ADVERTISEMENT

പത്തനംതിട്ട ∙ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രതിമാസ ശമ്പള ബില്ലിൽ വിദ്യാഭ്യാസ ഓഫിസർമാർ ഒപ്പിട്ട് അംഗീകാരം നൽകണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എഎച്ച്എസ്ടിഎ). ഉത്തരവ് വിചിത്രമാണെന്നും എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ ശമ്പളം തടസ്സപ്പെടുത്താനുള്ള നീക്കമാണെന്നും സംഘടന ആരോപിച്ചു. 

ഏറെ നാളത്തെ ആവശ്യത്തിനു ശേഷം 2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരിക്ക് ശമ്പളം നൽകുന്നതിനുള്ള പദവി നൽകിയതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. 
എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൽ നിന്നു സർക്കാർ പിൻമാറണമെന്ന് എഎച്ച്എസ്ടിഎ ജില്ലാ പ്രസിഡന്റ് പി.ചാന്ദിനി, ജനറൽ സെക്രട്ടറി ഡോ. അനിത ബേബി എന്നിവർ ആവശ്യപ്പെട്ടു.

തിരുവല്ല ∙ എയ്ഡഡ് പ്രൈമറി പ്രഥമാധ്യാപകർക്ക് 2013 മുതൽ ലഭിച്ചു വന്നിരുന്ന സെൽഫ് ഡ്രോയിങ് നിർത്തലാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫ്രണ്ട് സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. 

എയ്ഡഡ് മേഖലയിലെ പ്രഥമാധ്യാപകർക്ക് ഒരു പതിറ്റാണ്ടിലേറെയായി അനുവദിച്ച ഈ ആനുകൂല്യം നിർത്തലാക്കിയത് പ്രതിഷേധാർഹമാണ്. ധനകാര്യ വകുപ്പിന്റെ ഈ ഉത്തരവ് റദ്ദു ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിനോയ് മഠത്തിൽ അധ്യക്ഷത വഹിച്ചു. 
ജനറൽ സെക്രട്ടറി ഷാജി വി.മാത്യു സംസ്ഥാന ഭാരവാഹികളായ പി.വി.ജോസ്, ജി.സജി, കെ.നസീർ, എം.രവി, കെ.ജോണി, എൻ.ജി.സുജാദേവി, രേഖ ജോൺ, ജോളി ജോസഫ്, ലിജി സൂസൻ ജോൺ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട ∙ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാരുടെയും പ്രധാനാധ്യാപകരുടെയും സെൽഫ് ഡ്രോയിങ് പദവി നിഷേധിച്ചുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് എകെഎസ്ടിയു ജില്ലാകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. 

ശമ്പളം പിൻവലിക്കാൻ ഉദ്യോഗസ്ഥരുടെ മേലൊപ്പ് വേണമെന്നത് എയ്ഡഡ് അധ്യാപകരുടെ ശമ്പളം വൈകുന്നതിനും ശമ്പള വിതരണത്തിൽ സങ്കീർണതകൾ സൃഷ്ടിക്കുന്നതിനും കാരണമാകും. യുക്തിക്കു നിരക്കാത്തതും ഉദ്യോഗസ്ഥ മേധാവിത്വത്തിന് വഴിവയ്ക്കുന്നതുമായ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും എയ്ഡഡ് മേലധികാരികളുടെ സെൽഫ് ഡ്രോയിങ് പദവി പുനഃസ്ഥാപിക്കണമെന്നും പ്രസിഡന്റ് അരുൺ മോഹനും സെക്രട്ടറി റെജി മലയാലപ്പുഴയും ആവശ്യപ്പെട്ടു.

English Summary:

Teachers' unions in Pathanamthitta and Thiruvalla are demanding the Kerala government withdraw orders that hinder the salary disbursement process for aided school staff and remove the self-drawing facility for headmasters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com