ചെത്തോങ്കര–അത്തിക്കയം ശബരിമല പാത; ഇഴഞ്ഞും മുടങ്ങിയും വികസനം
Mail This Article
കരികുളം ∙ ഇഴഞ്ഞും മുടങ്ങിയും ചെത്തോങ്കര–അത്തിക്കയം ശബരിമല പാത വികസനം. തീർഥാടനത്തിനു മുൻപ് പാതയുടെ നിർമാണം പൂർത്തിയാകുമോയെന്ന് ഉറപ്പില്ലാത്ത സ്ഥിതി.ചെത്തോങ്കര–അത്തിക്കയം പാത വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്ന പണികളാണു നടക്കുന്നത്. ഇതോടൊപ്പം വെള്ളക്കെട്ടുള്ള ഭാഗങ്ങളിലും വശങ്ങളിലും പൂട്ടുകട്ടകൾ പാകുന്ന പണികളും നടക്കുന്നുണ്ട്. 10–12 മീറ്റർ വരെ വീതിയിലാണ് നവീകരണം. 3 വർഷം മുൻപ് ബിഎം ബിസി നിലവാരത്തിൽ പാത ടാറിങ് നടത്തിയിരുന്നെങ്കിലും വീതി കൂട്ടിയിരുന്നില്ല. ഫണ്ടിന്റെ കുറവായിരുന്നു തടസ്സം. 6 കോടിയോളം രൂപ ചെലവഴിച്ചാണ് ഇപ്പോൾ പുനരുദ്ധാരണം നടത്തുന്നത്.പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ വീതി കൂട്ടുന്നതിന് സൗജന്യമായിട്ടാണ് ഭൂമി വിട്ടു നൽകുന്നത്. കയ്യാലകൾ, മതിലുകൾ, ഇറക്കുകൾ എന്നിവ പൊളിച്ചാണ് വീതിക്കുള്ള സ്ഥലം നൽകിയത്. അവയെല്ലാം പിഡബ്ല്യുഡിയുടെ ചെലവിൽ പുനർ നിർമിച്ചു നൽകുന്നുണ്ട്.
കരികുളം വനത്തിൽ അപകട ഭീഷണിയായി നിന്നിരുന്ന മരങ്ങളും വീതി കൂട്ടുന്നതിനായി മുറിച്ചു നീക്കിയിരുന്നു.തുടക്കം മുതൽ ഒടുക്കം വരെ തുടർച്ചയായിട്ടല്ല പണി നടത്തുന്നത്. ഓരോ ഭാഗങ്ങളിൽ നടത്തുകയാണ്. ചെത്തോങ്കരയ്ക്കും അഞ്ചുകുഴിക്കും ഇടയിൽ പൂട്ടുകട്ട പാകുന്ന പണികളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. അതു പൂർത്തിയായിട്ടില്ല. അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിനു മുന്നിൽ കുറെ ഭാഗത്ത് കട്ട പാകിയിരുന്നു. ഒരാഴ്ചയായി പണി നടക്കുന്നില്ല. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾക്ക് വശം കൊടുക്കാൻ ഇടമില്ലാത്ത സ്ഥിതിയാണ്. ചെത്തോങ്കര തടിമില്ലിനു മുന്നിൽ വെട്ടിപ്പൊളിച്ചിട്ടിട്ടും പണി നടത്തിയിട്ടില്ല. ഇതേ സ്ഥിതി തുടർന്നാൽ തീർഥാടനമെത്തിയാലും പണി തീരില്ല.