയായിരുന്നു. മുണ്ടക്കയം ഓടിക്കൊണ്ടിരുന്ന രണ്ട് ബസുകളും ഇന്നലെ മറ്റു റൂട്ടുകളിലാണ് സർവീസ് നടത്തിയത്. പുനലൂർ -മുണ്ടക്കയം 360 കിലോമീറ്റർ ഡബിൾ ഡ്യൂട്ടിയിൽ പൂർത്തിയാകുമ്പോൾ ദിവസം 20,000 രൂപയെങ്കിലും ലഭിക്കണം. എങ്കിൽ മാത്രമേ ഡീസലിനു ചെലവാകുന്ന തുകയെങ്കിലും ലഭിക്കൂ. അതായത് ഇപികെഎം ഏറ്റവും കുറഞ്ഞത് 28 ആയിരിക്കണം.

കിലോമീറ്ററിന് 48 രൂപ ലഭിച്ചെങ്കിൽ മാത്രമേ ഡീസലിനും ഡ്രൈവറുടെയും കണ്ടക്ടറുടെയും ചെലവിനുമുള്ള വരുമാനമാകു. എന്നാൽ, ഓണത്തിന് ഒരു ദിവസം ഒഴിച്ച് ഇത് 20ൽ താഴെയുമായിരുന്നു. മുൻപ് ലാഭകരമായി സർവീസ് നടത്തിയിരുന്ന മുണ്ടക്കയം - പുനലൂർ ചെയിൻ കോവിഡിനെ തുടർന്നാണ് നിർത്തലാക്കിയത്. പിന്നീട് കഴിഞ്ഞ മാസം 23നാണ് ഭാഗികമായി പുനരാരംഭിച്ചത്. ഒട്ടേറെ യാത്രക്കാർക്ക് ഏറെ സൗകര്യവും ഗുണകരവുമായിരുന്ന സർവീസായിരുന്നു ഇത്.

മുൻപത്തെ പോലെ പുനലൂർ- മുണ്ടക്കയം ചെയിൻ സർവീസ് ലാഭകരമാക്കണമെങ്കിൽ കൂടുതൽ ബസുകൾ അനുവദിക്കണം. നിലവിൽ റാന്നി, കോന്നി ഡിപ്പോകളിൽ നിന്നുള്ള രണ്ട് വീതം ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ചെയിൻ സർവീസിന് 20 മിനിറ്റ് ഇടവിട്ട് ബസ് വേണമെന്നുള്ളതിനാൽ പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, പൊൻകുന്നം എന്നീ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ഉൾപ്പെടുത്തി സർവീസ് നടത്തണം. മുൻപ് ഇങ്ങനെയായിരുന്നു ചെയിൻ ഓപ്പറേറ്റ് ചെയ്തിരുന്നത്. കൂടാതെ പത്തനംതിട്ട- പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളുടെ സമയവും പുനഃക്രമീകരിക്കണം.

നിലവിൽ പുനലൂരിൽ നിന്നുള്ള ബസുകൾ പത്തനംതിട്ടയിൽ എത്തുമ്പോഴേക്കും പൊൻകുന്നത്തിന് ഇവിടെ നിന്നുള്ള ഓർഡിനറി പുറപ്പെട്ടുകഴിഞ്ഞിരിക്കും. ഇതിനു മാറ്റമുണ്ടാക്കുകയും കൃത്യമായി 20 മിനിറ്റ് ഇടവിട്ട് ബസ് ഓടുകയും ചെയ്താൽ സ്ഥിര യാത്രക്കാർ ഉണ്ടാകുകയും വരുമാനം ലഭിക്കുകയും ചെയ്യും. കെഎസ്ആർടിസിയുടെ സൗത്ത് സോൺ ഓഫിസിന്റെ പരിധിയിൽ വരുന്ന റൂട്ടായതിനാൽ ബന്ധപ്പെട്ടവർ മുൻകൈ എടുത്ത് ചീഫ് ഓഫിസിലേക്ക് റിപ്പോർട്ട് നൽകി പുനലൂർ- മുണ്ടക്കയം ചെയിൻ സർവീസ് പുനരാരംഭിക്കണമെന്നാണ് ആവശ്യം.

English Summary:

Due to significant financial losses and low ridership, KSRTC has stopped its bus service connecting Konni to Mundakkayam, affecting commuters dependent on the Punalur-Mundakkayam route. This decision comes after only a month of operation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com