ADVERTISEMENT

പെരുനാട് ഒരാഴ്ചയ്ക്കിടെ ആക്രമിച്ചത് 5 പേരെ  
റാന്നി പെരുനാട് ∙ തെരുവു നായ്ക്കളെ ഭയന്ന് പെരുനാട് ജംക്‌ഷനിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതി. ഒരാഴ്ചയ്ക്കിടെ 5 പേരെ ആക്രമിച്ചു. വെൽഡിങ് പണിശാലയിലെ തൊഴിലാളി പെരുനാട് വാഴയിൽ അനിൽകുമാർ, സ്കൂൾ വിദ്യാർഥികളായ സുദേവ്, രാഹുൽ എന്നിവരേയും ബവ്കോ ശാഖയിലും എടിഎമ്മിലും എത്തിയ ഓരോരുത്തരെയുമാണ് കടിച്ചത്. ഇതിൽ അനിൽകുമാറിന്റെ പരുക്ക് ഗുരുതരമാണ്. പണിശാലയിലെ ജോലിക്കു ശേഷം ഓട്ടോ സ്റ്റാൻഡിനു മുന്നിലെത്തിയപ്പോഴാണ് അനിൽകുമാറിനെ പിന്നാലെയെത്തിയ തെരുവുനായ ആക്രമിച്ചത്. ഓടിക്കാൻ ശ്രമിച്ചിട്ടും നായ കൂടുതൽ ആക്രമണോത്സുകത കാട്ടി. 5 പല്ലുകൾ‌ അനിൽകുമാറിന്റെ കാലിൽ തുളച്ചു കയറി. കാലിലെ ദശയ്ക്കും ക്ഷതം സംഭവിച്ചു. അടുത്തിടെ ലോട്ടറി വിൽപനക്കാർ അടക്കമുള്ളവരെ തെരുവു നായ ആക്രമിച്ചിരുന്നു.

വ്യാപാരിക്ക് കടിയേറ്റു
പന്തളം ∙ റോഡിലൂടെ നടന്നുവരുമ്പോൾ വ്യാപാരിക്ക് തെരുവുനായയുടെ കടിയേറ്റു. മങ്ങാരം പടിഞ്ഞാറെ കളീക്കൽ കെ.കെ.നിക്സണാണ്(69) പരുക്കേറ്റത്. ഇന്നലെ രാവിലെ ആറോടെ, കെഎസ്ആർടിസി സ്റ്റാൻഡിന് മുൻപിൽ വച്ചാണ് സംഭവം. ചന്തയിൽ തട്ട് സ്ഥാപിച്ചു വ്യാപാരം നടത്തുകയായിരുന്ന നിക്സൺ, ഇത് തുറക്കുന്നതിനായി ഇന്നലെ രാവിലെ ചന്തയിലേക്ക് വരുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. വലത് കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. അടൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ചന്തയും കെഎസ്ആർടിസി സ്റ്റാൻഡ് പരിസരവും ഇപ്പോൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്.

അടൂരിൽ 6 പേരെ തെരുവുനായ കടിച്ചുപരുക്കേൽപിച്ചു
അടൂർ ∙ രണ്ടു പൊലീസുകാരെ ഉൾപ്പെടെ 6 പേരെ അടൂരിൽ തെരുവുനായ കടിച്ചു പരുക്കേൽപിച്ചു. സ്പെഷൽ ബ്രാഞ്ച് എസ്‌സിപിഒ രാഹുൽ (38), ഡാൻസാഫ് ടീമിലെ സിപിഒ ശ്രീരാജ് (32) എന്നിവരെ അടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചും.കൊച്ചുവിളയിൽ ജോയ്ജോർജ്(68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടിൽ സാമുവേൽ (82) കരുവാറ്റ പ്ലാവിളയിൽ ലാലു ലാസർ (42), പെരിങ്ങനാട് കാഞ്ഞിരവിള പുത്തൻവീട്ടിൽ അനിയൻ മത്തായി (60) എന്നിവരെ കരുവാറ്റ പ്ലാവിളത്തറ ഭാഗത്തുവച്ചുമാണ് തെരുവുനായ കടിച്ചത്. ജോയിയുടെ ചുണ്ട് നായ കടിച്ചു പറിച്ചു. ഇവരെല്ലാം അടൂർ ജനറലാശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ടാണ് ഇവരെയെല്ലാം കടിച്ചത്. പൊലീസ് സ്റ്റേഷന്റെ ഭാഗത്തു നിന്നു വന്ന തെരുവുനായയാണ് ഇവരെയെല്ലാം കടിച്ചു പരുക്കേൽപിച്ചത്.

English Summary:

This article highlights the escalating danger posed by stray dogs in Perunad, Pantalam, and Adoor, Kerala. Several attacks have left residents injured, including shopkeepers, police officers, and school children. The article emphasizes the need for immediate action to ensure public safety and address the stray dog menace.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com