ADVERTISEMENT

സീതത്തോട്∙വനം വകുപ്പും ജനകീയ സമിതിയും ഒരുക്കിയ പ്രതിരോധങ്ങളെ പ്രതിരോധിച്ചു കാട്ടാനകൾ വീണ്ടും നാട്ടിലെത്തിയതോടെ വനംവകുപ്പിനെതിരെ സ്ഥലവാസികളുടെ പ്രതിഷേധം. കക്കാട്ടാറിനു സമീപം ഉണ്ടായിരുന്ന വനപാലകരെ  തടഞ്ഞ് വച്ചെങ്കിലും പിന്നീട് പ്രതിഷേധക്കാർ സ്വയം പിൻമാറി.  

ഇന്നലെ വൈകിട്ടും ഊരാമ്പാറയിലും ആനത്താരകളിലും സംഘടിച്ച് രാത്രി വൈകിയും നാട്ടുകാരുടെ കാവൽ തുടരുന്നു.രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽപെട്ട അള്ളുങ്കൽ വനത്തിൽ നിന്നു രണ്ട് കൊമ്പൻമാർ പതിവായി കാടിറങ്ങാൻ തുടങ്ങിയിട്ട് ഒന്നര മാസം പിന്നിട്ടു. അള്ളുങ്കൽ ഇഡിസിഎൽ ജല വൈദ്യുത പദ്ധതിക്കു സമീപത്തു കൂടിയാണിവ എത്തുന്നത്. ഊരാമ്പാറയ്ക്കു സമീപം സീതത്തോട്–ചിറ്റാർ റോഡ് മുറിച്ച് കടന്ന് രാത്രി പോകുന്ന കാട്ടാനകൾ നേരം പുലരുമ്പോൾ മടങ്ങുകയാണു പതിവ്.

കാട്ടാനകളുടെ സാന്നിധ്യം പതിവായതോടെ സ്ഥലവാസികൾ ജനകീയ സമിതി രൂപീകരിച്ചു. ഇതിനിടെ രണ്ട് ബൈക്ക് യാത്രക്കാർ ആനകളുടെ മുൻപിൽ നിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്.  ഇതോടെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ ധർണ നടത്തി. ആനത്താരകളിൽ സൗരോർജ വേലി സ്ഥാപിക്കാനുള്ള തീരുമാനം എടുക്കുകയും കഴിഞ്ഞ ദിവസം ആനകളെ ഉൾവനത്തിലേക്കു തുരത്തുകയും ചെയ്തിരുന്നു. 

ആന ഇറങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആഴി കൂട്ടിയും കടുവയുടെ ശബ്ദം പുറപ്പെടുവിച്ചുമൊക്കെ ഇവയുടെ വരവ് തടയാനുള്ള ശ്രമം നടക്കുന്നതിനിടെ ഞായറാഴ്ച രാത്രി ആനകളെത്തിയത്. 

ആനകൾ റോഡിലേക്കെത്തിയപ്പോൾ ഈ സമയം സ്ഥലത്ത് തടിച്ചുകൂടിയവർ തന്നെ ഗതാഗതം നിയന്ത്രിച്ച് ആനകൾക്കു സുരക്ഷിത പാത ഒരുക്കി.ആനകൾക്കു പിന്നാലെ ചെന്ന പ്രതിഷേധക്കാർ അള്ളുങ്കൽ പദ്ധതിക്കു സമീപം നിൽക്കുകയായിരുന്ന വനപാലകർക്കു നേർക്ക് തിരിഞ്ഞു. 

ബഹളമായതോടെ ചിറ്റാർ പൊലീസും എത്തി. ആനകളെ കാട്ടിലേക്കു തുരത്തുന്നതു സംബന്ധിച്ച് തീരുമാനം ആയശേഷം വനപാലകർ പോയാൽ മതിയെന്ന നിലപാടിൽ പ്രതിഷേധക്കാർ വനംവകുപ്പുദ്യോഗസ്ഥരെ തടയുകയായിരുന്നു.

അതേസമയം, ആന കക്കാട്ടാറ്റിൽ നിന്നു കരയിലേക്കു കയറാതിരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നേരം പുലരുവോളം ചെയ്തതായി വനപാലകർ പറഞ്ഞു. 

ആന തോട്ടത്തിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ വനപാലകർ സ്ഥലത്ത് എത്തിയെന്നും കൂടുതൽ വനപാലകരെ എത്തിച്ച് ആറ്റു തീരത്തു കാവൽ ശക്തമാക്കിയതായും ചിറ്റാർ ഡപ്യൂട്ടി റേഞ്ചർ അഭിലാഷ് പറഞ്ഞു.

English Summary:

Tensions rise in Seethathode village as wild elephants defy defenses and return, prompting residents to protest against the Forest Department. Despite efforts like solar fences and trenches, the elephants persist, raising concerns for safety and highlighting the urgent need for effective solutions to human-elephant conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com