വണ്ടിയില്ലാ ഗ്രാമങ്ങൾ; റോഡ് നന്നാക്കിയിട്ടും ബസ് ഇല്ലാത്ത അയിരൂരും കാഞ്ഞീറ്റുകരയും കുറിയന്നൂരും
Mail This Article
അയിരൂർ ∙ കുമ്പനാട് മുട്ടുമൺ–ചെറുകോൽപുഴ റോഡ് കോടികൾ മുടക്കി ബിഎം ബിസി നിലവാരത്തിൽ നവീകരിച്ചിട്ടും ബസ് സർവീസുകൾക്കായി കാത്തിരിപ്പ് നീളുന്നു. മെച്ചപ്പെട്ട റോഡിലൂടെ ബസ് സർവീസുകൾ തുടങ്ങാൻ കഴിയാത്തത് കുറിയന്നൂർ, അയിരൂർ, തടിയൂർ, അരുവിക്കുഴി, ചരൽക്കുന്ന്, പ്രദേശത്തെ സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലയ്ക്കുന്നു. പതിറ്റാണ്ടുകൾക്ക് മുൻപുവരെ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ ഒരു ഡസനോളം ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് 2 ബസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതും ചെറുകോൽപുഴയിൽ എത്താതെ കാഞ്ഞീറ്റുകരയിൽനിന്ന് തടിയൂരിലേക്ക് സർവീസ് നടത്തുന്നത്. പന്തളം–കാഞ്ഞീറ്റുകര–തടിയൂർ റൂട്ടിലോടുന്ന 2 സ്വകാര്യ ബസുകളാണ് ഇപ്പോൾ നാട്ടുകാരുടെ ഏക ആശ്രയം. കാഞ്ഞീറ്റുകര വഴി തടിയൂരിലേക്ക് സർവീസ് നടത്തുന്നതിനാണ് അനുമതിയുള്ളത്. രാവിലെ 9.15 കഴിഞ്ഞാൽ വൈകിട്ട് 4.45 വരെ കാത്തിരുന്നാൽ മാത്രമേ ഇരുദിശകളിലേക്കും ബസിൽ സഞ്ചരിക്കാൻ കഴിയൂ. രാവിലെ 7.45നും 8.45നും തടിയൂരിലേക്കും 8.15നും 9.15നും കോഴഞ്ചേരിയിലേക്കുമാണ് സർവീസ്. വൈകിട്ട് 4.45ന് തടിയൂരിനും തിരികെ 5.15നു കോഴഞ്ചേരിയ്ക്കുമാണ് സ്വകാര്യ ബസ് സർവീസ് നടത്തുന്നത്. പുലർച്ചെ 5.30ന് റാന്നിയിൽനിന്ന് ചെറുകോൽപുഴ–തോണിപ്പുഴ വഴി തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ ഉണ്ടെങ്കിലും സ്കൂൾ, കോളജ് വിദ്യാർഥികളുടെ യാത്രയ്ക്കു പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.
രാത്രി 8.30ന് ആണ് ഇതേ റൂട്ടിലൂടെ ഫാസ്റ്റ് പാസഞ്ചർ ബസ് എത്തുന്നത്. റാന്നി–ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ, റാന്നി–ചെങ്ങന്നൂർ–വെള്ളക്കിണർ, റാന്നി–മുളക്കുഴ–ചെങ്ങന്നൂർ, നാക്കട എന്നിവിടങ്ങളിലേക്കു കെഎസ്ആർടിസി സർവീസുകളും റാന്നി–തിരുവല്ല റൂട്ടിൽ 9 സ്വകാര്യ ബസുകളും പതിറ്റാണ്ടുകളായി ഓടിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ വർഷങ്ങളായി ബസ് സർവീസുകളുടെ കുറവ് നേരിടുന്നത്. ചെറുകോൽപുഴ പാലം നിർമിച്ചതോടെയാണ് കാഞ്ഞീറ്റുകരയും സമീപപ്രദേശങ്ങളും ഒറ്റപ്പെട്ടത്. കാഞ്ഞീറ്റുകര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തുന്നവർക്കും ബസ് സർവീസുകളുടെ കുറവ് ദുരിതമാണ് സമ്മാനിക്കുന്നത്. അയിരൂർ പഞ്ചായത്തിലെ ജില്ലാ ആയുർവേദ ആശുപത്രി, ഇടപ്പാവൂർ ഹോമിയോ ആശുപത്രി, തേക്കുങ്കൽ മൃഗാശുപത്രി എന്നിവിടങ്ങളിൽ ആവശ്യവുമായി എത്തണമെങ്കിൽ ഓട്ടോറിക്ഷകളെയോ, മറ്റു മാർഗങ്ങളോ ആശ്രയിക്കണം. കോഴഞ്ചേരിയിൽനിന്ന് തോണിപ്പുഴ, മാതിരംപള്ളി, പുളിമുക്ക്, അരുവിക്കുഴി വഴി തടിയൂരിന് ഒരു സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ടെങ്കിലും പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ പര്യാപ്തമല്ല. രാവിലെയും വൈകിട്ടും മാത്രമാണ് സർവീസുള്ളത്. ചെറുകോൽപുഴ–കുമ്പനാട് മുട്ടുമൺ റോഡിലൂടെ റാന്നി–തിരുവല്ല റൂട്ടിൽ ഒരു സ്വകാര്യ ബസ് 2 വർഷം മുൻപുവരെ സർവീസ് നടത്തിയിരുന്നു. താറുമാറായി കിടന്നിരുന്ന റോഡിന്റെ നവീകരണം വൈകിയതുമൂലം സർവീസ് നിർത്തിവയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് റോഡ് മെച്ചപ്പെടുത്തിയെങ്കിലും സർവീസ് പുനരാരംഭിച്ചില്ല.
പ്രതീക്ഷ പകർന്ന് ആർടിഒ യോഗം
യാത്രാസൗകര്യം കുറവുള്ള റൂട്ടുകളിൽ പുതിയ പെർമിറ്റ് അനുവദിക്കുന്നതിന് 24ന് ചേരുന്ന ആർടിഒ ബോർഡ് യോഗത്തിൽ കാഞ്ഞീറ്റുകര ഉൾപ്പെടെയുള്ള ഗ്രാമീണ മേഖലകളിൽകൂടി ബസ് തുടങ്ങുന്നതിനുള്ള നടപടിയെടുത്ത് യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.