ADVERTISEMENT

പത്തനംതിട്ട ∙ മത്സ്യക്കൃഷിയിൽ വിജയഗാഥ തീർത്ത് ജില്ലയിലെ ഫിഷറീസ് വിഭാഗം. 1.14 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ വർഷം ജില്ലയിൽ വിരിയിച്ചത്. ഇതിൽ നല്ലൊരു ശതമാനവും പത്തനംതിട്ടയിലെ മത്സ്യക്കർഷകർക്കു വിവിധ സ്കീമുകളിലായി സബ്സിഡിയോടെ വിതരണം ചെയ്തു. കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സിലും തിരുവല്ലയിലെ പോളച്ചിറ നാഷനൽ ഫിഷ് സീഡ് ഫാമിലുമായാണ് മത്സ്യക്കുഞ്ഞുങ്ങളെ വിരിയിച്ചത്. വിവിധ പദ്ധതികളിലൂടെ കഴിഞ്ഞ വർഷം 4 കോടി രൂപയുടെ ഗ്രാന്റും സബ്സിഡികളും കർഷകർക്ക് നൽകി. 

പോളച്ചിറയിലെ ഫാമിനൊപ്പം ഐരാറ്റ്, ആലപ്പുഴ ജില്ലയിലെ എടത്വ എന്നിവിടങ്ങളിലും ഫാമുകളുണ്ട്. ജില്ലയിൽ ഉൽപാദിപ്പിച്ച മത്സ്യക്കുഞ്ഞുങ്ങളെ കഴിഞ്ഞ വർഷം കോട്ടയം, ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിലേക്കും വിതരണം നടത്തിയിരുന്നു. ഇതുകൂടാതെ സ്വകാര്യ കർഷകർക്കും ആവശ്യാനുസരണം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലേക്കാണ് ഇവിടെനിന്ന് മത്സ്യക്കുഞ്ഞുങ്ങളെ നൽകുന്നത്. നിലവിൽ ജില്ലയിലെ 53 പഞ്ചായത്തുകളിലും 4 നഗരസഭകളിലും മത്സ്യക്കർഷകർ ഈ പദ്ധതി വഴി മത്സ്യക്കൃഷി നടത്തിവരുന്നു. 4500ൽ അധികം മത്സ്യക്കർഷകരാണ് ജില്ലയിലുള്ളത്. 

വിവിധ പദ്ധതികൾ; വിപുലം, മത്സ്യക്കൃഷി
ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ ഭാഗമായി 2869 യൂണിറ്റുകളാണ് ജില്ലയിൽ കാർപ്പ് മത്സ്യക്കൃഷി ചെയ്യുന്നത്. കുളങ്ങളിൽ ചെയ്യുന്ന ഗിഫ്റ്റ് മത്സ്യക്കൃഷിയുടെ 17 യൂണിറ്റുകളും വരാൽ മത്സ്യക്കൃഷി നടത്തുന്ന 75 യൂണിറ്റുകളുമുണ്ട്. 95 യൂണിറ്റുകളിൽ അനബാസ് (കല്ലേമുട്ടി) മത്സ്യക്കൃഷിയും നടത്തിവരുന്നു. 33 യൂണിറ്റുകളാണ് ജില്ലയിൽ കരിമീൻ വിത്തുൽപാദനം നടത്തുന്നത്.

 26 യൂണിറ്റുകളിൽ വരാൽ വിത്തുൽപാദനവും നടക്കുന്നുണ്ട്. പ്രധാന മന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയിൽ ഉൾപ്പെടുന്ന ബയോ ഫ്ലോക്കിന്റെ 300 യൂണിറ്റുകളും ആർഎഎസിന്റെ 250 യൂണിറ്റുകളും വിവിധയിടങ്ങളിലായി കൃഷി നടത്തിവരുന്നുണ്ട്. 25 മിനി ആർഎഎസുകളുമുണ്ട്. അലങ്കാര മത്സ്യക്കൃഷി നടത്തുന്ന 12 യൂണിറ്റുകളും ജില്ലയിലുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം, ജില്ലയിലെ 2 ഹാച്ചറികളിലായി ഉൽപാദിപ്പിച്ചു നൽകേണ്ട മത്സ്യക്കുഞ്ഞുങ്ങളുടെ ടാർഗറ്റ് കൃത്യമായി പൂർത്തിയാക്കാൻ ഫിഷറീസ് വിഭാഗത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 1.30 കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതോടൊപ്പം തദ്ദേശീയ മത്സ്യങ്ങളുടെ തനതു കൃഷി ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. വരുംവർഷങ്ങളിൽ പദ്ധതി വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളിലാണിപ്പോൾ.

ജില്ലയിലെ മത്സ്യക്കൃഷി നൂറുശതമാനം വിജയമായാണ് നടന്നുവരുന്നത്. വിവിധ സ്കീമുകളിലൂടെ കർഷകർക്ക് ആവശ്യമായ ധനസഹായവും വിവര–സാങ്കേതിക സഹായവും പരിശീലനവും നൽകിവരികയാണ്. കർഷകരുടെ പരിപൂർണ പിന്തുണയും പദ്ധതികൾക്ക് ലഭിക്കുന്നുണ്ട്.

English Summary:

Pathanamthitta witnesses a boom in fish production as the Fisheries Department successfully hatches and distributes over 1.14 crore fish seedlings, boosting local farmers and aquaculture in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com