കുരുമ്പൻമൂഴി അടുക്കളപ്പാറ കടവ് കടക്കാൻ നടപ്പാലം വരുന്നു
Mail This Article
വെച്ചൂച്ചിറ ∙പമ്പാനദിയിലെ കുരുമ്പൻമൂഴി അടുക്കളപ്പാറ കടവ് കടക്കാൻ ഇനി നടപ്പാലവും. പട്ടികവർഗ വകുപ്പ് അനുവദിച്ച 3.97 കോടി രൂപ ചെലവഴിച്ചാണ് നടപ്പാലം നിർമിക്കുന്നത്. നടപ്പാലത്തിന്റെ ബോറിങ് കഴിഞ്ഞ ദിവസം പൂർത്തിയായി. 3 വശങ്ങൾ വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെടുന്ന പ്രദേശമാണിത്. ജനകീയാസൂത്രണത്തിനു മുൻപേ ജനകീയ പങ്കാളിത്തത്തോടെ പമ്പാനദിയിൽ നിർമിച്ച കോസ്‌വേയാണ് അടുത്ത കാലം വരെ കുരുമ്പൻമൂഴി, മണക്കയം എന്നീ മലയോരവാസികളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി പമ്പാനദിയിൽ തടയണ പണിതതോടെ ചെറിയ മഴക്കാലത്തും കോസ്‌വേ വെള്ളത്തിൽ മുങ്ങുകയാണ്. പിന്നാലെ ദിവസങ്ങളോളം ജനങ്ങൾ ഒറ്റപ്പെടും.
പെരുന്തേനരുവിയിൽ നിന്ന് മണക്കയത്തിനുള്ള വന പാത കോൺക്രീറ്റ് ചെയ്തതോടെ കോസ്‌വേ മുങ്ങിയാലും ജനങ്ങൾക്ക് പുറംനാടുകളിൽ എത്താനുള്ള മാർഗം തെളിഞ്ഞിരുന്നു. റീബിൽഡ് കേരള പദ്ധതിയിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇതിനിടെയാണ് നടപ്പാലത്തിന്റെ നിർമാണം കരാറായത്. പൊതുമേഖല സ്ഥാപനമായ സിൽക്‌സിനാണ് നിർമാണ ചുമതല. അവരാണ് കരാർ നൽകിയത്. നടപ്പാലത്തിന്റെ തൂണുകൾ ബലപ്പെടുത്താനുള്ള മണ്ണു പരിശോധനയാണ് പൂർത്തിയാക്കിയത്. എല്ലാ തൂണുകളുടെയും സ്ഥാനത്തു മണ്ണിന്റെ ഉറപ്പ് പരിശോധിച്ചു. പമ്പാനദിയിൽ ജലനിരപ്പു കുറയുന്നതോടെ നിർമാണം ആരംഭിക്കും. ഇതിന്റെ പണി പൂർത്തിയാകുന്നതോടെ കോസ്‌വേ മുങ്ങിയാലും നടപ്പാലത്തിലൂടെ ജനങ്ങൾക്ക് അക്കരെയിക്കരെ കടക്കാം.