തുലാമാസ പൂജ: ശബരിമല നട തുറന്നു; മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്
Mail This Article
ശബരിമല / കൊച്ചി ∙ തുലാമാസ പൂജയ്ക്കായി ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് തന്ത്രിമാരായ കണ്ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറന്നു. ഇന്നു രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും. 21ന് രാത്രി 10ന് നട അടയ്ക്കും.മേൽശാന്തി നറുക്കെടുപ്പ് ഇന്ന് രാവിലെ 7.30ന് ഉഷഃപൂജയ്ക്കു ശേഷം സന്നിധാനത്തു നടക്കും. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് പ്രാഥമിക പട്ടികയിലുള്ളത്.
ചുരുക്കപ്പട്ടികയിലുള്ള ഒരാളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. മതിയായ പൂജാ പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ വട്ടിയൂർക്കാവ് തെക്കേടം മന ടി.കെ.യോഗേഷ് നമ്പൂതിരിയുടെ പേര് നറുക്കെടുപ്പ് പട്ടികയിൽനിന്ന് ഒഴിവാക്കാനാണു ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
അതേസമയം, വേണ്ടത്ര പൂജാ പരിചയമില്ലെന്ന് ആരോപിക്കപ്പെട്ടിരുന്ന മായന്നൂർ മുണ്ടനാട്ടുമന എം.പ്രമോദിനെ നറുക്കെടുപ്പിൽ പങ്കെടുപ്പിക്കാം എന്നും കോടതി വ്യക്തമാക്കി. പ്രമോദിന്റെ അപേക്ഷാ വിവരങ്ങളടങ്ങിയ ഫയലിൽ പ്രവൃത്തിപരിചയ രേഖകളുണ്ടെന്നു കണ്ടെത്തിയതിനാലാണിത്. ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജികളിലാണു ഹൈക്കോടതി വിധി.നറുക്കെടുപ്പിനു കുറിയെടുക്കാൻ പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഋഷികേശ് വർമ, വൈഷ്ണവി എന്നിവർ ഇന്നലെ സന്നിധാനത്തെത്തി. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ ജസ്റ്റിസ് രാമചന്ദ്രൻ, സ്പെഷൻ കമ്മിഷണർ ആർ.ജയകൃഷ്ണൻ എന്നിവരും എത്തിയിട്ടുണ്ട്.
തീർഥാടനം സുഗമം ആക്കണം; നാമജപ പ്രാർഥന നടത്തി
പന്തളം ∙ സുഗമമായ ശബരിമല തീർഥാടനത്തിനാവശ്യമായ സൗകര്യങ്ങൾ അധികൃതർ ഒരുക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രാചാര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പന്തളം കൊട്ടാരത്തിലെ തിരുവാഭരണ മാളികയിൽ നാമജപ പ്രാർഥന നടത്തി. പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ.സുരേഷ് വർമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.ശങ്കർവർമ, ട്രഷറർ എൻ.ദീപാ വർമ, മുൻ സെക്രട്ടറി പി.എൻ.നാരായണവർമ, നഗരസഭാ കൗൺസിലർ കെ.ആർ.രവി, യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി, ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്റ് രാഘവവർമ, അയ്യപ്പസേവാസമാജം ജില്ലാ സെക്രട്ടറി പി.ജി.വേണുഗോപാൽ, തിരുവാഭരണ പേടകവാഹകസംഘാംഗം ഉണ്ണി കുളത്തിനാൽ തുടങ്ങിയവർ പങ്കെടുത്തു. ഒട്ടേറെ ഭക്തരും പ്രാർഥനയിൽ പങ്കെടുത്തു. 26ന് 3ന് അയ്യപ്പഭക്തസംഘടനകളുടെ യോഗവും ചേരുന്നുണ്ട്.