ADVERTISEMENT

റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടം പെരുകുന്നു. വാഹനങ്ങളുടെ അമിത വേഗവും വാഹനമോടിക്കുന്നവർ ഉറങ്ങിപ്പോകുന്നതുമാണ് ദിവസമെന്നോണം അപകടങ്ങൾക്കിടയാക്കുന്നത്. പുനലൂർ–മൂവാറ്റുപുഴ പാത വീതി കൂട്ടി ഉന്നത നിലവാരത്തിൽ നിർമിച്ച ശേഷമാണ് അപകടങ്ങൾ വർധിച്ചത്. ഉതിമൂട് വെളിവയൽപടി–പ്ലാച്ചേരി വരെയാണ് അപകട മേഖല. ഇതിൽ‌ കൂടുതൽ അപകടങ്ങളും നടക്കുന്നത് വെളിവയൽപടി–ഉതിമൂട് വലിയകലുങ്ക് വരെയാണ്.ഒരു ദിവസം രണ്ടും മൂന്നും അപകടങ്ങൾ‌ വരെ സംഭവിച്ചിട്ടുണ്ട്. ഇവിടെ പാത നിരപ്പായി കിടക്കുകയാണ്. അതുകൊണ്ടു തന്നെ ഒട്ടുമിക്ക വാഹനങ്ങളും അമിത വേഗത്തിലാണ് യാത്ര. ഇത്തരം ഓട്ടത്തിനിടെ ഡ്രൈവറുടെ ശ്രദ്ധ തിരിയുകയോ കണ്ണടയുകയോ ചെയ്താൽ അപകടം ഉറപ്പ്. 

ഉതിമൂട്ടിലെ കെണി
ഉതിമൂട് ജംക്‌ഷനാണ് മറ്റൊരു അപകട മേഖല. കുമ്പളാംപൊയ്ക, പേരൂച്ചാൽ, റാന്നി, പത്തനംതിട്ട എന്നീ 4 റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനാണിത്. കുമ്പളാംപൊയ്ക റോഡിൽ നിന്ന് മൂവാറ്റുപുഴ പാതയിലേക്കിറങ്ങുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഇരുവശത്തു നിന്നുമെത്തുന്ന വാഹനങ്ങൾ കാണാനാകില്ല. പേരൂച്ചാൽ റോഡിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് റാന്നി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളും കാണാനാകില്ല. കെട്ടിടങ്ങൾ‌ മറയായി നിൽക്കുകയാണ്. മഞ്ഞ വരകളോടു കൂടിയ റംബിൾ സ്ട്രിപ്പുകളും ബ്ലിംഗർ ലൈറ്റുകളുമൊക്കെയുണ്ടെങ്കിലും വാഹന യാത്ര സുരക്ഷിതമല്ലാത്ത സ്ഥിതിയാണ്.റോഡ് സുരക്ഷാ അതോറിറ്റി ഇടപെട്ട് കുമ്പളാംപൊയ്ക, പേരൂച്ചാൽ റോഡുകൾക്കു മുന്നിൽ ഉന്മധ്യ കണ്ണാടി സ്ഥാപിക്കണം. ഈ 2 റോഡുകളിലും ബ്ലിംഗർ ലൈറ്റുകളും വേണം. 

കെണി മന്ദമരുതിയിലും
മന്ദമരുതി ജംക്‌ഷനാണ് മറ്റൊരു അപകട മേഖല. മക്കപ്പുഴ ഗേറ്റ് മുതൽ മന്ദമരുതി ജംക്‌ഷൻ വരെ റോഡ് നിരപ്പായി കിടക്കുകയാണ്. ഇവിടെയും വേഗത്തിലാണ് വാഹനങ്ങളുടെ പാച്ചിൽ. കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്നതും ഭയന്നാണ്.വെച്ചൂച്ചിറ റോഡിലേക്കു വാഹനങ്ങൾ തിരിയുമ്പോഴും വെച്ചൂച്ചിറ റോഡിൽ നിന്ന് മൂവാറ്റുപുഴ പാതയിലേക്കിറങ്ങുമ്പോഴും ശ്രദ്ധ തിരിഞ്ഞാൽ അപകടം നടക്കും. അലക്ഷ്യമായ ഡ്രൈവിങ്ങും ഇവിടെ വില്ലനാകുന്നുണ്ട്. രാത്രിയും പകലും അപകടങ്ങൾ വർധിക്കുന്നത് ഇതുമൂലാണ്. 

കവലകളിലും സുരക്ഷയില്ല
പുനലൂർ–മൂവാറ്റുപുഴ പാതയിൽ പ്ലാച്ചേരി, മക്കപ്പുഴ ഗേറ്റ്, മക്കപ്പുഴ സ്കൂൾ ജംക്‌ഷൻ, മന്ദമരുതി ആശുപത്രിപ്പടി, മന്ദമരുതി, ചെല്ലക്കാട്, മാടത്തുംപടി, എസ്‌സിപടി, ചെത്തോങ്കര, വലിയപറമ്പിൽപടി, മിനർവപടി, മൂഴിക്കൽ ജംക്‌ഷൻ, കാവുങ്കൽപടി, മാമുക്ക്, പെരുമ്പുഴ ജംക്‌ഷൻ, ബ്ലോക്കുപടി, കുത്തുകല്ലുങ്കൽപടി, മന്ദിരം, വാളിപ്ലാക്കൽ, വലിയകലുങ്ക്, ഡിപ്പോപടി, ഉതിമൂട് എന്നിവിടങ്ങളിൽ ചെറുതും വലുതുമായ കവലകളുണ്ട്. ഇത്തരം ഭാഗങ്ങളിലൊന്നും മതിയായ സുരക്ഷയൊരുക്കിയിട്ടില്ല. 

ട്രാഫിക് സിഗ്നലുകളില്ല
പുനലൂർ–മൂവാറ്റുപുഴ പാതയുടെ ഇരുവശങ്ങളിലുമുള്ള സ്കൂളുകൾക്കു മുന്നിലും കവലകളിലും ടൗണുകളിലും സീബ്രാ ലൈനുകൾ വരച്ചിട്ടുണ്ട്. ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ അടക്കം മിക്കയിടത്തെയും വെള്ള വരകൾ മാഞ്ഞിരിക്കുകയാണ്. അവ പുനരുദ്ധരിച്ചിട്ടില്ല.സീബ്രാ ലൈനുകളുടെ ഇരുവശത്തും 50 മീറ്റർ പരിധിക്കുള്ളിൽ ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകാൻ അടയാളം സ്ഥാപിക്കണമെന്നാണു വ്യവസ്ഥ. എന്നാൽ കോന്നി–പ്ലാച്ചേരി പാതയിൽ ട്രാഫിക് സിഗ്നലുകളില്ല. ഇതുമൂലം വേഗത്തിലെത്തുന്ന വാഹനങ്ങൾക്കു മുന്നിൽ നിന്ന് കാൽനടക്കാർ ഓടി മാറുകയാണ്.ശബരിമല തീർഥാടനം ആരംഭിക്കും മുൻപ് ഇതിനെല്ലാം പരിഹാരമുണ്ടായില്ലെങ്കിൽ അപകടങ്ങളുടെ എണ്ണം ഇനിയും വർധിക്കും.

English Summary:

The Ranni Punalur-Moovatupuzha state highway has become increasingly dangerous, with frequent accidents due to excessive speed and driver distraction. Following its widening, the stretch between Veliwayalpadi and Placheri is particularly prone to mishaps, raising concerns about road safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com