ADVERTISEMENT

പത്തനംതിട്ട ∙ ദുഃഖം തളംകെട്ടിനിന്ന കാരുവള്ളിൽ വീട്ടിലേക്ക് നവീൻ ബാബു അവസാനമായി കടന്നുവന്നു, ചേതനയറ്റ ശരീരമായി. പ്രിയപ്പെട്ടവരുടെ കണ്ണുകളിൽനിന്ന് ഇറ്റുവീണ കണ്ണീർത്തുള്ളികളെ സാക്ഷിയാക്കി നാട് അദ്ദേഹത്തിന് യാത്രാമൊഴിയേകി. കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അവസാനമായി ഒരുനോക്കു കാണാൻ വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയത്. കണ്ണൂരിലെ യാത്രയയപ്പ് ചടങ്ങിലെ വേദനിപ്പിക്കുന്ന വാക്കുകൾക്ക് ഇരയായ നവീൻ‌ ബാബുവിന് സ്നേഹത്തിന്റെ ഭാഷയിൽ യാത്രയയപ്പു നൽകുകയായിരുന്നു ജന്മനാട്. ‌പ്രളയകാലത്തും കോവിഡ് കാലത്തും മികച്ച പ്രകടനം കാഴ്ചവച്ച റവന്യു ഉദ്യോഗസ്ഥൻ നവീൻ ഔദ്യോഗിക ജീവിതത്തിന്റെ അവസാന കാലം പത്തനംതിട്ടയിലായിരിക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാതെയാണ് മടങ്ങുന്നത്. 11.35ന് ഭൗതിക ശരീരം മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചു. വീട്ടിലെ സ്വീകരണമുറിയിലേക്കാണ് ആദ്യം മൃതദേഹമെത്തിച്ചത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും അന്ത്യാഞ്ജലി അർപ്പിച്ച ശേഷം പൊതുദർശനത്തിനായി വീടിനു മുന്നിൽ പ്രത്യേകം തയാറാക്കിയ ഇടത്തേക്ക് എത്തിച്ചു. ഉച്ചകഴിഞ്ഞ് 2.45ന് സംസ്കാര കർമങ്ങൾ ആരംഭിച്ചു. മക്കളായ നിരഞ്ജനയും നിരുപമയും ചേർന്നാണ് അന്ത്യകർമങ്ങൾ ചെയ്തത്. കർമങ്ങൾ പൂർത്തിയാക്കി 3.45ന് മൃതദേഹം ചിതയിലേക്കെടുത്തു. ഇളയ മകൾ നിരുപമയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. 

കെ.നവീൻ ബാബുവിന്റെ ഭൗതിക ശരീരം പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയവരുടെ തിരക്ക്
കെ.നവീൻ ബാബുവിന്റെ ഭൗതിക ശരീരം പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയവരുടെ തിരക്ക്

വിങ്ങലോടെ സഹപ്രവർത്തകർ 
പത്തനംതിട്ട ∙ അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ ഏറ്റുവാങ്ങേണ്ടിയിരുന്ന പത്തനംതിട്ട കലക്ടറേറ്റിൽ ഇന്നലെ നവീൻ ബാബുവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയതു കണ്ണീർ പൂക്കൾ. ജില്ലയുടെ ഭരണ സാരഥ്യത്തിൽ രണ്ടാമനായി ചുമതലയേൽക്കേണ്ടിയിരുന്ന നവീൻ ബാബുവിന്റെ മൃതശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ ജനപ്രതിനിധികളും സിവിൽ സർവീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അടക്കിപ്പിടിച്ച സങ്കടം കണ്ണീർച്ചാലുകളായൊഴുകി. എഡിഎമ്മായി ചുമതലയേൽക്കുന്നതു കാത്തിരുന്ന പ്രിയപ്പെട്ടവരുടെ ആദരവും സ്നേഹവായ്പുകളും ഒരു നൂറു പുഷ്പങ്ങളായി അദ്ദേഹത്തിനു മേൽ നിറഞ്ഞു. സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം ഒട്ടേറെപ്പേർ കലക്ടറേറ്റിലേക്ക് ഇന്നലെ രാവിലെയെത്തി. പ്രിയപ്പെട്ട നവീൻ ബാബുവിനെ അവസാനമായി ഒരു നോക്കു കാണാനുള്ള വരി കലക്ടറേറ്റിലേക്കുള്ള പ്രധാന കവാടത്തോളം നീണ്ടു. 

ഇതിലും മികച്ച യാത്രയയപ്പ് നവീൻ അർഹിച്ചിരുന്നു: പി.ബി.നൂഹ് 
പത്തനംതിട്ട ∙ ‘പോയതു നാട്ടുകാർക്കാണ്, ഇതിലും മികച്ച യാത്രയയപ്പ് നവീൻ ബാബു അർഹിച്ചിരുന്നു’, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സപ്ലൈകോ സിഎംഡി പി.ബി.നൂഹിന്റെ പ്രതികരണം ഇതായിരുന്നു.നേരത്തെ നൂഹ് പത്തനംതിട്ട കലക്ടറായിരുന്നപ്പോൾ നവീൻ ബാബുവിനൊപ്പം പ്രവർത്തിച്ച കാര്യങ്ങൾ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.താൻ കലക്ടറായി പ്രവർത്തിച്ച 3 വർഷത്തിനിടെ സംഭവ ബഹുലമായ സംഭവങ്ങളുണ്ടായപ്പോൾ നവീൻ ബാബു കാര്യക്ഷമമായി പ്രവർത്തിച്ച കാര്യങ്ങൾ നൂഹ് വിശദമായി കുറിച്ചു. 2018ലെ വെള്ളപ്പൊക്കത്തിൽ പത്തനംതിട്ടയിലെ പ്രമാടത്ത് ഫ്ലഡ് റിലീഫ് മെറ്റീരിയൽ കലക്‌ഷൻ കേന്ദ്രത്തിൽ പുലർച്ചെ 3 വരെ പ്രവർത്തിച്ച നവീൻ ബാബുവിനെയാണു തനിക്ക് പരിചയമെന്നും ശബരിമലയുമായി ബന്ധപ്പെട്ട ചുമതലകൾ വിശ്വസിച്ച് ഏൽപിക്കാൻ കഴിയുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നെന്നും കോവിഡ് കാലത്ത് തിരുവല്ലയിലെ ക്വാറന്റീൻ കേന്ദ്രം പരാതികളില്ലാതെ ഏകോപിപ്പിച്ച കാര്യവും നൂഹ് അനുസ്മരിച്ചു. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കൽ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തിൽ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥൻ അതും ഒടുവിൽ ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണെന്നും, ‍അദ്ദേഹം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നുവെന്നും നൂഹ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. 

നവീൻ ബാബുവിന്റെ സംസ്കാരച്ചടങ്ങിനിടെ  പൊട്ടിക്കരയുന്ന മക്കളായ നിരുപമയും നിരഞ്ജനയുംചിത്രം:മനോരമ
നവീൻ ബാബുവിന്റെ സംസ്കാരച്ചടങ്ങിനിടെ പൊട്ടിക്കരയുന്ന മക്കളായ നിരുപമയും നിരഞ്ജനയുംചിത്രം:മനോരമ

ആരോടും മുഖംകറുപ്പിക്കാത്ത വ്യക്തി: ദിവ്യ എസ്.അയ്യർ 
എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ച വേദിയിൽ കരച്ചിലടക്കാൻ പ്രയാസപ്പെടുകയായിരുന്നു മുൻ കലക്ടർ ദിവ്യ എസ്.അയ്യർ.മന്ത്രിമാരായ കെ.രാജനും, വീണാ ജോർജുമാണ് ദിവ്യയെ ആശ്വസിപ്പിച്ചത്.ആരോപണങ്ങൾ വിശ്വസിക്കാൻ കഴിയുന്നില്ല, നവീൻ ഒരു പാവത്താനാണെന്നും ദിവ്യ പറഞ്ഞു. ജോലി ചെയ്യുന്നതിൽ ആത്മാർഥതയുള്ള മനുഷ്യനായിരുന്നു. ഒരു മനുഷ്യനെപ്പോലും കുത്തി നോവിക്കാത്ത ഒരാളോടും മുഖം കറുപ്പിക്കാത്ത വ്യക്തിയായിരുന്നു നവീൻ ബാബു. അദ്ദേഹത്തിന് ഡപ്യൂട്ടി കലക്ടറായി സ്ഥാനക്കയറ്റം കിട്ടിയപ്പോഴാണ് അവസാനമായി കണ്ടത്.അന്ന് ചേംബറിലെത്തി കണ്ടു. ഫോട്ടോയെടുത്തു. വീണ്ടും ഇവിടെ ഇങ്ങനെ കാണേണ്ടി വരുന്നത് സഹിക്കാനാകുന്നില്ലെന്നും ദിവ്യ എസ്.അയ്യർ പറഞ്ഞു.

വിട നൽകി..
മന്ത്രിമാരായ കെ.രാജൻ, വീണാ ജോർജ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എംഎൽഎമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ്കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, കലക്ടർമാരായ എസ്.പ്രേം കൃഷ്ണൻ, എൻ.എസ്.കെ.ഉമേഷ്, വി.വിഘ്നേശ്വരി, സബ് കലക്ടർ സുമിത്ത് കുമാർ ഠാക്കൂർ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ്കുമാർ, കോൺഗ്രസ് നേതാക്കളായ പി.ജെ.കുര്യൻ, കെ.മുരളീധരൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ, പഴകുളം മധു, കെപിസിസി സെക്രട്ടറി സുനിൽ പി.ഉമ്മൻ, ഡിസിസി സെക്രട്ടറി ജോൺസൺ വിളവിനാൽ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, മുസ്‌ലിം ലീഗ് നേതാക്കളായ ടി.എം.ഹമീദ്, സമദ് മേപ്രത്ത്, അൻസലാഹ് മുഹമ്മദ്, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി, കേരള കോൺഗ്രസ് സീനിയർ സെക്രട്ടറി കുഞ്ഞുകോശി പോൾ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പദ്മകുമാർ, പി.ജെ.അജയകുമാർ, കെ.സനൽകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു, ജില്ലാ പഞ്ചായത്തംഗം ഓമല്ലൂർ ശങ്കരൻ, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ജി.രതീഷ്, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജില്ലാ സംഘടനകാര്യ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, വനംവികസന കോർപറേഷൻ എംഡി ലതികാ സുഭാഷ്, ബിജെപി നേതാക്കളായ ബി.രാധാകൃഷ്ണ മേനോൻ, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, എൻഎസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അൻസിൽ സക്കറിയാ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ, സർവീസ് സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ കലക്ടറേറ്റിലും വീട്ടിലുമായി ആദരാഞ്ജലികളർപ്പിച്ചു. കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ആന്റോ ആന്റണി എംപി, വി.ശിവദാസൻ എംപി, കെ.കെ.ശൈലജ എംഎൽഎ തുടങ്ങിയവർ നവീന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.

നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിൽ കെ.മുരളീധരൻ  അന്തിമോപചാരം അർപ്പിക്കുന്നു.
നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിൽ കെ.മുരളീധരൻ അന്തിമോപചാരം അർപ്പിക്കുന്നു.

എഡിഎമ്മിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി
പത്തനംതിട്ട ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ കെ.പ്രവീൺ ബാബു നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.തങ്ങളുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും മൊഴിയെടുപ്പ് ആദ്യഘട്ടം മാത്രമാണെന്നും അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കുമെന്നും സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. സംസ്കാര ദിനത്തിൽ തന്നെ പൊലീസ് എത്തുന്ന വിവരം ബന്ധുക്കളെ നേരത്തെ അറിയിച്ചിരുന്നില്ല.ഇന്നലെ രാവിലെയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ 2 അന്വേഷണ ഉദ്യോഗസ്ഥർ പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തിയത്.

പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നെന്ന് സഹോദരൻ പ്രവീൺ ബാബു പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി പൊതുവായ ചോദ്യങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ രാവിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി ഭാര്യ മഞ്ജുഷയോടും മക്കളോടും സംസാരിച്ചിരുന്നു.ഉച്ചയോടെ നവീൻ ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. ഇതോടെ മൊഴിയെടുപ്പ് പിന്നീടാകാമെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിൽ നിന്നു മടങ്ങി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പെട്രോൾ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട വ്യക്തിയുമായി ചേർന്ന ഗൂഡാലോചന നടത്തിയ കാര്യം അന്വേഷിക്കണമെന്നും സഹോദരൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

 നവീൻ ബാബുവിന്റെ സംസ്കാര സമയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ ജംക്‌ഷനിൽ പി.പി.ദിവ്യയുടെ കോലം കത്തിക്കുന്നു.
നവീൻ ബാബുവിന്റെ സംസ്കാര സമയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ ജംക്‌ഷനിൽ പി.പി.ദിവ്യയുടെ കോലം കത്തിക്കുന്നു.

പി.പി. ദിവ്യയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്
പത്തനംതിട്ട ∙ നവീൻ ബാബു മരിച്ച സംഭവത്തിൽ പി.പി.ദിവ്യയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. നവീൻ ബാബുവിന്റെ സംസ്കാര സമയത്ത് തന്നെ മലയാലപ്പുഴ ജംക്‌ഷനിൽ ദിവ്യയുടെ കോലം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. അനാഥരാക്കിയ 2 പെൺകുട്ടികളെയും ഭാര്യയോടും ആ സിപിഎം കുടുംബത്തോട് എന്തെങ്കിലും നീതി പുലർത്താൻ സാധിക്കുമെങ്കിൽ അത് പി.പി.ദിവ്യയെ രാജി വയ്പ്പിച്ച് കൊലക്കുറ്റത്തിന് തുറങ്കിലടയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ആവശ്യപ്പെട്ടു. പ്രകടനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജാസിംകുട്ടി, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബു വീരപ്പള്ളിൽ, വൈസ് പ്രസിഡന്റ് ടി.ജി.നിധിൻ, നേതാക്കളായ ബിബിൻ ബേബി, ചിത്ര രാമചന്ദ്രൻ, ആദർശ് സുധാകരൻ, റിജോ റോയ് തോപ്പിൽ, ആരോൺ ബിജിലി, ബിന്ദു ബിനു, മണ്ഡലം പ്രസിഡന്റുമാരായ അനിൽ ജോജി, ജോബിൻ തണ്ണിത്തോട്, ദിലീപ് മലയാലപ്പുഴ, സജി മുള്ളനിക്കാട് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

The community in Pathanamthitta gathered to bid farewell to Kannur ADM Naveen Babu, who was honored with a moving funeral in his hometown of Malayalapuzha. Known for his vital role during the Kerala floods and COVID-19 pandemic, Naveen Babu's legacy was celebrated by family and friends as his last rites were performed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com