മരത്തിൽ കുടുങ്ങി; രക്ഷയായി സുഹൃത്തും അഗ്നിരക്ഷാസേനയും
Mail This Article
പത്തനംതിട്ട ∙ മരം മുറിക്കുന്നതിനിടെ പക്ഷാഘാതം വന്നു മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ വള്ളിക്കോട് കോട്ടയത്ത് അന്തിച്ചന്ത ജംക്‌ഷനിലെ സ്വകാര്യ സ്ഥാപനത്തിന്റെ പരിസരത്തെ മരം മുറിക്കുന്നതിനിടെയാണു സംഭവം. കുമ്മണ്ണൂർ കാലായിൽ തടത്തരികത്തുചരിവ് ജലീലിനെ (49) ആണ് അഗ്നിരക്ഷാ സേന സാഹസികമായി താഴെയിറക്കിയത്.
പക്ഷാഘാതം വന്ന് ഇടതുവശം തളർന്ന ജലീലിനെ ഒപ്പമുണ്ടായിരുന്ന മലയാലപ്പുഴ സ്വദേശി പ്രസാദ് മരത്തോടു ചേർത്തുവച്ചു കെട്ടി. പിന്നിലേക്കു മറിയാൻ സാധ്യതയുണ്ടായിരുന്നതിനാൽ ഏറെ ശ്രമകരമായാണ് സേനാംഗങ്ങൾ സ്ഥലത്തെത്തും വരെ 10 മിനിറ്റോളം പ്രസാദ് ജലീലിനെ ചേർത്തു പിടിച്ചു നിന്നത്. പത്തനംതിട്ട അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫിസർ എ.സാബുവിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്.
സേനയിലെ എ.പി.ദില്ലു മരത്തിനു മുകളിലെത്തിയപ്പോഴേക്ക് പ്രസാദും ക്ഷീണിച്ചിരുന്നു. സേനയുടെ കോണിയിൽ പ്രസാദ് താഴെയിറങ്ങി. പിന്നീട് സുരക്ഷാ വല ഒരുക്കും വരെ ദില്ലു ജലീലിനെ പിടിച്ചു നിർത്തി. കെട്ടഴിച്ച് ജലീലിനെ വലയിൽ കയറ്റി മറ്റംഗങ്ങളുടെ സഹായത്തോടെ താഴെയിറക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീടു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എ.പി.ദില്ലു, എസ്.സതീശൻ, എസ്.ശ്രീകുമാർ എന്നിവർ മരത്തിനു മുകളിൽ കയറി. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരായ പി.ശ്രീനാഥ്, ജെ.അമൽചന്ത്, വിഷ്ണു വിജയ്, അസിം അലി, ആൻസി ജയിംസ്, ഹോം ഗാർഡുമാരായ അജയകുമാർ, വിനയചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.